പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കം; ലോകം ഇന്ത്യയെ കാണുന്ന രീതി മാറിയെന്ന് രാഷ്ട്രപതി
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിൽ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നു. ലോകം ഇന്ത്യയെ കാണുന്ന രീതി മാറി. ഇന്ത്യക്കാരുടെ ആത്മവിശ്വാസം ആകാശത്തോളമാണ്. ആധുനിക അടിസ്ഥാന സൗകര്യ വികസനം സാധ്യമാകുന്നു. അഴിമതിയിൽ നിന്ന് മോചനം സാധ്യമായെന്നും രാഷ്ട്രപതി പറഞ്ഞു.
രാഷ്ട്ര നിർമാണത്തിൽ 100 ശതമാനം സമർപ്പണം വേണമെന്ന് രാഷ്ട്രപതി പറഞ്ഞു. ദാരിദ്ര്യമില്ലാത്ത സ്വയം പര്യാപ്തത ഇന്ത്യ സൃഷ്ടിക്കണം. സ്ത്രീകളും യുവാക്കളും മുന്നിൽ നിന്ന് നയിക്കണം. രാജ്യത്തിന്റെ ഐക്യം ഉറച്ചതാകണമെന്നും രാഷ്ട്രപതി പറഞ്ഞു.
രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെപ്പറ്റി നല്ല വാക്കുകളാണ് കേൾക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയ ഉന്മേഷത്തോടെയാണ് പാർലമെന്റിൽ ബജറ്റ് സമ്മേളനം തുടങ്ങുന്നത്. ഇന്ത്യയുടെ ബജറ്റിനെ ലോകം ഉറ്റുനോക്കുന്നു. സാധാരണക്കാരുടെ പ്രതീക്ഷ സഫലമാകുന്നതായും ഇത്തവണത്തെ ബജറ്റെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗം സ്ത്രീകളുടെയും ദലിത് വിഭാഗങ്ങളുടെയും അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയ പാർലമെന്റ് മന്ദിരത്തിൽത്തന്നെയാണു സമ്മേളനത്തിന്റെ ആദ്യഘട്ടം നടക്കുന്നത്. മാർച്ചിൽ ആരംഭിക്കുന്ന രണ്ടാംഘട്ടം പുതിയ പാർലമെന്റ് മന്ദിരത്തിലാകും നടക്കുക. ദ്രൗപദി മുർമു രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം ആദ്യമായാണു സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്
സാമ്പത്തിക സർവേ ഇന്നു പാർലമെന്റിൽ വയ്ക്കും. നാളെ രാവിലെ 11നു ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെ നടക്കുന്ന ആദ്യ സെഷനിൽ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചർച്ച, ബജറ്റ് ചർച്ചകളുടെ തുടക്കം എന്നിവയുണ്ടാകും. മാർച്ച് 14ന് ആരംഭിച്ച് ഏപ്രിൽ 6നു സമാപിക്കുന്ന രണ്ടാം സെഷനിൽ ഉപധനാഭ്യർഥനകൾ, ബജറ്റ് ചർച്ച, ബജറ്റ് പാസാക്കൽ എന്നിവയുമുണ്ടാകും.
What's Your Reaction?