ദേശീയപാത വടക്കഞ്ചേരിയിൽ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം. സ്കൂളിൽ നിന്ന് ടൂർ പോയ ബസും കെഎസ്ആർടിയും കൂട്ടിയിടിച്ച് 9 പേർ മരിച്ചു. 38 പേരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേരുടെ നില ഗുരുതരമാണ്. 5 വിദ്യാർഥികൾ, 1 അധ്യാപകൻ, 3 കെഎസ്ആർടിസി യാത്രക്കാർ എന്നിവരാണ് മരണപ്പെട്ടത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് ടൂർ പോയ ബസ്, കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിന്‍റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. കെഎസ്ആർടിസി ബസിന് പുറകിൽ ഇടിച്ച ടൂറിസ്റ്റ് ബസ് തലകീഴായി മറിയുകയായിരുന്നു. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിന്‍റെ പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ബസ് അമിത വേഗതയിലായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു.
കെഎസ്ആർടിസി ബസിൽ 49 യാത്രക്കാർ ഉണ്ടായിരുന്നു. പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 41 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങുന്ന സംഘമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് വിനോദയാത്രാ സംഘം പുറപ്പെട്ടത്.