ബോണ്ട് കാർ, ലേലത്തിൽ ലഭിച്ചത് 45 കോടി രൂപ
മൂന്നര പതിറ്റാണ്ടു മുമ്പ് ജയിംസ് ബോണ്ടിന്റെ വാഹനമായിരുന്ന ആസ്റ്റൻ മാർട്ടിൻ ഡി ബി ഫൈവ് കാറിനു ലേലത്തിൽ കൈവന്നതു റെക്കോഡ് മൂല്യം. ബോണ്ട് കാർ എന്നറിയപ്പെടുന്ന 1965 മോഡൽ ഡിബി ഫൈവിനാണു ലണ്ടനിലെ ആർ എം സോത്ത്ബീസ് സംഘടിപ്പിച്ച ലേലത്തിൽ 63.85 ലക്ഷം ഡോളർ(ഏകദേശം 45.37 കോടി രൂപ) വില ലഭിച്ചത്.
മൂന്നര പതിറ്റാണ്ടു മുമ്പ് ജയിംസ് ബോണ്ടിന്റെ വാഹനമായിരുന്ന ആസ്റ്റൻ മാർട്ടിൻ ഡി ബി ഫൈവ് കാറിനു ലേലത്തിൽ കൈവന്നതു റെക്കോഡ് മൂല്യം. ബോണ്ട് കാർ എന്നറിയപ്പെടുന്ന 1965 മോഡൽ ഡിബി ഫൈവിനാണു ലണ്ടനിലെ ആർ എം സോത്ത്ബീസ് സംഘടിപ്പിച്ച ലേലത്തിൽ 63.85 ലക്ഷം ഡോളർ(ഏകദേശം 45.37 കോടി രൂപ) വില ലഭിച്ചത്. വിന്റേജ് കാറുകളുടെ ലേല വിലയിലെ നിലവിലുണ്ടായിരുന്ന റെക്കോർഡിനെ അപേക്ഷിച്ച് 20 ലക്ഷത്തോളം ഡോളർ(ഏകദേശം 14.21 കോടി രൂപ) അധികമാണിത്. ഇതോടെ ലേലത്തിൽ വിറ്റു പോയ ഏറ്റവും മൂല്യമേറിയ കാർ എന്ന ബഹുമതിയും ബ്രിട്ടിഷ് സ്പോർട്സ് കാർ നിർമാതാക്കളായ ആസ്റ്റൻ മാർട്ടിൻ സാക്ഷാത്കരിച്ച ഈ ഡിബി ഫൈവ് സ്വന്തമാക്കി.
ജയിംസ് ബോണ്ട് ചിത്രമായ ഗോൾഡ് ഫിംഗറിലും തണ്ടർബോളിന്റെ പ്രചാരണത്തിലും ഉപയോഗിച്ച ഡിബി ഫൈവിനെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ കാർ എന്നാണു വാഴ്ത്തപ്പെടുന്നത്. ഡിബി ഫൈവ്/2008/ആർ എന്ന ഷാസി നമ്പറുള്ള ഈ കാർ ഗോൾഡ് ഫിംഗറിൽ ജയിംസ് ബോണ്ട് ഉപയോഗിച്ച കാറുകളിൽ അവശേഷിക്കുന്ന മൂന്നെണ്ണത്തിൽ ഒന്നാണ്.
ചിത്രത്തിന്റെ നിർമാതാക്കളായ ഇയോൺ പ്രൊഡക്ഷൻസിന്റെ നിർദേശം പാലിച്ചായിരുന്നു ഈ ‘ഡി ബി ഫൈവ്’ ആസ്റ്റൻ മാർട്ടിൻ സാക്ഷാത്കരിച്ചത്; ഒപ്പം ബോണ്ട് ജോലി നോക്കുന്ന സാങ്കൽപ്പിക രഹസ്യാന്വേഷണ വിഭാഗമായ ‘എം ഐ സിക്സ് ക്യു ബ്രാഞ്ചി’ന്റെ മാനദണ്ഡ പ്രകാരമുള്ള സൗകര്യങ്ങളും സംവിധാനങ്ങളും കാറിൽ സജ്ജീകരിച്ചിരുന്നു. ചിത്രത്തിൽ ഉപയോഗിക്കുമ്പോൾ കാറിലുണ്ടായിരുന്ന 13 സവിശേഷതകളും ഈ ‘ഡി ബി ഫൈവി’ൽ പുനഃസൃഷ്ടിച്ചിട്ടുണ്ട്. ഓസ്കർ അവാർഡ് ജേതാവായ സ്പെഷൽ ഇഫക്ട്സ് വിദഗ്ധൻ ജോൺ സ്റ്റിയേഴ്സ് വിഭാവന ചെയ്ത പരിഷ്കാരങ്ങളെല്ലാമായാണ് ഈ 1965 മോഡൽ ‘ഡി ബി ഫൈവ്’ ലേല വേദിയിലെത്തിയത്.
ക്യു ബ്രാഞ്ചിന്റെ അന്വേഷകനായി യന്ത്രത്തോക്കുകൾ, ബുള്ളറ്റ് പ്രൂഫ് ഷീൽഡ്, ട്രാക്കിങ് സംവിധാനം, കറങ്ങിത്തിരിയുന്ന നമ്പർ പ്ലേറ്റ്, ഒഴിവാക്കാവുന്ന റൂഫ് പാനൽ, റോഡിൽ തെന്നൽ സൃഷ്ടിക്കാൻ പ്രാപ്തിയുള്ള ഓയിൽ സ്ലിക്ക് സ്പ്രെയർ, എതിരാളികളുടെ വാഹനത്തിന്റെ ടയർ പഞ്ചറാക്കാനായി ആണി വിതറുന്ന നെയിൽ സ്പ്രെഡർ, ഒളിമറ സൃഷ്ടിക്കുന്ന സ്മോക്ക് സ്ക്രീൻ എന്നിവയൊക്കെ ഈ കാറിൽ സജ്ജമാക്കിയിരുന്നു. ഈ സംവിധാനങ്ങളെല്ലാം നിയന്ത്രിക്കുന്നതാവട്ടെ മുൻസീറ്റിന്റെ മധ്യത്തിലെ ആംറസ്റ്റിൽ ഘടിപ്പിച്ച സ്വിച്ചുകൾ മുഖേനയും. സ്വിറ്റ്സർലൻഡിലെ റൂസ് എൻജിനീയറിങ് പുനഃസൃഷ്ടിച്ച ‘ബോണ്ട് കാറി’ലെ സവിശേഷതകളെല്ലാം ലേല വേദിയിൽ പ്രദർശിപ്പിച്ചിരുന്നു. വിൽപ്പനയ്ക്കു മുമ്പുള്ള പ്രദർശന ഘട്ടത്തിൽ തന്നെ സവിശേഷ ശ്രദ്ധ നേടിയ കാർ സ്വന്തമാക്കാനായി ആറു പേരായിരുന്നു നേരിട്ടും ഫോൺ മുഖേനയും വാശിയേറിയ ലേലത്തിൽ പങ്കെടുത്തത്.
What's Your Reaction?