ഇന്ത്യയിലെ ഏറ്റവും സമ്പന്ന രാഷ്ട്രീയ പാര്‍ട്ടി ബിജെപി; കോണ്‍ഗ്രസ് മൂന്നാമത്, സിപിഎം നാലാം സ്ഥാനത്ത്‌

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തികള്‍ വെളിപ്പെടുത്തിയ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ (ADR - Association for Democratic Reforms) റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു.

Jan 29, 2022 - 15:59
 0

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തികള്‍ വെളിപ്പെടുത്തിയ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ (ADR - Association for Democratic Reforms) റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി, ഭാരതീയ ജനതാ പാര്‍ട്ടി (BJP) ആണെന്നാണ് എഡിആർ റിപ്പോർട്ട്. ഇത് മൊത്തം രാഷ്ട്രീയ പാർട്ടികളുടെ ആസ്തിയുടെ ഏകദേശം 70 ശതമാനം വരുമെന്നുംറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

'2019-20 സാമ്പത്തിക വര്‍ഷത്തെ ദേശീയ, പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തികളുടെയും ബാധ്യതകളുടെയും വിശകലനം' എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്. രാജ്യത്തെ ഏഴ് ദേശീയ പാര്‍ട്ടികളും 44 പ്രാദേശിക പാര്‍ട്ടികളും 2019-20 സാമ്പത്തിക വര്‍ഷത്തില്‍ പ്രഖ്യാപിച്ച മൊത്തം ആസ്തി യഥാക്രമം 6,988.57 കോടിയും (ദേശീയ പാര്‍ട്ടികള്‍), 2,129.38 കോടിയും (പ്രാദേശിക പാര്‍ട്ടികള്‍) വരും.

''ഏഴ് ദേശീയ പാര്‍ട്ടികളില്‍, 2019-20 സാമ്പത്തിക വര്‍ഷത്തിൽ ഏറ്റവും ഉയര്‍ന്ന ആസ്തി ബിജെപിക്കാണ്. ബിജെപിക്ക് 4,847.78 കോടി (69.37 ശതമാനം) രൂപയുടെ സ്വത്താണുള്ളത്. പിന്നാലെ രണ്ടാം സ്ഥാനത്ത് 698.33 കോടി (9.99 ശതമാനം) രൂപയുടെ ആസ്തിയുമായി ബിഎസ്പിയും, 588.16 കോടി (8.42 ശതമാനം) രൂപയുടെ ആസ്തിയുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തും, 569.51 കോടി രൂപയുടെ ആസ്തിയുമായി സിപിഎം നാലാം സ്ഥാനത്തും'' ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ദേശീയ പാര്‍ട്ടികളുടെയും 44 പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെയും മൊത്തം ബാധ്യതകള്‍ 134.93 കോടി രൂപയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ബാധ്യതകള്‍ രണ്ട് പ്രധാന തലങ്ങള്‍ക്ക് കീഴിലാണ് - കടമെടുക്കല്‍ (ബാങ്കുകളില്‍ നിന്നും ഓവര്‍ഡ്രാഫ്റ്റ് സൗകര്യങ്ങളില്‍ നിന്നും വിവിധ കടക്കാരില്‍ നിന്നും), മറ്റ് ബാധ്യതകളും ചേര്‍ന്നതാണ് ബാധ്യതകളെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ ബാധ്യതകള്‍, 34.55 കോടി (25.61 ശതമാനം) വായ്പയെടുത്തും 100.38 കോടി (74.39 ശതമാനം) മറ്റ് ബാധ്യതകളിലുമാണെന്നാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.

കൂടാതെ, ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ബാധ്യതകള്‍ 74.27 കോടിയായിയെന്നും റിപ്പോർട്ടിൽ പറയുന്നു. കടമായി എടുത്തത് 4.26 കോടി രൂപയും മറ്റ് ബാധ്യതകളില്‍ 70.01 കോടി രൂപയുമാണ് ബാധ്യതകൾ.

49.55 കോടി രൂപയുടെ ബാധ്യതയുമായി ഏറ്റവും ഉയര്‍ന്ന ബാധ്യതയുള്ള രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസാണ്. മൊത്തം രാഷ്ട്രീയ പാർട്ടികളുടെ ബാധ്യതകളുടെ 67 ശതമാനവും കോണ്‍ഗ്രസിന്റെതാണ്. പിന്നാലെ എഐടിസി-ക്ക് 11.32 കോടി രൂപയുടെ (15.24 ശതമാനം) ബാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ 44 പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളില്‍, ഏറ്റവും സമ്പന്നരായ 10 പാര്‍ട്ടികളുടെ മൊത്തം ആസ്തി 2,028.715 കോടി രൂപയാണ്. ഇത് എല്ലാ പ്രാദേശിക പാര്‍ട്ടികളും പ്രഖ്യാപിച്ച മൊത്തം ആസ്തിയുടെ 95.27 ശതമാനം വരും.

പ്രാദേശിക പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് എസ്പി-യ്ക്കാണ്. 563.47 കോടി രൂപയാണ് (26.46 ശതമാനം) എസ്പി -യുടെ ആസ്തി. ടിആര്‍എസ് 301.47 കോടി രൂപയുമായും എഐഎഡിഎംകെ 267.61 കോടി രൂപയുമായും തൊട്ടുപിന്നാലെയുണ്ട്.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ മൊത്തം ബാധ്യത 60.66 കോടി രൂപയാണ്. കടമെടുത്ത 30.29 കോടിയും മറ്റ് ബാധ്യതകളായി 30.37 കോടിയുടെ ബാധ്യതകളും മൊത്തതിലുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow