അരീക്കോട് പത്തനാപുരം പള്ളിപ്പടിയിൽ കെഎസ്ആർടിസി സിഫ്റ്റും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. തൃശ്ശൂരിൽ നിന്ന് അരീക്കോട് വഴി ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പത്തനാപുരം അങ്ങാടിയിലേക്ക് അമിതവേഗതയിലെത്തിയ ബസ് റോങ് സൈഡിലൂടെ എത്തി ലോറിയിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിന്റെ ഒരു വശത്ത് നിർത്തിയിട്ട രണ്ടു കാറുകളിലും ഇടിച്ച് ശേഷമാണ് ബസ് നിന്നത്. അപകടത്തിൽ ബസ്സിന്റെ മുൻ ഭാഗം പൂർണമായും ലോറിയുടെ മുൻ ഭാഗം ഭാഗികമായും തകർന്നിട്ടുണ്ട്. അപകടത്തിൽ രണ്ട് കാറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ നിസാര പരിക്കേറ്റ രണ്ട് ബസ് യാത്രക്കാരെ നാട്ടുകാരുടെ നേതൃത്വത്തിൽ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ബസിന്റെ അമിത വേഗതയും മഴയുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തെ തുടർന്ന് കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിലെ പള്ളിപ്പടിയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് നാട്ടുകാരും അരീക്കോട് പോലീസും സംഭവ സ്ഥലത്ത് എത്തിയതാണ് ഗതാഗതം പുനസ്ഥാപിച്ചത്. ശേഷം അരീക്കോട് എഎസ്ഐ കബീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അപകട സ്ഥലം പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ബസ് അപകടത്തിൽ പെട്ടതോടെ യാത്ര പൂർത്തിയാക്കാൻ കഴിയാതെ നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്. എന്നാൽ കെഎസ്ആർടിസിസംസ്ഥാനത്ത് ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ടാണ് സിഫ്റ്റ് സർവീസ് ആരംഭിക്കുന്നത്. എന്നാൽ ഈ സർവീസ് ആരംഭിച്ചത് മുതൽ തന്നെ വലിയ രീതിയിലുള്ള അപകടങ്ങളിലാണ് ഈ ബസുകൾ ഉൾപ്പെട്ടിരുന്നത്. ഇത് കെഎസ്ആർടിസിക്കും സർക്കാരിനും വലിയ രീതിയിലുള്ള തിരിച്ചടിയാണ് ഉണ്ടാക്കിയിരുന്നത്. ഇതോടെ ഈ സർവീസിലെ ഡ്രൈവർമാർക്ക് കർശന നിർദേശവും ബോധവൽക്കരണവുമായി കെഎസ്ആർടിസി രംഗത്തെത്തിയിരുന്നു. ഇതിനുശേഷം പിന്നീട് വലിയ രീതിയിലുള്ള അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ വെള്ളിയാഴ്ച രാത്രി അരീക്കോട് പത്തനാപുരത്ത് സിഫ്റ്റ് ബസിന്റെ അമിതവേഗത കാരണം വീണ്ടും അപകടമുണ്ടായത്.