Vijay Leo| സ്ത്രീവിരുദ്ധപരാമർശം: 'ലിയോ'യ്ക്കെതിരെ ബിജെപിയും ഹിന്ദുമക്കൾ ഇയക്കവും
വിജയ് നായകനായ പുതിയ ചിത്രം 'ലിയോ'യുടെ ട്രെയിലറിലെ സ്ത്രീവിരുദ്ധ പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ഹിന്ദുമക്കൾ ഇയക്കം എന്ന സംഘടനയാണ് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. വിജയ്‌യുടെ കഥാപാത്രം പറയുന്ന സംഭാഷണം നീക്കണമെന്നാണ് ആവശ്യം.
സ്ത്രീകൾക്കുനേരെയുള്ള മോശം പ്രയോഗം സിനിമയിൽ ഉപയോഗിക്കുന്നതിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്ന് സംഘടന ആരോപിച്ചു. രണ്ട് ദിവസം മുൻപാണ് ലിയോയുടെ ട്രെയിലർ റിലീസ് ചെയ്തത്.
വൻ സ്വീകാര്യത ലഭിച്ച ട്രെയിലറിന് എതിരെ ചില വിമർശനങ്ങളും ഉയരുകയാണ്. ട്രെയിലറിൽ വിജയ്, തൃഷയുമായുള്ള സംഭാഷണത്തിനിടെ മോശം വാക്ക് ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം.
ബിജെപിയും ലിയോക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. സംഭാഷണത്തിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ട്രെയിലറിൽനിന്നും സിനിമയിൽനിന്നും സംഭാഷണം നീക്കണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് തിരുപ്പതി നാരായണൻ ആവശ്യപ്പെട്ടു.
ലിയോ ട്രെയിലർ റിലീസ് ചെയ്ത ദിവസം മക്കള്‍ അരസിയല്‍ കക്ഷി നേതാവ് രാജേശ്വരി പ്രിയയും ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. ട്രെയിലറിന്റെ 1.46 മിനിറ്റ് ആകുമ്പോഴാണ് സ്ത്രീവിരുദ്ധ പരാമർശം എന്ന സംഭാഷണം വരുന്നത്.
കഴിഞ്ഞ ദിവസം ട്രെയിലർ റിലീസ് ചെയ്തപ്പോൾ ആരാധകർ നടത്തിയ ആഹ്ലാദപ്രകടനത്തിൽ ചെന്നൈയിലെ തിയേറ്ററിൽ കനത്ത നാശമുണ്ടായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം 19നാണ് തിയേറ്ററുകളിൽ എത്തുന്നത്. വിജയ് രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് പുതിയ ചിത്രം എത്തുന്നതെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്.
What's Your Reaction?