ഹിമാചൽപ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഹിമാചൽ പ്രദേശിൽ നവംബർ പന്ത്രണ്ടിന് വോട്ടെടുപ്പ് നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ഒക്ടോബർ 25 മുതൽ പത്രിക സമർപ്പിക്കാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം പതിനേഴിനാണ്. ഘട്ടം ഘട്ടമായിട്ടാകും തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ 27നാണ് നാമനിർദേശ പത്രികകളുടെ സൂക്ഷമ പരിശോധന. ഒക്ടോബര്‍ 29 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഗുജറാത്തിൽ പെരുമാറ്റ ചട്ടം നിലവിൽ വന്നു. ഡിസംബർ മാസം ആകുമ്പോൾ ഹിമാചൽ പ്രദേശിൽ അതിശൈത്യമായിരിക്കും. അതിന് മുമ്പായി തെരഞ്ഞെടുപ്പ് പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് നവംബറിൽ തെരഞ്ഞെടുപ്പ് നടത്തുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും തെരഞ്ഞെടുപ്പ് നടത്തുക. തെരഞ്ഞെടുപ്പിന് മുന്നോടിയായി വിശദമായ ചർച്ച നടത്തും. എല്ലാ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തും. വോട്ടിങ് ശതമാനം ഉയർത്താനുള്ള നടപടികൾ സ്വീകരിക്കും. 80 വയസിന് മുകളിൽ പ്രായമുള്ളവരുടെ വീടുകളിലെത്തി ഉദ്യോഗസ്ഥർ വോട്ടുകൾ ശേഖരിക്കും.
നടപടിക്രമങ്ങൾ വീഡിയോയിൽ പകർത്തും. ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. ഗുജറാത്ത് നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരി പതിനെട്ടിനാണ് അവസാനിപ്പിക്കുന്നത്. 182 അംഗ നിയമസഭയിൽ ബിജെപിക്ക് 111 എംഎൽഎമരും കോൺഗ്രസിന് 62 അംഗങ്ങളുമുണ്ട്. ഹിമാചൽ പ്രദേശ് നിയമസഭയുടെ കാലാവധി 2023 ജനുവരി എട്ടിനാണ് അവസാനിക്കുന്നത്. ഹിമാചൽ പ്രദേശിൽ ബിജെപിക്ക് 45 എംഎൽഎമാരും കോൺഗ്രസിന് 20 പേരുമുണ്ട്.