വയനാട്ടിൽ കടുവ കടിച്ചുകൊന്ന കാളക്കുട്ടിയുടെ ജഡവുമായി പ്രതിഷേധം; വനംവകുപ്പ് ജീപ്പിന്‍റെ കാറ്റഴിച്ച് വിട്ട് ജനരോഷം
തുടർച്ചയായുള്ള വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ചുള്ള ഹർത്താലിനിടെ വയനാട്ടിൽ ജനരോഷം അണപൊട്ടിയൊഴുകി. ഹർത്താലിനിടെ ജനക്കൂട്ടം പുൽപ്പള്ളിയിൽ വനംവകുപ്പ് ജീപ്പിന്‍റെ കാറ്റഴിച്ചുവിടുകയും റൂഫ് വലിച്ചുകീറുകയും ചെയ്തു. ഇതിനുശേഷം പ്രതിഷേധക്കാർ ജീപ്പിന് മുകളിൽ റീത്ത് വെച്ചു. പൊലീസിനുനേരെയും പ്രതിഷേധക്കാർ തിരിഞ്ഞു. പുൽപ്പള്ളിയിൽ സംഘർഷാവസ്ഥ തുടരുകയാണ്.
അതിനിടെ കേണിച്ചിറയിൽ പാതി തിന്ന നിലയിൽ കണ്ടെത്തിയ കാളക്കുട്ടിയുടെ ജഡവും പ്രതിഷേധക്കാർ പുൽപ്പളളിയിലേക്ക് എത്തിച്ചു. കാളക്കുട്ടിയുടെ ജഡം പ്രതിഷേധക്കാർ വനംവകുപ്പ് ജീപ്പിന് മുകളിൽ കയറ്റിവെച്ച് കെട്ടി. ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പടെയുള്ളവർ പ്രതിഷേധക്കാർക്കൊപ്പമുണ്ട്.
കഴിഞ്ഞ ദിവസം കാട്ടാന ചവിട്ടിക്കൊന്ന പോളിന്റെ മൃതദേഹവുമായി എത്തിയാണ് നാട്ടുകാർ പ്രതിഷേധം തുടങ്ങിയത്. ജില്ലാ കളക്ടർ അടക്കമുള്ളവർ സ്ഥലത്തെത്തി, നഷ്ടപരിഹാരം ഉൾപ്പടെയുള്ള കാര്യങ്ങളില്‍ ഉറപ്പുനല്‍കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് സമരക്കാർ അറിയിച്ചിട്ടുള്ളത്.
അതിനിടെ വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ യോഗം ചേരാൻ തീരുമാനമായിട്ടുണ്ട്. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവൻ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
What's Your Reaction?