അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി തേടി കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ
തെരുവുനായ ആക്രമണം രൂക്ഷമായതോടെ അക്രമകാരികളായ നായയെ കൊല്ലാൻ അനുമതി തേടി കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചു. തെരുവുനായ്ക്കളെയും പേപ്പട്ടികളെയും ദയാവധത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകൻ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് ജില്ലാ പഞ്ചായത്തിനുവേണ്ടി സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
കണ്ണൂർ മുഴുപ്പിലങ്ങാട് കഴിഞ്ഞ ദിവസവും മൂന്നാം ക്ലാസുകാരിയായ പെൺകുട്ടി തെരുവുനായകളുടെ ആക്രമണത്തിന് ഇരയായി. മൂന്ന് നായകൾ ചേർന്ന് കുട്ടിയെ ശരീരമാസകലം കടിച്ചു പരിക്കേൽപ്പിച്ചു. സമീപവാസികൾ ഓടിയെത്തിയതോടെ നായകൾ കുട്ടിയെ ഉപേക്ഷിച്ച് പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടു നില്‍ക്കുകയായിരുന്ന ഒമ്പത് വയസുകാരിയെയാണ് തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. പാച്ചാക്കരയിലെ മൂന്നാം ക്ളാസ് വിദ്യാത്ഥിനിയായ ജാൻവി(9)ക്കാണ് പരിക്കേറ്റത്. കുട്ടിയുടെ തുടയിലും കൈയിലും അടക്കം ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. നിലവില്‍ കണ്ണര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നേരത്തെ മുഴുപ്പിലങ്ങാട് വെച്ച് തെരുവുനായ ആക്രമണത്തില്‍ സംസാരശേഷിയില്ലാത്ത പതിനൊന്നു വയസുകാരൻ മരിച്ചിരുന്നു. മുഴപ്പിലങ്ങാട് കെട്ടിനകം ബൈത്തുല്‍ റഹ്മയില്‍ നൗഷാദ് – നുസീഫ ദമ്ബതികളുടെ മകൻ നിഹാല്‍ നൗഷാദാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെ വീട്ടിൽനിന്ന് കാണാതായ നിഹാലിനെ രാത്രി എട്ടു മണിയോടെയാണ് സമീപത്തെ പറമ്പിൽ കടിയേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
What's Your Reaction?