ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ

ലങ്കയിൽ ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുന്നതിനിടെ, ‘പറന്നുപറന്ന്’ ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ. പ്രക്ഷോഭം കൊടുമ്പിരി കൊള്ളുമ്പോൾ രാജ്യം വിട്ട് മാലദ്വീപിലേക്കു പോയ ഗോട്ടബയ, അവിടെനിന്ന് സിംഗപ്പുരിലേക്കും തുടർന്ന് സൗദി അറേബ്യയിലും എത്തിയതായാണ് റിപ്പോർട്ട്.

Jul 15, 2022 - 04:15
 0
ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ

ശ്രീലങ്കയിൽ ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുന്നതിനിടെ, ‘പറന്നുപറന്ന്’ ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ. പ്രക്ഷോഭം കൊടുമ്പിരി കൊള്ളുമ്പോൾ രാജ്യം വിട്ട് മാലദ്വീപിലേക്കു പോയ ഗോട്ടബയ, അവിടെനിന്ന് സിംഗപ്പുരിലേക്കും തുടർന്ന് സൗദി അറേബ്യയിലും എത്തുമെന്നാണ് റിപ്പോർട്ട്. മാലദ്വീപിൽവച്ച് രാജപക്സെയ്‌ക്കെതിരെ പ്രതിഷേധം നടന്നതായി റിപ്പോർട്ടുണ്ട്. അതിനിടെയാണ് അദ്ദേഹം സിംഗപ്പുരിലേക്ക് പോയത്. അവിടെനിന്ന് ജിദ്ദയിലെത്തുമെന്നാണ് റിപ്പോർട്ട്

പുലർച്ചെ അയൽ രാജ്യമായ മാലദ്വീപിൽ അഭയം തേടിയ ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയയും സംഘവും അവിടെനിന്ന് സിംഗപ്പൂരിലേയ്ക്കു പറന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഗോട്ടയും ഭാര്യയും 13 അംഗ സംഘവും ബുധനാഴ്ച പുലർച്ചെ 3.50 ന് മാലദ്വീപിലെത്തിയത്. എന്നാൽ, മാലദ്വീപിലെ പ്രതിപക്ഷ കക്ഷികൾ ഗോട്ടയ്ക്കെതിരെ തെരുവിലിറങ്ങിയതോടെ നില പരുങ്ങലിലായി. തുടർന്നാണു സൗദി എയർലൈൻസിൽ സിംഗപ്പൂരിലേയ്ക്കു പോയത്. അവിടെനിന്ന് ജിദ്ദയിലെത്തുമെന്നാണ് റിപ്പോർട്ട്.

നേരത്തെ, ഗോട്ടബയ രാജ്യം വിട്ടതിനു പിന്നാലെ ശ്രീലങ്കയിൽ വീണ്ടും കലാപം രൂക്ഷമായിരുന്നു. രാജിവയ്ക്കാതെ രാജ്യംവിട്ട പ്രസിഡന്റ് ഗോട്ടബയ, പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ ആക്ടിങ് പ്രസിഡന്റാക്കിയെന്ന വാർത്ത വന്ന ഉടൻ പ്രക്ഷോഭകർ കൊളംബോ ഫ്ലവർ റോഡിലുള്ള പ്രധാനമന്ത്രിയുടെ ഓഫിസിലേക്കു തള്ളിക്കയറി പിടിച്ചെടുത്തിരുന്നു. പൊലീസും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടി. ശനിയാഴ്ച പ്രസിഡന്റിന്റെ വസതി പിടിച്ചെടുത്ത രീതിയിലുള്ള ജനമുന്നേറ്റമാണ് ഇന്നലെയും അരങ്ങേറിയത്.

അജ്ഞാതകേന്ദ്രത്തിലുള്ള റനിൽ രാജ്യത്ത് അടിയന്തരാവസ്ഥയും കൊളംബോയിൽ കർഫ്യൂവും പ്രഖ്യാപിച്ചു. സൈനിക മേധാവികളോടു സമാധാനം പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടു. പുതിയ സർക്കാർ ചുമതലയേൽക്കുമ്പോൾ താൻ സ്ഥാനമൊഴിയുമെന്നും റനിൽ വ്യക്തമാക്കി. റനിലിന്റെ ഓഫിസ് കയ്യേറിയ സംഘം ഗോട്ടബയയെ രക്ഷപ്പെടാൻ സഹായിച്ചുവെന്നാരോപിച്ച് സൈനിക മേധാവികളുടെ ഓഫിസും വളഞ്ഞതോടെ രാജ്യതലസ്ഥാനം ഭീതിയുടെ മുൾമുനയിലായി. പ്രക്ഷോഭകർ പാർലമെന്റ് മന്ദിരവും കയ്യേറുമെന്നു വാർത്ത പരന്നു.

ഗോട്ടബയയുടെ രാജി മുൻ നിശ്ചയ പ്രകാരം തന്റെ പക്കലെത്തുമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രക്ഷോഭകർ പിന്തിരിഞ്ഞില്ല. തുടർന്നാണ് കർഫ്യൂ പ്രഖ്യാപിച്ചത്. പ്രക്ഷോഭകർ സർക്കാർ ചാനലായ രൂപവാഹിനി ടിവിയും പിടിച്ചെടുത്തു. പ്രധാനമന്ത്രിയുടെ ഓഫിസിൽ പ്രക്ഷോഭകർ സംഗീതവിരുന്നു സംഘടിപ്പിച്ച് ഗോട്ടയുടെ പലായനം ആഘോഷമാക്കി.

പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതു തടയാനാണ് ഫാഷിസ്റ്റ് ശക്തികൾ ശ്രമിക്കുന്നതെന്ന് റനിൽ വിക്രമസിംഗെ ആരോപിച്ചു. പാർലമെന്റിൽ ഒരംഗം മാത്രമുള്ളയാളെ വീണ്ടും ആക്ടിങ് പ്രസിഡന്റാക്കി രാജപക്സെ കുടുംബം പാവഭരണം നടപ്പാക്കുകയാണെന്നു പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ കുറ്റപ്പെടുത്തി. പാർലമെന്റ് 20 നു ചേർന്നു പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാണു തീരുമാനം. ഗോട്ടബയയെ രക്ഷപ്പെടാൻ സഹായിച്ചുവെന്ന ആരോപണം ഇന്ത്യ നിഷേധിച്ചു.

English Summary: Maldives-Singapore-Saudi Arabia: Gotabaya hops nations to find safe haven

What's Your Reaction?

like

dislike

love

funny

angry

sad

wow