Prathap Pothan | നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു
നടൻ പ്രതാപ് പോത്തൻ (Prathap Pothen) അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭരതൻ സംവിധാനം ചെയ്ത ആരവം എന്ന സിനിമയിലാണ് തുടക്കം
നടൻ പ്രതാപ് പോത്തൻ (Prathap Pothen) അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭരതൻ സംവിധാനം ചെയ്ത ആരവം എന്ന സിനിമയിലാണ് തുടക്കം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ഉൾപ്പെടെ അഭിനയിച്ചിട്ടുണ്ട്.
അവസാനം പുറത്തുവന്ന സിനിമ സിബിഐ 5 ആണ്. കലണ്ടര്‍, അയാളും ഞാനും തമ്മില്‍, 3 ഡോട്‌സ്, ആറു സുന്ദരിമാരുടെ കഥ, അരികില്‍ ഒരാള്‍, ഇടുക്കി ഗോള്‍ഡ്, ലണ്ടന്‍ ബ്രിഡ്ജ്, ബാംഗ്ലൂര്‍ ഡെയ്‌സ്, മുന്നറിയിപ്പ്, വേഗം, മറിയം മുക്ക്, അപ്പവും വീഞ്ഞും, കനല്‍, എസ്ര, ഉയരെ, പച്ചമാങ്ങ, ഫോറന്‍സിക് തുടങ്ങിയവയാണ് അഭിനയിച്ച മറ്റു പ്രധാന മലയാളം സിനിമകള്‍.
വ്യവസായി ആയിരുന്ന തിരുവല്ല കുളത്തുങ്കല്‍ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും മകനായി 1952 ഫെബ്രുവരി 15നാണ് പ്രതാപ് പോത്തന്‍ ജനിച്ചത്. ഊട്ടിയിലെ ലോറന്‍സ് സ്‌കൂള്‍, മദ്രാസ് ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. കോളജ് പഠന കാലത്ത് നിരവധി നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. പഠന ശേഷം കുറച്ചുകാലം മുംബൈയില്‍ ഒരു പരസ്യ ഏജന്‍സിയില്‍ കോപ്പിറൈറ്ററായിരുന്നു പ്രവര്‍ത്തിച്ചിരുന്നു. ഇതിന് ശേഷമാണ് സിനിമയിലെത്തുന്നത്.
മദ്രാസ് പ്ലയേഴ്‌സ് എന്ന തിയേറ്റര്‍ ഗ്രൂപ്പില്‍ അഭിനേതാവായിരുന്ന പ്രതാപ് പോത്തന്റെ അഭിനയ മികവ് കണ്ട് പ്രശസ്ത സംവിധായകന്‍ ഭരതന്‍ തന്റെ ആരവം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കി. 1978ലായിരുന്നു ആരവം ഇറങ്ങിയത്. 1979ല്‍ ഭരതന്റെ തന്നെ തകര, 1980ല്‍ ചാമരം എന്നീ സിനിമകളില്‍ നായകനായി. അദ്ദേഹത്തിന്റെ അഭിനയം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടി. തകരയിലെയും ചാമരത്തിലെയും അഭിനയത്തിന് 79-80 വര്‍ഷങ്ങളില്‍ മികച്ച മലയാള നടനുള്ള ഫിലിം ഫെയര്‍ പുരസ്‌ക്കാരം ലഭിച്ചു. 1980ല്‍ മാത്രം പത്തോളം സിനിമകളില്‍ പ്രതാപ് പോത്തന്‍ അഭിനയിച്ചു.
നെഞ്ചത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, മൂഡുപനി, വരുമയിന്‍ നിറം സിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും അദ്ദേഹത്തെ പ്രശസ്തനാക്കി. തുടര്‍ന്ന് 1987 വരെ നിരവധി മലയാള ചിത്രങ്ങളില്‍ നായകനായും ഉപനായകനായും സ്വഭാവ നടനായുമെല്ലാം അദ്ദേഹം അഭിനയിച്ചു. 1992 വരെ തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു. കുറച്ചുകാലം സിനിമയില്‍ നിന്നും മാറി ബിസിനസ്സ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം, ഗ്രീന്‍ ആപ്പിള്‍ എന്ന സ്വന്തം പരസ്യ കമ്പനിയും നടത്തിയിരുന്നു.
തമിഴിലാണ് പ്രതാപ് പോത്തന്‍ ആദ്യം സംവിധായകനാകുന്നത് 1985ല്‍ വീണ്ടും ഒരു കാതല്‍ കഥൈ എന്ന സിനിമയാണ് ആദ്യ സംവിധാനസംരംഭം. 1987ല്‍ ഋതുഭേദം സിനിമയിലൂടെ മലയാളത്തിലും സംവിധായകനായി. 1988ല്‍ സംവിധാനത്തിനൊപ്പം അദ്ദേഹം തന്നെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും ഒരുക്കിയ ഡെയ്‌സി മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി. 1997ല്‍ മോഹന്‍ലാലിനെയും ശിവാജി ഗണേശനെയും നായകന്‍മാരാക്കി ചെയ്ത ഒരു യാത്രാമൊഴി ആണ് മറ്റൊരു മലയാളം ഹിറ്റ്.
2012ല്‍ മികച്ച വില്ലനുള്ള സൗത്ത്ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് 22 ഫീമെയില്‍ കോട്ടയം സിനിമയിലെ അഭിനയത്തിന് ലഭിച്ചു.2014ല്‍ 'വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍' എന്ന സിനിമയിലെ അഭിനയത്തിന് കേരള സംസ്ഥാന അവാര്‍ഡ് ജൂറിയുടെ പ്രത്യേക പുരസ്‌കാരം ലഭിച്ചിരുന്നു.
പ്രശസ്ത ചലച്ചിത്ര താരം രാധികയായിരുന്നു പ്രതാപ് പോത്തന്‍ ആദ്യം വിവാഹം ചെയ്തത്. 1985ല്‍ നടന്ന അവരുടെ വിവാഹം താമസിയാതെ വേര്‍പിരിഞ്ഞു. 1990ല്‍ അദ്ദേഹം അമല സത്യനാഥിനെ വിവാഹം ചെയ്തെങ്കിലും 2012ല്‍ വേര്‍പിരിഞ്ഞു. കേയ പോത്തന്‍ മകളാണ്.സിനിമാ നിര്‍മാതാവായിരുന്ന ഹരിപോത്തന്‍ സഹോദരനാണ്.
Summary: Actor Prathap Pothen was found dead in his Chennai apartment. He had acted in many films in South cinema including Malayalam and Tamil.
What's Your Reaction?