ദൃശ്യങ്ങൾ ഒഴിവാക്കണം; ദിലീപ് ചിത്രം 'തങ്കമണി'ക്കെതിരെ ഹൈക്കോടതിയിൽ ഹർജി

Jan 22, 2024 - 17:34
 0
ദൃശ്യങ്ങൾ ഒഴിവാക്കണം; ദിലീപ് ചിത്രം 'തങ്കമണി'ക്കെതിരെ ഹൈക്കോടതിയിൽ ഹർജി

ദിലീപിനെ നായകനാക്കി  രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തങ്കമണി’. എണ്‍പതുകളുടെ മധ്യത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം  ഒരുക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ ബാലാത്സംഗ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ് തങ്കമണി സ്വദേശി വി.ആർ.ബിജു.

ചിത്രത്തിന്റെ ടീസറിൽ കാണിച്ചിരിക്കുന്നതുപോലെ പോലീസുകാർ തങ്കമണിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ അത്തരം രംഗങ്ങൾ ചിത്രത്തിൽ നിന്നും ഒഴിവാക്കണമെന്നുമാണ് വി.ആർ.ബിജു നൽകിയ ഹർജിയിൽ പറയുന്നത്.

1986 ഒക്ടോബർ 22 നായിരുന്നു പൊലീസിന്റെ ഈ  നരനായാട്ട് അരങ്ങേറിയത്. കലാപത്തെ കുറിച്ച് അന്വേഷിക്കാൻ മന്ത്രിസഭ ജസ്റ്റിസ് ഡി. ശ്രീദേവികമ്മീഷനായി  നിയമിച്ചിരുന്നു, പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് കമ്മീഷന്  മൊഴി നല്കിയിട്ടും അന്നത്തെ കരുണാകരൻ സർക്കാർ സംഭവത്തിൽ പ്രത്യേകിച്ച് നടപടികളൊന്നും തന്നെ എടുത്തിരുന്നില്ല.

ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് അടുത്ത ആഴ്ചയിൽ ഹർജി പരിഗണിക്കും. ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് തങ്കമണി. എൺപതുകളുടെ മധ്യത്തിൽ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ നാടായി ചരിത്രത്തിൽ പിന്നീട് തങ്കമണിയെ അടയാളപ്പെടുത്തി. ഒരു ബസ്സ് സർവീസിനെ ചൊല്ലിയുണ്ടായ ഒരു തർക്കം കേരള മനസാക്ഷിയെ ഞെട്ടിച്ച വെടിവെപ്പിലാണ് കലാശിച്ചത്.

സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. കൂടാതെ മലയാളത്തിലെയും തമിഴിലെയും ഒരു വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.

അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍,അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു, ജോണ്‍ വിജയ്, സമ്പത്ത് റാം തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

What's Your Reaction?

like

dislike

love

funny

angry

sad

wow