വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം അനുവദിച്ച് ഹൈക്കോടതി
തിരുവനന്തപുരത്തു നടത്തിയ മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിനു ജാമ്യം. സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കർശന ഉപാധികളോടെ ഹൈക്കോടതിയാണ് പി.സി.ജോർജിന് ജാമ്യം അനുവദിച്ചത്. എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തിൽ നടത്തിയ മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യവും അനുവദിച്ചതോടെ പൂജപ്പുര സെൻട്രൽ ജയിലിലുള്ള പി.സി.ജോർജിന് പുറത്തിറങ്ങാൻ വഴിയൊരുങ്ങി.
ജോർജിനെ തുടർച്ചയായി കസ്റ്റഡിയിൽ പാർപ്പിക്കേണ്ട സാഹചര്യമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. 33 വർഷം നിയമസഭാ സാമാജികനായിരുന്നു എന്നതും 72 വയസുണ്ട് എന്ന ഹർജിക്കാരന്റെ അപേക്ഷയും കോടതി കണക്കിലെടുത്തു. ഇതു സംബന്ധിച്ചു പരസ്യ പ്രസ്താവനകൾ നടത്തരുത്, വിദ്വേഷ പ്രസംഗം ആവർത്തിക്കരുത്, അന്വേഷണവുമായി സഹകരിക്കണം, ശാസ്ത്രീയ പരിശോധനകൾക്കു വിധേയനാകണം തുടങ്ങിയ ജാമ്യ വ്യവസ്ഥകളാണ് കോടതി വച്ചിരിക്കുന്നത്. ജാമ്യ വ്യവസ്ഥ ലംഘിക്കുന്ന സാഹചര്യമുണ്ടായാൽ പ്രോസിക്യൂഷനു കോടതിയെ സമീപിക്കാം എന്നും അറിയിച്ചിട്ടുണ്ട്.
വെണ്ണല മതവിദ്വേഷ പ്രസംഗക്കേസിലെ മുൻകൂർ ജാമ്യം ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ചും തിരുവനന്തപുരം കേസിലെ ജാമ്യം റദ്ദാക്കിയതിനെതിരായ അപ്പീൽ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാനുമാണ് പരിഗണിച്ചത്. കൊച്ചി വെണ്ണല പ്രസംഗത്തില്‍ ജോര്‍ജിന് അനുവദിച്ചിട്ടുള്ള ഇടക്കാല ജാമ്യം ഇന്ന് അവസാനിച്ചിരുന്നു. കിഴക്കേക്കോട്ടയിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ടേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പി.സി.ജോര്‍ജ് ഇന്നു തന്നെ പുറത്തിറങ്ങിയേക്കും.
ജാമ്യം ലഭിക്കുന്നതിന് ഏത് ഉപാധിയും അംഗീകരിക്കാൻ തയാറാണെന്ന് പി.സി.ജോർജിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, പി.സി. ജോർജിനെ വിശദമായി കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. രണ്ടു പ്രസംഗങ്ങളുടെയും മുഴുവൻ വിഡിയോ ദൃശ്യങ്ങളും ലഭ്യമാണ് എന്നതിനാൽ കസ്റ്റഡിയിൽ വച്ചു ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല എന്ന ഹർജിക്കാരന്റെ വാദം കോടതി അംഗീകരിച്ചു. കോടതി ജാമ്യം അനുവദിക്കും എന്ന സാഹചര്യം ഉരുത്തിരിഞ്ഞതോടെ അനുവദിക്കുകയാണെങ്കിൽ കർശന ഉപാധികളോടെ ആയിരിക്കണം എന്ന ആവശ്യമാണ് പ്രോസിക്യൂഷൻ മുന്നോട്ടു വച്ചത്. ഇതു കോടതി അംഗീകരിക്കുകയും ചെയ്തു.
പ്രസംഗം പി.സി. ജോർജിന്റെ തന്നെയാണോ എന്ന് ഉറപ്പു വരുത്താൻ ശബ്ദ പരിശോധന നടത്തണം എന്ന ആവശ്യവും എന്ന ആവശ്യവും പ്രോസിക്യൂഷൻ മുന്നോട്ടു വച്ചിരുന്നു. അതേസമയം, ജോർജിനെ എങ്ങനെ നിയന്ത്രിക്കുമെന്നതാണ് പ്രശ്നമെന്ന് ഡിജിപിയും ഹൈക്കോടതിയിൽ നിലപാടെടുത്തു. കോടതിയും പ്രോസിക്യൂഷനും നിസഹായരാകുകയാണന്നും ഡിജിപി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മജിസ്ട്രേട്ട് കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് അറസ്റ്റിലായ പി.സി.ജോർജിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സെല്ലിലാണ് പി.സി.ജോർജിനെ പാർപ്പിച്ചിരിക്കുന്നത്. ആർ. ബാലകൃഷ്ണപ്പിള്ള, എം.വി. ജയരാജൻ, മുൻ ഐജി കെ. ലക്ഷ്മണ എന്നിവരെ പാർപ്പിച്ച ആശുപത്രി ബ്ലോക്കിലെ ഡി മുറിയിലാണ് ജോർജിനെയും പാർപ്പിച്ചത്.
ജോർജിനെ കസ്റ്റഡിയിൽ വച്ചിട്ട് എന്തു നേടാനാകുമെന്നു വ്യക്തമാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഏതുതരത്തിലുള്ള അന്വേഷണമാണു നടക്കുന്നതെന്നും ജസ്റ്റിസ് പി. ഗോപിനാഥ് ആരാഞ്ഞു. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വിശദീകരണത്തിന് സമയം തേടിയതിനെ തുടർന്നാണ് പി.സി. ജോർജിന്റെ ജാമ്യ ഹർജി ഇന്നത്തേക്കു പരിഗണിക്കാനായി മാറ്റിയത്.
സമാനമായ കുറ്റകൃത്യം ചെയ്തെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നും ഉൾപ്പെടെ ഗണ്യമായ കാരണങ്ങൾ പറയാനുണ്ടെങ്കിലും ഇത്തരത്തിലുള്ള കേസിൽ കസ്റ്റഡിയിൽ വച്ചിട്ട് പ്രോസിക്യൂഷന് എന്തു നേടാനാണുള്ളതെന്നാണു ഹൈക്കോടതി വാക്കാൽ ചോദിച്ചത്. രണ്ടു പ്രസംഗത്തിന്റെയും വിഡിയോയുമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
വെണ്ണലയിൽ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിലാണു ജാമ്യം റദ്ദാക്കിയതെന്നു പിസി.ജോർജിന്റെ അഭിഭാഷകൻ പി.വിജയഭാനു അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ പേരിൽ ജാമ്യം റദ്ദാക്കിയ നടപടി തെറ്റാണെന്ന് അഭിഭാഷകൻ വാദിച്ചു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് സ്റ്റേഷനിൽ ഹാജരായപ്പോൾ അറസ്റ്റ് ചെയ്തതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?