Suella Braverman | കുടിയേറ്റ വിഷയത്തിലെ കടുത്ത നിലപാട്; രാജിവെച്ച സുവെല്ല ബ്രേവര്‍മാൻ ഋഷി സുനക് മന്ത്രിസഭയില്‍ വീണ്ടും ആഭ്യന്തരമന്ത്രി
ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെടാന്‍ ആശങ്കയുണ്ടെന്നും ഇത് കൂടുതല്‍ കുടിയേറ്റത്തിലേയ്ക്ക് വഴിതെളിക്കുമെന്നുമാണ് ഒരു അഭിമുഖത്തില്‍ ഇന്ത്യന്‍ വംശജ കൂടിയായ സുവെല്ല ബ്രേവര്‍മാന്‍ വ്യക്തമാക്കിയത്.
ബ്രിട്ടനിൽ പ്രധാനമന്ത്രിയായി അധികാരമേറ്റത്തിന് പിന്നാലെ മന്ത്രിസഭയിൽ വൻ അഴിച്ചുപണികൾ നടത്തിയിരിക്കുകയാണ് ഋഷി സുനക്. കഴിഞ്ഞയാഴ്ച ലിസ് ട്രസ് മന്ത്രിസഭയിൽ നിന്ന് രാജിവച്ച ഇന്ത്യൻ വംശജയായ കൺസർവേറ്റീവ് എംപി സുവെല്ല ബ്രേവർമാനെ യുകെ ആഭ്യന്തര മന്ത്രിയായി സുനക് ക്യാബിനറ്റിൽ തിരിച്ചെത്തിച്ചു. സുവെല്ല ബ്രാവർമാൻ ട്രസ് സർക്കാരിന്റെ കീഴിൽ 43 ദിവസങ്ങൾ മാത്രമാണ് ആഭ്യന്തരമന്ത്രിയായി പ്രവർത്തിച്ചത്.
ഒക്‌ടോബര്‍ 19 നാണ് സുവെല്ല ലിസ് മന്ത്രിസഭയില്‍ നിന്നും രാജിവച്ചത്. ലണ്ടനിലെ മന്ത്രിമാരുടെ ആശയവിനിമയത്തിന് സ്വകാര്യ മെയിലില്‍ നിന്ന് പാര്‍ലമെന്ററി സഹപ്രവര്‍ത്തകന് ഔദ്യോഗിക രേഖ അയച്ച് നിയമലംഘനം നടത്തിയതിനെ തുടര്‍ന്നാണ് ട്രസ് മന്ത്രിസഭയിൽ നിന്ന് സുവെല്ല ബ്രെവര്‍മാന് രാജിവെയ്ക്കേണ്ടി വന്നത്. "ഞാൻ ഒരു തെറ്റ് ചെയ്തു; ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; ഞാൻ രാജിവെക്കുന്നു.".സർക്കാർ നിയമങ്ങളുടെ "സാങ്കേതിക ലംഘനം" എന്ന് തന്റെ നടപടിയെ പരാമർശിച്ചപ്പോൾ സുവെല്ല ബ്രാവർമാൻ രാജികത്തിൽ കുറിച്ചത് ഇങ്ങനെ ആണ്. രാജിവെച്ച് ആറു ദിവസം കഴിഞ്ഞാണ് ഋഷി സുനക് ആ കസേരയിലിരുന്ന ഗ്രാന്റ് ഷാപ്സിനെ മാറ്റി ബ്രേവര്‍മാനെ തന്നെ ആഭ്യന്തരമന്ത്രി സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നത്.
അതേസമയം ബ്രേവർമാന്റെ രാജിക്കത്ത് വലിയ പ്രതിസന്ധികൾക്കാണ് തുടക്കം കുറിച്ചത്. കഴിഞ്ഞ ആഴ്ച ഡൗണിംഗ് സ്ട്രീറ്റിൽ നിന്ന് സുവെല്ല പടിയിറങ്ങി. ഇത് ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾക്ക് വരെ ഏറെ ദോഷം വരുത്തി. വിസ കാലാവധി കഴിഞ്ഞിട്ടും ബ്രിട്ടനില്‍ തുടരുന്ന വിദേശികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണെന്ന സുവെല്ലയുടെ പരാമര്‍ശമാണ് അവരെ വലിയ വിവാദത്തിലേക്ക് നയിച്ചത്. ഇന്ത്യയും യുകെയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചചെയ്യുന്നതിനിടെയായിരുന്നു സുവെല്ലയുടെ പരാമര്‍ശം. ഇവരുടെ പ്രസ്താവനക്കെതിരെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. ഇതിനിടയിൽ ലിസ് ട്രസ് മന്ത്രിസഭയില്‍ നിന്നുള്ള സുവെല്ലയുടെ രാജിക്ക് പിന്നില്‍ കുടിയേറ്റ വിഷയങ്ങളിലെ അതിതീവ്ര നിലപാടാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കൂടാതെ ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെടാന്‍ ആശങ്കയുണ്ടെന്നും ഇത് കൂടുതല്‍ കുടിയേറ്റത്തിലേയ്ക്ക് വഴിതെളിക്കുമെന്നുമാണ് ഒരു അഭിമുഖത്തില്‍ ഇന്ത്യന്‍ വംശജ കൂടിയായ സുവെല്ല ബ്രേവര്‍മാന്‍ വ്യക്തമാക്കിയത്. എന്നാൽ കുടിയേറ്റത്തെക്കുറിച്ചുള്ള സുവെല്ലയുടെ നിലപാട് പുതിയ മന്ത്രിസഭയിൽ എങ്ങനെ പ്രതിഫലിക്കും എന്നാണ് ഇന്ത്യക്കാർ ഉറ്റുനോക്കുന്നത്.
കൂടാതെ സുവെല്ലക്കൊപ്പം രണ്ടുപേരെ കൂടി പ്രധാന പദവികളില്‍ നിയമിച്ചിട്ടുണ്ട് . ജെറമി ഹണ്ടിനെ ധനമന്ത്രിയായും ബെൻ വാലസിനെ പ്രതിരോധ സെക്രട്ടറിയായും ജെയിംസ് ക്ലെവർലിയെ വിദേശകാര്യ മന്ത്രിയായും സുനക് വീണ്ടും നിയമിച്ചു. ഹൗസ് ഓഫ് കോമൺസിന്റെ നേതാവായി പെന്നി മോർഡൗണ്ടിനെയും തിരിച്ചെത്തിച്ചു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഋഷി സുനക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ബ്രിട്ടന്റെ 210 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ഋഷി സുനക്. യുകെയില്‍ പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന ആദ്യ ഇന്ത്യക്കാരനുമാണ് ഋഷി സുനക്.
What's Your Reaction?