നിഖിൽ തോമസിൻ്റെ വ്യാജ ഡിഗ്രി; അബിൻ ആദ്യം സമീപിച്ചത് തിരുവനന്തപുരം ശാഖയിൽ
നിഖിൽ തോമസിൻ്റെ വ്യാജ ഡിഗ്രിക്കായി അബിൻ ആദ്യം സമീപിച്ചത് ഓറിയോണിൻ്റെ തിരുവനന്തപുരം ശാഖയിൽ. കൊവിഡ് കാലത്ത് ഈ ശാഖ പൂട്ടിയതോടെ ശ്രമം നടന്നില്ല. തുടർന്നാണ് ഓറിയോണിൻ്റെ കൊച്ചി ശാഖയിലെത്തിയത്. നിഖിലിൻ്റെ എം കോം പ്രവേശനമായിരുന്നില്ല മുഖ്യ ലക്ഷ്യം. വിദ്യാർത്ഥി അല്ലാതായാൽ എസ് എഫ് ഐ (SFI) യിലെ ഭാരവാഹിത്വം നഷ്ടപ്പെടുമെന്ന സ്ഥിതി വന്നു. ഇതോടെയാണ് ബികോം ഡിഗ്രി വാജമായി ഉണ്ടാക്കിയത്.
അന്വേഷണത്തിൻ്റെ രണ്ടാം ഘട്ടം ഓറിയോൺ കേന്ദ്രീകരിച്ചായിരുന്നു. ഓറിയോണിനെതിരെ കൊച്ചിയിലുള്ളത് 14 കേസുകളാണ്. വിസ തട്ടിപ്പിൽ അറസ്റ്റിലായതോടെ ഉടമ സജു ശശിധരൻ സ്ഥാപനം 2022 ൽ പൂട്ടി. ഓറിയോൺ സർട്ടിഫിക്കറ്റുകൾ അച്ചടിച്ചത് എവിടെ വെച്ചൊണെന്ന് കണ്ടെത്താനാണ് ശ്രമം.
അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി നിഖിൽ തോമസിന് കേരള സര്‍വ്വകലാശാലയില്‍ ആജീവനാന്ത വിലക്കേർപ്പെടുത്തി. കേരള സർവ്വകലാശാല സിൻഡിക്കേറ്റിന്‍റേതാണ് തീരുമാനം. കായംകുളം എംഎസ്എം കോളേജ് അധികാരികളെ വിളിച്ചു വരുത്തും. രജിസ്ട്രാറൂം പരീക്ഷ കൺട്രോളരും അടങ്ങുന്ന സമിതി ഹിയറിങ് നടത്തും. സർട്ടിഫിക്കറ്റ് പരിശോധനക്ക് പ്രത്യേക സെൽ രൂപീകരിക്കും. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സർട്ടിഫിക്കറ്റുകളും പരിശോധിക്കും.
നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തിരുന്നു. ബികോം (B.Com)ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്. കേസിലെ നിർണായക രേഖകളാണ് കണ്ടെടുത്തത്. പ്രതിക്ക് പെട്ടെന്ന് ഒളിവിൽ പോകേണ്ടി വന്നതിനാൽ ഇത് ഒളിപ്പിക്കാനായില്ലെന്നാണ് കരുതുന്നത്. സി പി എം ജില്ലാ കമ്മിറ്റി ഡിഗ്രി ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ തുല്യതാ സർട്ടിഫിക്കറ്റ് മാത്രമാണ് നിഖിൽ കൊടുത്തത്. യഥാർഥ സർട്ടിഫിക്കറ്റ് സർവകലാശാലയുടെ പക്കലാണെന്നായിരുന്നു നിഖിൽ പറഞ്ഞത്.
What's Your Reaction?