ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

Apr 30, 2024 - 00:17
 0
ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

ബിജെപി നേതാവും ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി സിപിഎം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെയുള്ള ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ശോഭ സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ജയരാജന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇപിയ്‌ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടായേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം ഇപിയെ പിന്തുണയ്ക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് വിരോധമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാദം.

ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. ദല്ലാള്‍ നന്ദകുമാറിനെ പോലുള്ളവരുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. ആ ബന്ധം മുന്‍പേ അവസാനിപ്പിച്ചതാണെന്ന് ഇപി യോഗത്തില്‍ അറിയിച്ചു. ദില്ലിയിലും രാമനിലയത്തിലും ഉള്‍പ്പെടെ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം അസംബന്ധമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളും എല്‍ഡിഎഫിന് ലഭിക്കും. വടകരയില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടന്നു. ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചു. തൃശൂരില്‍ ബിജെപി മൂന്നാം സ്ഥാനത്താകും. ഇടത് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെട്ടുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തില്‍ കഴിഞ്ഞ തവണ ഉണ്ടായിരുന്ന പ്രഭാവം രാഹുല്‍ ഗാന്ധിയ്ക്കും കോണ്‍ഗ്രസിനും നിലവില്‍ കേരളത്തിലില്ല. വയനാട്ടില്‍ ഉള്‍പ്പെടെ ഇത് പ്രതിഫലിക്കും. ബിജെപി അക്കൗണ്ട് തുറക്കാന്‍ ലക്ഷ്യമിട്ട് തൃശൂരില്‍ കേന്ദ്ര ഏജന്‍സികളെ ഇറക്കി. പ്രധാനമന്ത്രി നേരിട്ട് കള്ള പ്രചാരണങ്ങള്‍ നടത്തിയെന്നും ഗോവിന്ദന്‍ ആരോപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow