മന്ത്രി വി അബ്ദുറഹിമാന്‍ സിപിഎമ്മില്‍;നിയമസഭാ അംഗങ്ങളുടെ എണ്ണത്തിൽ പാർട്ടി ചരിത്രനേട്ടത്തിൽ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏക മന്ത്രിയായ അദ്ദേഹത്തെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന
മന്ത്രി വി അബ്ദുറഹിമാന്‍ സിപിഎമ്മില്‍ ചേര്‍ന്നു.ഇതോടെ നിയമസഭയിൽ സിപിഎം അംഗങ്ങളുടെ എണ്ണം 63 ആയി കൂടി എൽ ഡി എഫ് ഘടക കക്ഷികളുടെ എണ്ണം 10 ആയി കുറഞ്ഞു.താനൂര്‍ എംഎല്‍എയായ അബ്ദുറഹിമാന്‍ കോണ്‍ഗ്രസ് വിട്ട് ഒമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിപിഎം അംഗത്വം എടുക്കുന്നത്. നാഷണൽ സെക്യുലർ കോൺഫറൻസ് പാർട്ടി അംഗമായിരുന്നു.
കായികം, ഹജ്ജ്, വഖ്ഫ് വകുപ്പുകളുടെ മന്ത്രിയായ മലപ്പുറം ജില്ലയിൽ നിന്നുള്ള ഏക മന്ത്രിയായ അദ്ദേഹത്തെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. മന്ത്രി ആയതിനാൽ അടുത്ത സംസ്ഥാന കമ്മിറ്റി ചേർന്ന ശേഷമാകും അന്തിമ തീരുമാനം.
16 സീറ്റുള്ള മലപ്പുറം ജില്ലയിൽ നിന്നും സിപിഎം എം എൽ എ മാരുടെ എണ്ണം രണ്ടായി. രണ്ട് സ്വതന്ത്രർ ഉൾപ്പടെ ഇടതു പക്ഷത്തിന് 4 എം എൽ എ മാരാണ് നിലവിൽ.ആകെയുള്ള 99 എൽ ഡി എഫ് അംഗങ്ങളിൽ 5 പേർ സ്വതന്ത്രരാണ്.
2014 ലാണ് മലപ്പുറം തിരൂര്‍ പൂക്കയില്‍ സ്വദേശിയായ അബ്ദുറഹിമാന്‍ കോണ്‍ഗ്രസ് വിടുന്നത്. തുടർന്ന് പൊന്നാനിയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. ഇടത് സ്വതന്ത്രനായി 2016 ൽ സിറ്റിംഗ് എം എൽ എ അബ്ദുറഹിമാൻ രണ്ടത്താണിയെ 4,918 വോട്ടിന് പരാജയപ്പെടുത്തി താനൂർ നിന്ന് നിയമസഭയിലെത്തി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെയാണ് തോല്‍പ്പിച്ചത്. ഒപ്പത്തിനൊപ്പം നിന്ന വോട്ടെണ്ണലിനൊടുവില്‍ 985 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം.
കെ എസ് യു യൂണിറ്റ് സെക്രട്ടറി, തിരൂര്‍ താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് തിരൂര്‍ ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി പദവികള്‍ വഹിച്ചിട്ടുണ്ട്. കെപിസിസി അംഗമായിരുന്നു.അഞ്ചുവര്‍ഷം തിരൂര്‍ നഗരസഭാ ഉപാധ്യക്ഷനായി. അഞ്ചു വര്‍ഷം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായി.
കഴിഞ്ഞ ഞായറാഴ്ച 22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണത്തില്‍ പ്രതികരണത്തിനില്ലെന്ന് മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു. ബോട്ടപകടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. അപകടം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു
What's Your Reaction?