ഖാർഗെയെ പിൻതാങ്ങി ഹൈക്കമാൻഡ്; കീഴ്ഘടകങ്ങൾക്ക് ശക്തി വേണമെന്ന് തരൂർ; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സമവാക്യം ഇങ്ങനെ; പത്രിക സമർപ്പിച്ച് സ്ഥാനാർഥികൾ

ഹൈക്കമാൻഡിൻ്റെ പിന്തുണയോടെ മല്ലികാർജുൻ ഖാർഗെ പത്രിക സമർപ്പിച്ചപ്പോൾ വിമതവിഭാഗത്തിൽ നിന്ന് ശശി തരൂരും എഐസിസി ആസ്ഥാനത്ത് പത്രിക സമർപ്പിച്ചു.

Oct 1, 2022 - 07:57
Oct 1, 2022 - 08:18
 0
ഖാർഗെയെ പിൻതാങ്ങി ഹൈക്കമാൻഡ്; കീഴ്ഘടകങ്ങൾക്ക് ശക്തി വേണമെന്ന് തരൂർ; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സമവാക്യം ഇങ്ങനെ; പത്രിക സമർപ്പിച്ച് സ്ഥാനാർഥികൾ
മുതി‍ർന്ന നേതാവ് ദിഗ്വിജയ് സിങ് പിൻമാറുകയും അശോക് ഗെലോട്ട് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്തതോടെ ഗാന്ധികുടുംബത്തിൻ്റെ വിശ്വസ്തനായ മല്ലികാ‍ർജുൻ ഖാ‍ർഗെയെ അധ്യക്ഷപദവിയിലേയ്ക്ക് പിന്തുണച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. ഇതോടെ അധ്യക്ഷ തെരഞ്ഞെടുപ്പിൽ പോരാട്ടം ശശി തരൂരും ഖാ‍ർഗെയും തമ്മിലായിരിക്കും എന്ന് വ്യക്തമായി. നാമനിർദേശപത്രിക സമർപ്പിക്കുന്ന ദിവസമായ വെള്ളിയാഴ്ച ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ആദ്യഘട്ടത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനായിരുന്നു ഹൈക്കമാൻഡിൻ്റെ പിന്തുണയെങ്കിലും മുഖ്യമന്ത്രിപദം ചൂണ്ടിക്കാട്ടി അദ്ദേഹം വിമതനീക്കം നടത്തിയതോടെ ഈ സാധ്യതകൾ മങ്ങി.
ഇതിനു പിന്നാലെയായിരുന്നു ദിഗ്വിജയ് സിങിൻ്റെ പേര് നേതൃത്വം പരിഗണിച്ചത്. ഹൈക്കമാൻഡിൻ്റെ പിന്തുണയുള്ള സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന് പല നേതാക്കളും പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ തീരുമാനം നിർണായകമാണ്. എന്നാൽ വിമതപക്ഷത്തു നിന്നുള്ള ശശി തരൂരിൻ്റെ സാന്നിധ്യം കൂടെ എത്തുന്നതോടെ അധ്യക്ഷ തെരഞ്ഞെടുപ്പ് കൊഴുക്കും. നിലവിലെ സാഹചര്യത്തിൽ രണ്ടിലൊരു സ്ഥാനാ‍ർഥി പത്രിക പിൻവലിക്കാൻ സാധ്യതയില്ലെന്നിരിക്കേ ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നതും തീർച്ചയാണ്. ജി23 വിമത ഗ്രൂപ്പിൽ നിന്ന് മനീഷ് തിവാരിയും പത്രിക സമ‍ർപ്പിക്കുമെന്ന് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും മത്സരിക്കില്ലെന്ന് അദ്ദേഹം പിന്നാലെ വ്യക്തമാക്കി. ഇടയ്ക്ക് പ്രിയങ്ക ഗാന്ധി വദ്രയുടെ പേരും ചില നേതാക്കൾ ഉയർത്തിക്കാട്ടിയിരുന്നു. എന്നാൽ ഈ സാധ്യതകളെല്ലാം ഇല്ലാതായതോടെ ഖാർഗേയ്ക്ക് എതി‍ർ തരൂർ എന്ന സമവാക്യത്തിലേയ്ക്ക് എത്തുകയായിരുന്നു. നിലവിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ് മല്ലികാർജുൻ ഖാർഗെ
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 50ഓളം നേതാക്കളുടെ ഒപ്പുകളുമായാണ് താൻ പത്രിക സമ‍ർപ്പിച്ചതെന്നാണ് തരൂർ മാധ്യമങ്ങളോടു വിശദീകരിച്ചത്. തനിക്ക് ഇന്ത്യയിൽ എല്ലായിടത്തു നിന്നും പിന്തുണയുണ്ടെന്നും തരൂർ പറഞ്ഞു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർക്കൊപ്പമായിരുന്നു തരൂർ പത്രിക നൽകാൻ എത്തിയത്. താൻ യുവജനങ്ങൾക്കും സ്ത്രീകൾക്കും പാ‍ർട്ടിയിൽ അവസരം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മത്സരം പാർട്ടിയെ ശക്തിപ്പെടുത്താനാണെന്നും തരൂർ വ്യക്തമാക്കി. പാർട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രകടനപത്രികയിൽ ചൂണ്ടിക്കാട്ടി. കീഴ്ഘടകങ്ങൾക്ക് അധികാരം നൽകണമെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആവശ്യപ്പെട്ടു. അതേസമയം, കെപിസിസിയിൽ നിന്നടക്കം ഭൂരിപക്ഷം നേതാക്കളും തരൂരിനെ പിന്തുണയ്ക്കാൻ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് എത്ര ശതമാനം വോട്ട് ലഭിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല.
 അതേസമയം, മുതിർന്ന നേതാക്കൾക്ക് ഒപ്പമെത്തിയതാണ് മല്ലികാർജുൻ ഖാർഗെ എഐസിസി ആസ്ഥാനത്ത് പത്രിക സമർപ്പിച്ചത്. അധ്യക്ഷ തെരഞ്ഞെടുപ്പിനായി ഇതിനോടകം ആറോളം നേതാക്കൾ പത്രിക സമ‍ർപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. വലിയ മാധ്യമപ്പടയും പ്രവർത്തകരുടെ തിരക്കുമാണ് പാർട്ടി ആസ്ഥാനത്ത്. ജാർഖണ്ഡിൽ നിന്നുള്ള കെ എൻ ത്രിപാഠിയും പത്രിക സമർപ്പിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow