'മണിപ്പൂർ സർക്കാരിൽ ഞങ്ങൾക്ക് വിശ്വാസമില്ല'; സംസ്ഥാനത്തിന് സുപ്രീം കോടതിയുടെ വിമർശനം

Jul 4, 2024 - 08:18
 0
'മണിപ്പൂർ സർക്കാരിൽ ഞങ്ങൾക്ക് വിശ്വാസമില്ല'; സംസ്ഥാനത്തിന് സുപ്രീം കോടതിയുടെ വിമർശനം

മണിപ്പൂർ സർക്കാരിനെ തങ്ങൾക്ക് വിശ്വാസമില്ലെന്ന് സുപ്രീം കോടതിയുടെ വിമർശനം. കുക്കി വിഭാഗത്തിൽപ്പെട്ട വിചാരണത്തടവുകാരന് ചികിത്സ നിഷേധിച്ച സംഭവത്തിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ജസ്റ്റിസുമാരായ ജെ.ബി പർഡിവാല, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്.

വിചാരണ തടവുകാരനെ ആശുപത്രിയിലേക്ക് മാറ്റാത്തത് കുക്കി വിഭാഗത്തിൽപെട്ട വ്യക്തി ആയതുകൊണ്ടാണോ എന്ന് സുപ്രീംകോടതി ചോദിച്ചു. ശാരീരിക ബുദ്ധിമുട്ടുകളും അസുഖവും ജയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ചികിത്സ നിഷേധിക്കപെടുകയായിരുന്നുവെന്നും കോടതി കുറ്റപ്പെടുത്തി.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ മണിപ്പൂരിൽ മെയ്തേയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അക്രമത്തിൽ കുറഞ്ഞത് 225 പേർ കൊല്ലപ്പെടുകയും 60,000 പേരെ അവരുടെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിചാരണ തുടങ്ങാനിരിക്കുന്ന പ്രതിക്ക് പൈൽസും ക്ഷയവും ബാധിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

കടുത്ത നടുവേദനയെക്കുറിച്ച് ജയിൽ അധികൃതരോടും തടവുകാരൻ പരാതിപ്പെട്ടിരുന്നു.
നവംബർ 22-ന് ഒരു മെഡിക്കൽ ഓഫീസർ പരിശോധിച്ച് തടവുകാരന്റെ നട്ടെല്ലിൽ പരിക്കുണ്ടെന്ന് പറയുകയും എക്സ്-റേ ശുപാർശ ചെയ്യുകയും ചെയ്തതായി സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാൽ മണിപ്പൂർ സെൻട്രൽ ജയിലിൽ മെഡിക്കൽ സൗകര്യം ലഭ്യമായിരുന്നില്ലെന്നും കോടതി പറഞ്ഞു.

അതേസമയം മണിപ്പുർ സെൻട്രൽ ജയിലിൽ കഴിയുന്ന വിചാരണ തടവുകാരനെ ഉടൻതന്നെ ഗുവാഹട്ടി മെഡിക്കൽ കോളേജിലേക്ക് മാറ്റാനും എല്ലാവിധ ചികിത്സയും നൽകാനും സുപ്രീംകോടതി ഉത്തരവിട്ടു. ഈ ചികത്സയുടെ ചെലവ് പൂർണ്ണമായും മണിപ്പുർ സർക്കാർ വഹിക്കണമെന്നും കോടതി നിർദേശിച്ചു. ജൂലായ് 15-നകം മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow