ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹനം; ഫോഴ്‌സ് സിറ്റിലൈൻ 10 സീറ്റർ എസ്‌യുവി

Apr 5, 2023 - 17:44
 0
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹനം; ഫോഴ്‌സ് സിറ്റിലൈൻ 10 സീറ്റർ എസ്‌യുവി

പൂനെ ആസ്ഥാനമായുള്ള ആഭ്യന്തര കാര്‍ നിര്‍മ്മാതാക്കളായ ഫോഴ്‌സ് മോട്ടോഴ്‌സ് അടുത്തിടെ ഇന്ത്യയിലെ ആദ്യത്തെ 10 സീറ്റര്‍ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ (എംയുവി) സിറ്റിലൈന്‍ 2023 അവതരിപ്പിച്ചു. കമ്പനിയുടെ ഫോഴ്സ് ട്രാക്സ് ക്രൂയിസറിന്റെ പുതുക്കിയ പതിപ്പാണ് പുതുതായി പുറത്തിറക്കിയ വേരിയന്റ്. 13.32 മുതല്‍ 14.95 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില.

കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ദീര്‍ഘദൂര യാത്രകള്‍ക്ക് സിറ്റിലൈന്‍ അനുയോജ്യമാണെന്ന് ഫോഴ്‌സ് മോട്ടോഴ്‌സ് അവകാശപ്പെടുന്നു. ദീര്‍ഘദൂര യാത്രകളില്‍ ആളുകള്‍ക്ക് യാതൊരു അസ്വസ്ഥതയുമില്ലാതെ യാത്രകള്‍ ആസ്വദിക്കാന്‍ കഴിയുന്ന വിധത്തില്‍ ഫോര്‍വേഡ് ഫേസിംഗ് സീറ്റ് കോണ്‍ഫിഗറേഷനോടുകൂടിയാണ് സിറ്റിലൈന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

അത്യാധുനിക സാങ്കേതികവിദ്യയോട് കൂടിയാണ് ഫോഴ്സ് സിറ്റിലൈന്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. 1818 എംഎം വീതിയും 5120 എംഎം നീളവും 2027 എംഎം ഉയരവും 3050 എംഎം വീല്‍ബേസും ഈ വാഹനത്തിനുണ്ട്. 90 കളിലെ റോഡ് കിംഗ് ടാറ്റ സുമോയോട് സാമ്യമുള്ളതാണ് എംയുവിയുടെ രൂപകല്‍പ്പന. ഹാലൊജന്‍ ബള്‍ബുകള്‍ ഘടിപ്പിച്ച പരമ്പരാഗത ഫ്രണ്ട് ലൈറ്റും വാഹനത്തിന്റെ പ്രത്യേകതയാണ്. ഒരൊറ്റ വാഷറോട് കൂടിയ വലിയ ബോണറ്റും എംയുവിയുടെ സവിശേഷതയാണ്.

ശക്തമായ ഡ്യുവല്‍ എയര്‍ കണ്ടീഷനിംഗ്, സെന്‍ട്രല്‍ ലോക്കിംഗ് പവര്‍ വിന്‍ഡോകള്‍, ഒന്നിലധികം യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ബോട്ടില്‍ ഹോള്‍ഡറുകള്‍, ചെറിയ യാത്ര ചെയ്യുമ്പോള്‍ ലഗേജുകള്‍ ഉള്‍ക്കൊള്ളുന്ന മടക്കാവുന്ന തരത്തിലുള്ള അവസാന നിരയിലെ സീറ്റ് തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന നിരവധി സവിശേഷതകളുമായാണ് വാഹനം എത്തുന്നത്.

ഇതുകൂടാതെ, യാത്രക്കാര്‍ക്ക് വാഹനത്തിനുള്ളിലേക്ക് സുഖകരമായിപ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യാം. ഇതിന് അനുവദിക്കുന്ന വിശാലമായ ഫുട് ബോര്‍ഡാണ് നല്‍കിയിരിക്കുന്നത്. വലിയ പിന്‍ വാതിലിനൊപ്പം, ഒരു സ്‌പെയര്‍ വീലും കമ്പനി നല്‍കുന്നുണ്ട്.

91 ഹോഴ്സ്പവറും 1400-നും 2400 ആര്‍പിഎമ്മിനും ഇടയില്‍ പരമാവധി 250 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന മെഴ്സിഡസില്‍ നിന്നുള്ള എഫ്എം 2.6 കോമണ്‍ റെയില്‍ ഡീസല്‍ എഞ്ചിനുമായാണ് സിറ്റിലൈന്‍ വിപണിയില്‍ എത്തുന്നത്. മുന്നിലും പിന്നിലും സിറ്റിലൈന്‍ ബ്രാന്‍ഡിംഗ് ഉള്ള പുതുക്കിയ ഫ്രണ്ട് ഗ്രില്‍, പുതിയ ചാര്‍ക്കോള്‍ ഗ്രേ കണ്‍സോള്‍, ഇതിനോട് പൊരുത്തപ്പെടുന്ന അപ്‌ഹോള്‍സ്റ്ററി എന്നിവ സിറ്റിലൈനെ വിപണിയിലെ മികച്ച ഉല്‍പ്പന്നമാക്കി മാറ്റുമെന്ന് വിദഗ്ധർ പറയുന്നു.

ഒരു വലിയ കുടുംബത്തിന് ഒന്നിച്ച് യാത്ര ചെയ്യാന്‍ തെരഞ്ഞടുക്കാവുന്ന വാഹനമാണ് സിറ്റിലൈന്‍ 2023.16.5 ലക്ഷം രൂപയ്ക്കിടയിലാണ് (എക്സ്ഷോറൂം) 10 സീറ്ററുള്ള ഈ വാഹനത്തിന്റെ പ്രാരംഭ വില. വാഹനത്തിന് ഇതുവരെ വിപണിയില്‍ നേരിട്ടുള്ള എതിരാളികളില്ല. പക്ഷേ, 8 സീറ്റിംഗ് കപ്പാസിറ്റിയുള്ള ടൊയോട്ടയുടെ ഹോട്ട് സെല്ലിംഗ് ഉല്‍പ്പന്നങ്ങളിലൊന്നായ ഇന്നോവ ക്രിസ്റ്റയ്ക്ക് ഇത് തീര്‍ച്ചയായും ഒരു എതിരാളിയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow