ഫിഫ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളിനുടമ; ലോകകപ്പ് ഹീറോ ഇപ്പോള്‍ റസ്റ്ററന്റില്‍ എത്തുന്നവരുടെ എച്ചില്‍ പാത്രങ്ങള്‍ പെറുക്കിയും മേശ തുടച്ചും നടക്കുന്നയാള്‍
ഫിഫ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളിനുടമ, ഇന്റര്‍ മിലാന്‍ അടക്കം യൂറോപ്പിലെ പ്രമുഖ ടീമുകളുടെ മുന്‍ താരം, ലോകകപ്പ് ഹീറോ... യു.എസിലെ കാലിഫോര്‍ണിയില്‍ പാലോ ആള്‍ട്ടോ എന്ന പ്രവിശ്യയിലുള്ള റസ്റ്ററന്റില്‍ സന്ദര്‍ശകരുടെ എച്ചില്‍ പാത്രങ്ങള്‍ പെറുക്കിയും മേശ തുടച്ചും നടക്കുന്നയാള്‍ ഇത്രയൊക്കെ പ്രശസ്തി സമ്പാദിച്ചവനാണെന്ന് ആരും പെട്ടെന്ന് തിരിച്ചറിയില്ല
ഫിഫ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളിനുടമ, ഇന്റര്‍ മിലാന്‍ അടക്കം യൂറോപ്പിലെ പ്രമുഖ ടീമുകളുടെ മുന്‍ താരം, ലോകകപ്പ് ഹീറോ... യു.എസിലെ കാലിഫോര്‍ണിയില്‍ പാലോ ആള്‍ട്ടോ എന്ന പ്രവിശ്യയിലുള്ള റസ്റ്ററന്റില്‍ സന്ദര്‍ശകരുടെ എച്ചില്‍ പാത്രങ്ങള്‍ പെറുക്കിയും മേശ തുടച്ചും നടക്കുന്നയാള്‍ ഇത്രയൊക്കെ പ്രശസ്തി സമ്പാദിച്ചവനാണെന്ന് ആരും പെട്ടെന്ന് തിരിച്ചറിയില്ല
പ്രായം തവിട്ടുകലര്‍ന്ന വെളുപ്പായി തലമുടികള്‍ക്കിടയിലേക്ക് ഇഴഞ്ഞുകയറിയിട്ടുണ്ടെങ്കിലും പഴയ ഫിറ്റ്നെസ് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ഒരു കടുത്ത ഫുട്ബോള്‍ ആരാധകന് പക്ഷേ ആ മുഖം മറക്കാനാകില്ല.
ഇത് ഹാകന്‍ സുകുര്‍... തുര്‍ക്കി കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളിലൊരാള്‍. യൂറേഷ്യന്‍ രാജ്യമായ തുര്‍ക്കിയെ 2002 ലോകകപ്പില്‍ മൂന്നാം സ്ഥാനത്തേക്കു നയിച്ച താരം. വീണ്ടുമൊരു ലോകകപ്പിന് കേവലം ഒരു മാസം മാത്രം ശേഷിക്കെ സ്വന്തം രാജ്യത്ത് ദേശീയ ടീമിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരുന്ന സുകുര്‍ എങ്ങനെ യു.എസിലെ റസ്റ്ററന്റില്‍ എത്തിപ്പെട്ടു
ഫുട്ബോളിലൂടെ ആര്‍ജിച്ച പ്രശസ്തി സുകുറിനെ വഴിതെറ്റിച്ച് രാഷ്ട്രീയത്തിലേക്ക് ഇറക്കിയതില്‍ തുടങ്ങുന്നു ആ ചോദ്യത്തിന്റെ ഉത്തരം. പച്ചപ്പുല്‍ മൈതാനത്തു നിന്ന് രാഷ്ട്രീയത്തിന്റെ ചുവപ്പു പരവതാനിയിലേക്കു കയറിയ സുകുര്‍ തുര്‍ക്കി പാര്‍ലമെന്റ് അംഗം വരെയായി.എന്നാല്‍, ഇന്ന് സ്വന്തം നാടും വീടും വിട്ട് അന്യരാജ്യത്ത് അഭയം തേടി അന്നം കണ്ടെത്തേണ്ട ഗതികേടിലാണ്. പ്രായമായ അമ്മയും അച്ഛനും മറ്റു ബന്ധുക്കളും അങ്ങകലെ തുര്‍ക്കിയില്‍ ഭരണകൂടത്തിന്റെ സംശയദൃഷ്ടിയില്‍ കഴിയുമ്പോള്‍ സുകുറിന് ഇവിടെയും സമാധാനം തീരെയില്ല.
1992 മുതല്‍ 2002 വരെയാണ് സുകുര്‍ തുര്‍ക്കി ദേശീയ ടീമിനായി ബൂട്ടണിഞ്ഞത്. ഇക്കാലയളവില്‍ 112 മത്സരങ്ങള്‍ കളിച്ചു. 51 ഗോളും നേടി. 1987 മുതല്‍ 2008 വരെ വിവിധ ക്ലബുകളിലായി 54 മത്സരങ്ങളിലും ബൂട്ടുകെട്ടി. 260 ഗോളുകളായിരുന്നു സമ്പാദ്യം.
2002-ല്‍ ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി നടന്ന ലോകകപ്പിലാണ് സുകുര്‍ തന്റെ മികവിന്റെ പാരമ്യതയിലേക്ക് എത്തിയത്. ഒരു ശരാശരി ടീമിനെ മൂന്നാം സ്ഥാനത്തേക്ക് നയിച്ചത് സുകുറിന്റെ ഒറ്റയാന്‍ പ്രകടനമായിരുന്നു. ഏഴു മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ മാത്രമാണ് നേടിയതെങ്കിലും അത് ചരിത്രത്തില്‍ ഇടംപിടിച്ചു. ദക്ഷിണകൊറിയയ്ക്കെതിരായ ലൂസേഴ്സ് ഫൈനലില്‍ ആദ്യ വിസില്‍ മുഴങ്ങി 10 സെക്കന്‍ഡിനുള്ളില്‍ വലകുലുക്കിയ സുകുറിന്റെ പേരിലാണ് ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോള്‍ എന്ന റെക്കോഡ് ഇപ്പോഴും.
2008-ല്‍ തന്റെ ഫുട്ബോള്‍ കരിയറിനു വിരാമമിട്ട സുകുര്‍ പിന്നീട് അണിഞ്ഞത് രാഷ്ട്രീയക്കാരന്റെ കുപ്പായമാണ്. അതിന് അന്ന് ഒപ്പം നിന്നത് ഇന്ന് തുര്‍ക്കിയുടെ അധികാരം മുഴുവന്‍ കൈപ്പിടിയിലാക്കിയിരിക്കുന്ന പ്രസിഡന്റ് റെസിപ് തയിപ് എര്‍ദോഗനാണ്.
എര്‍ദോഗന്റെ രാഷ്ട്രീയസഖ്യത്തില്‍ മത്സരിച്ച സുകുര്‍ 2011-ല്‍ ഇസ്താംബൂള്‍ പ്രവിശ്യയില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ അടുപ്പക്കാര്‍ അകലാന്‍ അധികം വേണ്ടിവന്നില്ല. 2013-ല്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു സ്വതന്ത്ര അംഗമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ സുകുര്‍ എര്‍ദോഗന്റെ കണ്ണിലെ കരടായി.
പിന്നാലെ തുര്‍ക്കിയില്‍ അല്‍ബേനിയന്‍ വംശജര്‍ക്കെതിരായ വികാരം കത്തിനിന്ന സമയത്ത് സുകുര്‍ നടത്തിയ ഒരു വിവാദ പ്രസംഗം കണക്കുതീര്‍ക്കാനുള്ള അവസരമായി എര്‍ദോഗന്‍ വിനിയോഗിച്ചതോടെ നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതെയായി.
ഒടുവില്‍ 2015-ല്‍ ഭാര്യയും മകനുമൊത്ത് രായ്ക്കുരാമാനം യു.എസിലേക്കു കടക്കുകയായിരുന്നു. നാടുവിട്ടുപോയിട്ടും സുകുറിനോടുള്ള എര്‍ദോഗന്റെ കലിയടങ്ങിയിട്ടില്ല. 2016-ല്‍ തനിക്കെതിരായ അട്ടിമറി ശ്രമത്തിനും പിന്നാലെ നടന്ന നരനായാട്ടിനുമൊടുവില്‍ വിദേശത്തുള്ള സുകുറിനെതിരേയും കേസ് എടുത്തു. തീവ്രാദിയായി മുദ്രചാര്‍ത്തപ്പെട്ട സുകുറിനെതിരേ സ്വന്തം മണ്ണില്‍ ഇപ്പോഴും അറസ്റ്റ് വാറന്റ് നിലനില്‍ക്കുകയാണ്.
തിരികെ മടങ്ങാനാകാതെ യു.എസിന്റെ തണലില്‍ കഴിയുന്നുണ്ടെങ്കിലും നാട്ടിലുള്ള മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സ്ഥിതിയില്‍ ആശങ്കാകുലനാണ് താരം.
മൂന്നു വര്‍ഷമായി ഫോണിലൂടെ മാത്രമാണ് അവരുമായി ബന്ധം പുലര്‍രത്തുന്നതെന്നു പറയുന്ന സുകുര്‍ തുര്‍ക്കിയിലെ ഏകാധിപത്യ ഭരണം അവസാനിക്കുമെന്നും സമാധാനം പുലരുന്ന നാളില്‍ സ്വന്തം മണ്ണിലേക്കു മടങ്ങിപ്പോകാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇപ്പോള്‍ ജീവിതമെന്ന പന്ത് തട്ടി മുന്നേറുന്നത്
What's Your Reaction?