മഞ്ഞുമ്മൽ ബോയ്സ് കള്ളപ്പണം വെളുപ്പിക്കൽ; യൂസ്ഡ് കാർ ഷോറൂമിൽ ED പരിശോധന

The Enforcement Directorate carried out inspection into a used car showrooms following money laundering allegation about Malayalam movie Manjummel Boys. Soubin Shahir, lead actor and co-producer of Manjummel Boys has reportedly got partnership with the aforementioned showrooms in different parts of Kerala

Jul 4, 2024 - 08:22
 0
മഞ്ഞുമ്മൽ ബോയ്സ് കള്ളപ്പണം വെളുപ്പിക്കൽ; യൂസ്ഡ് കാർ ഷോറൂമിൽ ED പരിശോധന

‘മഞ്ഞുമ്മൽ ബോയ്സ്’ (Manjummel Boys) കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യൂസ്ഡ് കാർ ഷോറൂമിൽ ED പരിശോധന. സൗബിന് പങ്കാളിത്തമുള്ള സ്ഥാപനത്തിലാണ് പരിശോധന. സ്ഥാപന ഉടമ മുജീബ് റഹ്മാനെ ED ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ 11 മണിക്കാണ് പരിശോധന ആരംഭിച്ചത്. മലപ്പുറം, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ഓഫീസിലാണ് പരിശോധന. പരാതിക്കാരനായ അരൂർ സ്വദേശി സിറാജിൻ്റെ പരാതിയിൽ ഈ സ്ഥാപനത്തിലേയ്ക്ക് പണം പോയതായി ആക്ഷേപം ഉന്നയിച്ചിരുന്നു.

മലയാളം ചിത്രം മഞ്ഞുമ്മൽ ബോയ്‌സിൻ്റെ നിർമ്മാതാക്കൾക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കുറ്റങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അടുത്തിടെ നടൻ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്തിരുന്നു. ചിത്രത്തിൻ്റെ സഹനിർമ്മാതാവായിരുന്നു സൗബിൻ.

മറ്റൊരു നിർമ്മാതാവ് ഷോൺ ആൻ്റണിയെയും അതിനു മുൻപ് ചോദ്യം ചെയ്തിരുന്നു. പറവ ഫിലിംസിൻ്റെ ഉടമസ്ഥരായ സൗബിൻ, ഷോൺ, ബാബു എന്നിവർ ചേർന്ന് നിർമ്മിച്ച മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം ബോക്‌സ് ഓഫീസിൽ 250 കോടിയിലധികം കളക്ഷൻ നേടിയാതായി വിവരം പുറത്തുവന്നിരുന്നു.

സൗബിൻ, ഷോൺ, ബാബു എന്നിവർക്കെതിരെ മരട് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ച് ഇഡി അന്വേഷണം ആരംഭിച്ചത്. മഞ്ഞുമ്മൽ ബോയ്‌സിൻ്റെ ലാഭത്തിൻ്റെ 40 ശതമാനം വാഗ്ദാനം ചെയ്ത് അരൂർ സ്വദേശി സിറാജ് വലിയതുറ നൽകിയ പരാതിയെ തുടർന്നാണ് കൊച്ചി മജിസ്‌ട്രേറ്റ് കോടതി മൂന്നുപേർക്കെതിരെ കേസെടുക്കാൻ പോലീസിനോട് ഉത്തരവിട്ടത്. ഏഴ് കോടിയോളം രൂപയാണ് ചിത്രത്തിനായി സിറാജ് മുടക്കിയത്. എന്നാൽ വാഗ്ദാനം ചെയ്ത ലാഭവിഹിതം ലഭിച്ചില്ല എന്നായിരുന്നു ആരോപണം.

കള്ളപ്പണം വെളുപ്പിക്കുന്നതിനായി ടിക്കറ്റ് കളക്ഷൻ കണക്കുകൾ പെരുപ്പിച്ചുകാട്ടിയെന്ന ആരോപണങ്ങൾക്കിടെ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നിയമോപദേശം തേടിയിരുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ നിർമ്മിച്ച എല്ലാ വിജയ ചിത്രങ്ങളുടെയും നിർമ്മാണച്ചെലവ് ഉൾപ്പെടെയുള്ള സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് ED ഇപ്പോൾ. കേരളത്തിലെ തിയേറ്റർ മേഖലയിൽ കള്ളപ്പണ ഇടപാടുകൾ നടക്കുന്നതായി ആരോപിക്കപ്പെടുന്ന സംഭവങ്ങളെക്കുറിച്ച് രണ്ട് ചലച്ചിത്ര നിർമാതാക്കൾ ഇഡിക്ക് വിവരങ്ങൾ നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു, ഇത് കൂടുതൽ അന്വേഷണങ്ങൾക്ക് വഴിവച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow