കെവി തോമസിന് ഒരു വർഷം മുൻകാല പ്രാബല്യത്തിൽ ഒരു പ്രൈവറ്റ് സെക്രട്ടറി കൂടി
ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രതിനിധിയായ കെവി തോമസിന് വീണ്ടും പേഴ്സണൽ സ്റ്റാഫിനെ അനുവദിച്ച് ഉത്തരവിറക്കി സർക്കാർ. ഡൽഹിയിൽ താമസിക്കുന്ന അഡ്വ. കെ റോയ് വർഗീസിനെയാണ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. പ്രൈവറ്റ് സെക്രട്ടറിയെ വേണമെന്ന കെ വി തോമസിന്റെ ആവശ്യമാണ് നിയമനത്തിന് അടിസ്ഥാനമായത്. ഒരു വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് നിയമനം. 2023 ജനുവരി 27 മുതൽ നിയമനത്തിന് സാധുതയുണ്ട്. 44,020 രൂപയാണ് പ്രതിമാസ ശമ്പളം. മുൻകാല പ്രാബല്യം നൽകിയിട്ടുള്ളതിനാൽ 5,28,240 രൂപ ശമ്പളക്കുടിശ്ശികയും ലഭിക്കും.
കെ വി തോമസിന് 12.5 ലക്ഷം ഓണറേറിയം അനുവദിച്ച് സർക്കാർ ഉത്തരവ് വിവാദമായിരുന്നു. പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. ഓണറേറിയത്തിന് പുറമെ മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ഡൽഹിയിൽ കെ വി തോമസിനായി നിയമിച്ചിട്ടുണ്ട്. ശമ്പളം വേണ്ടെന്ന് കെ വി തോമസ് പറഞ്ഞതിനെ തുടർന്നാണ് ഓണറേറിയം അനുവദിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് കെ വി തോമസ് കോൺഗ്രസ് വിട്ടത്. പിന്നാലെ സിപിഎം വേദികളിൽ അദ്ദേഹം പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇപ്പോൾ സിപിഎമ്മുമായി സഹകരിക്കുകയാണ്. 2023 ജനുവരി 18നാണ് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം സംസ്ഥാന സർക്കാർ നൽകിയത്. നേരത്തെ ഓണറേറിയം അനുവദിച്ചത് വിവാദമായിരുന്നു.
What's Your Reaction?