ഭാസിയ്ക്ക് ആ തീരുമാനം എടുക്കാന്‍ ഒരു നിമിഷം പോലും വേണ്ടി വന്നില്ല.. പൂര്‍ണനഗ്നനായി അവതരിപ്പിക്കാന്‍ മറ്റൊരു കാരണമുണ്ട്: ചിദംബരം
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയ്ക്ക് ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടില്‍ അടക്കം ബോക്‌സ് ഓഫീസില്‍ കുതിച്ചു കൊണ്ടിരിക്കുന്ന ചിത്രം 50 കോടി കളക്ഷന്‍ എന്ന നേട്ടത്തില്‍ എത്തിക്കഴിഞ്ഞു.
എറണാകുളം മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുസംഘം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഗുണ കേവ്‌സില്‍ നടക്കുന്ന രംഗങ്ങള്‍ പെരുമ്പാവൂരില്‍ സെറ്റിട്ടും ഒറിജിനല്‍ ഗുണ കേവ്‌സിലുമായാണ് ചിത്രീകരിച്ചത്. ചിത്രത്തിലെ ഒരു സീനില്‍ ശ്രീനാഥ് ഭാസി പൂര്‍ണനഗ്നനായി അഭിനയിച്ചിട്ടുണ്ട്. ഈ രംഗം ഷൂട്ട് ചെയ്തതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകന്‍ ചിദംബരം ഇപ്പോള്‍.
ശ്രീനാഥ് ഭാസി അവതരിപ്പിച്ച സുഭാഷ് എന്ന കഥാപാത്രം സ്വപ്‌നം കാണുന്ന സീനുകളിലാണ് നഗ്നനായി എത്തുന്നത്. ഈ സീനുകള്‍ മുഴുവന്‍ ചിത്രീകരിച്ചത് ഗുണ കേവ്‌സില്‍ തന്നെയാണ്. ”റിയല്‍ ഗുണ കേവ്‌സിന് അകത്ത് വരെ പോയിട്ട് അവിടെ ഒരു സീനെങ്കിലും ചിത്രീകരിച്ചില്ലെങ്കില്‍ മോശമല്ലേ. അങ്ങനെ ചെയ്തതാണ്. ആ കേവ് സിസ്റ്റമൊക്കെ മനുഷ്യകുലത്തേക്കാളും പഴയതാണ്.”
”ഭൂമി ഉണ്ടായ കാലം മുതല്‍ ഉണ്ടായതാണ് എന്നൊക്കെയുള്ള ഫീലാണ് നമുക്കവിടെ നില്‍ക്കുമ്പോള്‍ കിട്ടുക. പൂര്‍ണ നഗ്നനായിട്ടാണ് ഭാസി ആ സീനില്‍ അഭിനയിക്കുന്നത്. ഭാസിയ്ക്ക് ആ തീരുമാനം എടുക്കാന്‍ ഒട്ടും സമയം എടുത്തില്ല. ഞങ്ങള്‍ ഗുണ കേവ് കണ്ടപ്പോള്‍ അവിടെ എന്തെങ്കിലുമൊന്ന് ഷൂട്ട് ചെയ്യണമെന്ന് തോന്നി. അത് സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത സീനാണ്.”
”അങ്ങനെ ഡ്രീം സീക്വന്‍സ് ഷൂട്ട് ചെയ്യാം എന്നു തീരുമാനിച്ചു. രക്തത്തില്‍ കുളിച്ചു വരുന്നത് പോലെ ഷൂട്ട് ചെയ്യാം എന്നോര്‍ത്തു. പക്ഷേ മേക്കപ്പ് ചെയ്‌തെടുക്കാന്‍ ഒരു മണിക്കൂര്‍ വേണമെന്ന് മേക്കപ്പ് ടീം പറഞ്ഞു. ഷൂട്ടിംഗ് പെര്‍മിഷനാണെങ്കില്‍ രാവിലെ 5 മുതല്‍ 9 മണി വരെയെ ഉള്ളൂ. അത് കഴിയുമ്പോള്‍ പിന്നെ ടൂറിസ്റ്റുകള്‍ക്കുള്ള സമയമാണ്.”
”മാക്‌സിമം അരമണിക്കൂര്‍ കൊണ്ട് ഷൂട്ട് ചെയ്യണം. മേക്കപ്പ് എന്തായാലും ചെയ്യാന്‍ പറ്റില്ലെന്ന് മനസ്സിലായി. കോസ്റ്റ്യൂം എന്തു ചെയ്യും എന്നായി പിന്നെ ആലോചന. അപ്പോള്‍ മഷറാണ് പൂര്‍ണ്ണ നഗ്‌നനായി ചിത്രീകരിച്ചാലോ എന്നു ചോദിച്ചത്. വൈ നോട്ട് എന്നു ഞാനും ചോദിച്ചു. ഭാസിയ്ക്ക് അത് ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല” എന്നാണ് ചിദംബരം പറയുന്നത്.
What's Your Reaction?