പെനാല്‍റ്റിയില്‍ ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് ഹൈദരാബാദ്
ആവേശകരമായ ഐ.എസ്.എല്‍ 2022 ഫൈനല്‍ (ISL Final) മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ (Kerala Blasters) തകര്‍ത്ത് ഹൈദരാബാദ് (Hyderabad FC). പെനാല്‍റ്റിയിലേക്ക് നീണ്ട മത്സരത്തില്‍ ഹൈദരാബാദ് ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയുടെ തകര്‍പ്പന്‍ സേവുകളാണ് ടീമിന് കന്നിക്കിരീടം നേടിക്കൊടുത്തത്. ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ മൂന്ന് കിക്കുകളാണ് കട്ടിമണി തടഞ്ഞിട്ടത്. യോര്‍ഗെ ഡയസിനെയും അല്‍വാരോ വാസ്‌ക്വസിനെയും ഷൂട്ടൗട്ടിന് മുമ്പ് പിന്‍വലിച്ചത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
ലെസ്‌കോവിച്ച്, നിഷു കുമാര്‍, ജീക്ക്സണ്‍ സിങ് എന്നിവരുടെ കിക്കുകള്‍ കട്ടിമണി രക്ഷപ്പെടുത്തിയപ്പോള്‍ ആയുഷ് അധികാരി മാത്രമാണ് ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടത്. ഹൈദരാബാദിനായി ഹാളിചരണ്‍ നര്‍സാരി, ഖാസ കമാറ, ജാവോ വിക്ടര്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. സിവെറിയോയുടെ ഷോട്ട് പുറത്തേക്ക് പോയി.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു. 69ആം മിനുറ്റില്‍ മലയാളി താരം രാഹുല്‍ കെ.പിയുടെ തകര്‍പ്പന്‍ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സാണ് മുന്നിലെത്തിയത്. എന്നാല്‍ 88ആം മിനുറ്റില്‍ സഹില്‍ ടവോരയിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച് ഹൈദരാബാദ് സമനില പിടിക്കുകയായിരുന്നു. ഇതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്‌സ്ട്രാ ടൈമിലും ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിയാതെ വന്നതോടെ മത്സരം പെനാല്‍റ്റിയിലേക്ക് നീങ്ങി.
ആദ്യപകുതിയില്‍ 66 ശതമാനം പന്ത് കൈവശം വെച്ചിരുന്നത് ബ്ലാസ്റ്റേഴ്സ് ആയിരുന്നു. അവസരങ്ങള്‍ ഒരുക്കുന്നതിലും ബ്ലാസ്റ്റേഴ്സായിരുന്നു മുന്നില്‍. ആദ്യ മിനുട്ട് മുതല്‍ തന്നെ അക്രമിച്ച് കളിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമം തുടങ്ങിയിരുന്നു. വളരെ ഫിസിക്കലായ മത്സരമായിരുന്നു ഇന്ന് ഗോവയില്‍ കണ്ടത്. കളിയുടെ 14ആം മിനുട്ടില്‍ ഖാബ്രയുടെ ഒരു ബ്രില്ല്യന്റ് ക്രോസ് ഡിയാസ് ഹെഡ്ഡ് ചെയ്‌തെങ്കിലും ഹൈദരാബാദിന്റെ വലകുലുക്കാന്‍ സാധിച്ചില്ല. പിന്നീട് തുടര്‍ച്ചയായി ബ്ലാസ്റ്റേഴ്‌സ് അക്രമിച്ച് കൊണ്ടേയിരുന്നു.
20ആം മിനുട്ടില്‍ ഒരു ലോംങ് റെയ്ഞ്ചറിന് ശ്രമിച്ച് രാഹുല്‍ കെപി പരാജയപ്പെട്ടു. പലപ്പോഴും ഹൈദരാബാദ് കൗണ്ടര്‍ അറ്റാക്കുകളുമായി രംഗത്ത് എത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തടസമായി. ആദ്യപകുതി അവസാന ഘട്ടത്തോട് അടുത്തപ്പോള്‍ സുവര്‍ണാവസരം ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിരുന്നു. 38ആം മിനുട്ടില്‍ ആല്‍വാരോ വാസ്‌കസിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിപുറത്ത് പോയി. റീബൗണ്ടില്‍ ഹൈദരബാദിനെ ലക്ഷ്യം വെച്ച ഡിയാസിനും പിഴച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന് നിരാശയായിരുന്നു ഫലം.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജാവോ വിക്ടറിന്റെ ലോംഗ് റേഞ്ചര്‍ ഗില്‍ പറന്ന് തടുത്തിട്ടു. 55aആം മിനുറ്റില്‍ ഫസ്റ്റ് ഷോട്ട് കളിച്ച ഒഗ്ബെച്ചെയുടെ ലക്ഷ്യം പാളി. 62-ാം മിനുറ്റില്‍ ഒഗ്ബെച്ചെയുടെ മറ്റൊരു ഷോട്ട് കൂടി പാളി. എന്നാല്‍ 69-ാം മിനുറ്റില്‍ മലയാളിക്കരുത്തില്‍ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. കട്ടിമണിയയുടെ പ്രതിരോധം തകര്‍ത്ത ലോങ് റെയ്ഞ്ചറിലൂടെ രാഹുല്‍ കെ പി ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ ബോക്സിന് തൊട്ടുപുറത്തുനിന്ന് ഹൈദരാബാദിന്റെ മിന്നല്‍ ഫ്രീകിക്ക് ഗില്ലിന്റെ ഗംഭീര സേവില്‍ അപ്രത്യക്ഷമായത് ബ്ലാസ്റ്റേഴ്സിനെ കാത്തു. പിന്നാലെ ഇരു ടീമും ആക്രമണം കടുപ്പിച്ചു. 88-ാം മിനുറ്റില്‍ ടവോരയുടെ ലോംഗ് വോളി ഹൈദരാബാദിനെ ഒപ്പമെത്തിക്കുകയായിരുന്നു.
What's Your Reaction?