എലിയെ വാലിൽ കല്ലുകെട്ടി വെള്ളത്തിൽ മുക്കിക്കൊന്ന യുവാവിനെതിരെ 30 പേജുള്ള കുറ്റപത്രവുമായി യു പി പൊലീസ്

എലിയുടെ വാലിൽ കല്ല് കെട്ടി അഴുക്കുചാലിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ ഉത്തർപ്രദേശ് പൊലീസ് ബദൗൻ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത് 30 പേജുള്ള കുറ്റപത്രമാണ്

Apr 12, 2023 - 16:47
Apr 16, 2023 - 03:32
 0
എലിയെ വാലിൽ കല്ലുകെട്ടി വെള്ളത്തിൽ മുക്കിക്കൊന്ന യുവാവിനെതിരെ 30 പേജുള്ള കുറ്റപത്രവുമായി യു പി പൊലീസ്

കുപ്രസിദ്ധമായ കേസുകളിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത് പലപ്പോഴും വാർത്തകളിൽ ഇടംനേടാറുണ്ട്. എന്നാൽ ചത്തുപോയ എലിക്ക് നീതി തേടി ഉത്തർപ്രദേശ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതാണ് ഇപ്പോൾ കൗതുകമായിരിക്കുന്നത്. എലിയുടെ വാലിൽ കല്ല് കെട്ടി അഴുക്കുചാലിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ ഉത്തർപ്രദേശ് പൊലീസ് ബദൗൻ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത് 30 പേജുള്ള കുറ്റപത്രമാണ്.

കഴിഞ്ഞ വർഷം നവംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. നവംബർ 25നാണ് മനോജ് കുമാർ എന്നയാൾക്കെതിരെ പൊലീസിന് പരാതി ലഭിച്ചത്. കുമാർ എലിയെ വാലിൽ കല്ല് കെട്ടി അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞതായി പരാതിക്കാരനായ വികേന്ദ്ര ശർമ തങ്ങളെ അറിയിച്ചതായി പൊലീസ് പറഞ്ഞു. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനായി പ്രവർത്തിക്കുന്ന വ്യക്തിയാണ് വികേന്ദ്ര ശർമ. എലിയെ രക്ഷിക്കാൻ താൻ അഴുക്കുചാലിൽ ഇറങ്ങിയെങ്കിലും അത് ചത്തുപോയിരുന്നതായാണ് വികേന്ദ്ര ശർമ പൊലീസിനോട് പറഞ്ഞത്.

ഫോറൻസിക് റിപ്പോർട്ട്, മാധ്യമങ്ങളിലെ വീഡിയോകൾ, വിവിധ വകുപ്പുകളിൽനിന്ന് ശേഖരിച്ച വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയതെന്ന് സർക്കിൾ ഓഫീസർ (സിറ്റി) അലോക് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. എലിക്ക് ശ്വാസകോശത്തിലും കരളിനും അണുബാധയുണ്ടെന്നും ശ്വാസംമുട്ടിയാണ് ചത്തതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കുമാറിനെ പൊലിസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.

ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ അയച്ചാണ് പൊലീസ് എലിയുടെ പോസ്റ്റ് മോർട്ടം നടത്തിയത്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരം 10 രൂപ മുതൽ 2000 രൂപ വരെ പിഴയോ മൂന്നുവര്‍ഷം വരെ ജയിൽ ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണിതെന്ന് അധികൃതർ പറയുന്നു. 429ാം വകുപ്പ് പ്രകാരം അഞ്ചുവര്‍ഷം വരെ തടവും പിഴയും ലഭിച്ചേക്കാം.

എന്നാൽ മനോജിനെ പിന്തുണച്ച് പിതാവ് രംഗത്തെത്തി. ”എലിയെയോ കാക്കയെ കൊല്ലുന്നത് തെറ്റല്ല, അവ അപകടകാരികളായ ജീവികളാണ്. എലിയെ കൊന്നതിന് എന്റെ മകനെ ശിക്ഷിക്കുകയാണെങ്കിൽ, കോഴികളേയും ആടുകളേയും മീനുകളേയും കൊല്ലുന്നവർക്കെതിരെയും നടപടി സ്വീകരിക്കണം. എലിയെ കൊല്ലുന്നതിനുള്ള വിഷം വിൽക്കുന്നവരെയും ശിക്ഷിക്കണം” – അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow