വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

Aug 8, 2024 - 09:48
 0
വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. എക്‌സിലിട്ട പോസ്റ്റിലൂടെയാണ് അവര്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ”ഗുസ്തി ജയിച്ചു, ഞാന്‍ തോറ്റു, എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ സ്വപ്നവും എന്റെ ധൈര്യവും തകര്‍ന്നിരിക്കുന്നു. എനിക്ക് ഇപ്പോള്‍ കൂടുതല്‍ ശക്തിയില്ല” എന്നാണ് അവര്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, ഒളിംപിക്‌സില്‍നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് യുണൈറ്റഡ് വേള്‍ഡ് റസ്‌ലിങ് തലവന്‍ നെനാദ് ലലോവിച് വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ ജനതയ്ക്ക് മുഴുവന്‍ ഹൃദയഭേദകമായ വാര്‍ത്തയായിരുന്നു വിനേഷ് ഫോഗട്ടിന്റെ അയോഗ്യയാക്കല്‍. ഭാരപരിശോധനയില്‍ ബെയ്സ് ഭാരത്തെക്കാളും 100 ഗ്രാം കൂടിയതിനെ തുടര്‍ന്നാണ് താരത്തിനെ അയോഗ്യ ആയി പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ച ഗോദയില്‍ നേടിയ തുടര്‍ച്ചയായ മൂന്ന് ജയങ്ങളോടെയാണ് താരം ഫൈനലിലെത്തിയത്. ഒരു അന്താരാഷ്ട്ര മത്സരത്തില്‍ പോലും തോല്‍ക്കാത്ത, നാലുതവണ ലോകം ജയിച്ച, ഒളിമ്ബിക്‌സിലെ സ്വര്‍ണത്തിളക്കവുമുള്ള ജപ്പാന്റെ യൂയി സുസാക്കിയായിരുന്നു പ്രീക്വാര്‍ട്ടറില്‍ ഫോഗട്ടിന് മുന്നിലെത്തിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഫോഗട്ട് നടത്തിയത് ഗോദ കണ്ട ഏറ്റവും വലിയ തിരിച്ചുവരവാണ്. അഞ്ച് സെക്കന്‍ഡ് മാത്രം ബാക്കി നില്‍ക്കെ സുസാക്കിയെ മലര്‍ത്തിയടിച്ച ഫോഗട്ടില്‍ ലോകം ഒരു പോരാളിയെക്കണ്ടു. തോല്‍വിയറിയാത്ത 82 മത്സരങ്ങള്‍ക്ക് ശേഷം സുസാക്ക് തോറ്റെന്ന വാര്‍ത്ത ഗുസ്തി ലോകത്ത് വലിയ ഞെട്ടലാണുണ്ടാക്കിയത്.

സുസാക്കിയെ മറിച്ചിട്ടതോടെ ഫോഗട്ട് ശക്തയായി മാറിയിരുന്നു. ക്വാര്‍ട്ടറില്‍ യുക്രൈന്റെ ഒക്‌സാന ലിവാച്ചിനെയും സെമിയില്‍ ക്യൂബയുടെ യുസൈലിസ് ഗുസ്മാനെയും തോല്‍പ്പിച്ച് ചരിത്ര ഫൈനലിലേക്ക്. ഇതിനുപിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഭാരം കൂടുതലായതിനാല്‍ അയോഗ്യനാക്കിയ വാര്‍ത്ത പുറത്തു വന്നത്.

എന്ത് കൊണ്ടാണ് ഭാരം കൂടിയത് എന്ന കാര്യത്തില്‍ ഔദ്യോഗീക വിശദീകരണവും പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം 3 റൗണ്ടുകള്‍ ആണ് വിനേഷ് കളിച്ചത്. പ്രീ ക്വാട്ടര്‍, ക്വാട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍ എന്നി റൗണ്ടുകളായിരുന്നു അത്. ഓരോ റൗണ്ട് കഴിയുമ്പോഴും ഇടയ്ക്ക് ഇടവേളകള്‍ ലഭിച്ചിരുന്നു. ആ ഇടവേളകളില്‍ താരം കഴിച്ച ഭക്ഷണം മൂലമാണ് ഭാരം കൂടാന്‍ കാരണമായത് എന്നാണ് ഔദ്യോഗീക വിശദീകരണം. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ശേഷം വെള്ളം പോലും കുടിച്ചിരുന്നില്ല. ഭാരം കൂടാന്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയങ്ങള്‍ ഉറങ്ങാതെ മുഴുവന്‍ വര്‍ക്ക് ഔട്ട് ചെയ്യുകയായിരുന്നു വിനേഷ്.

വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ തീരുമാനം പുഃനപരിശോധിക്കണമെന്ന ആവശ്യവുമായി ഇന്ത്യ രാജ്യാന്തര ഒളിമ്പിക് അസോസിയേഷനെ സമീപിച്ചെങ്കിലും കാര്യം ഒന്നും ഉണ്ടായില്ല. താരത്തിന് പിന്തുണയുമായി നിരവധി പ്രമുഖര്‍ രംഗത്ത് എത്തിയിരുന്നു.

സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ ഗൂഢാലോചന നടന്നതിനാലാണ് മെഡല്‍ നഷ്ടമായതെന്ന് കോണ്‍ഗ്രസ് എം.പി ബല്‍വന്ത് വാങ്കഡെ ആരോപിച്ചിരുന്നു. ‘ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ സങ്കടകരമായ വാര്‍ത്തയാണ്. ഇതിന് പിന്നില്‍ ചില ഗൂഢാലോചനയുണ്ട്. അവള്‍ ജന്തര്‍ മന്തറില്‍ സമരം നടത്തിയെന്ന് രാജ്യത്തിന് മുഴുവന്‍ അറിയാം. അവള്‍ക്ക് നീതി ലഭിച്ചില്ല, ഇപ്പോള്‍ വിജയിച്ചാല്‍ അവര്‍ക്ക് അവളെ ബഹുമാനിക്കേണ്ടിവരുമായിരുന്നു. അതിഷ്ടപ്പെട്ടു കാണില്ലന്നും അദേഹം പറഞ്ഞിരുന്നു. ഉറപ്പായിരുന്ന ഒരു മെഡലാണ് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതോടെ രാജ്യത്തിന് നഷ്ടമായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow