ആന്റണിയുടെ ഐക്യ സമരാഹ്വാനം സ്വീകരിച്ച് കോടിയേരി, റേഷന്‍, കഞ്ചിക്കോട് വിഷയത്തില്‍ യോജിച്ച് സമരം ചെയ്യാം
എ.കെ.ആന്റണിയുടെ ഐക്യ സമരാഹ്വാനം സ്വീകരിച്ച് കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാനവിരുദ്ധ നിലപാടുകള്‍ക്കെതിരെ യുഡിഎഫുമായി ചേര്‍ന്ന് പോരാട്ടത്തിന് തയ്യാറാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
തിരുവനന്തപുരം: എ.കെ.ആന്റണിയുടെ ഐക്യ സമരാഹ്വാനം സ്വീകരിച്ച് കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാനവിരുദ്ധ നിലപാടുകള്‍ക്കെതിരെ യുഡിഎഫുമായി ചേര്‍ന്ന് പോരാട്ടത്തിന് തയ്യാറാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിന്റെ റേഷന്‍ സമ്പ്രദായം അട്ടിമറിക്കുന്നതിലും പാലക്കാട് കോച്ച് ഫാക്ടറി വിഷയത്തിലും ഒന്നിച്ച് പോരാടാന്‍ എല്‍ഡിഎഫ് തയ്യാറാണെന്ന് കോടിയേരി വ്യക്തമാക്കി. സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ നേര്‍വഴി എന്ന കോളത്തില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തിന്റെ റേഷന്‍ സമ്പ്രദായം കേന്ദ്രം അട്ടിമറിക്കുകയാണ്. ഇതിന് അറുതി വരുത്താനുള്ള നടപടിക്ക് വേണ്ടിയാണ് സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാന്‍ തീരുമാനിച്ചിട്ടുള്ളത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും റേഷന്‍ അരി ലഭ്യമായിരുന്ന സംസ്ഥാനത്ത് അത് അട്ടിമറിക്കപ്പെട്ടത് കേന്ദ്രഭക്ഷ്യ ഭദ്രതാ നിയമം മൂലമാണ്. ഈ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണ്. അത് ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കി. റേഷന്‍ സമ്പ്രദായം പുനസ്ഥാപിക്കാന്‍ കേരളത്തിലെ ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തി പോരാടണം. യോജിച്ചുള്ള സമരത്തെ കുറിച്ച് എകെ ആന്റണി പ്രസംഗിച്ച് കണ്ടു. ഇക്കാര്യത്തില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും യോജിച്ച പോരാട്ടം വളര്‍ത്തുക എന്നതാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും കാഴ്ചപ്പാട്. ലേഖനത്തില്‍ പറയുന്നു.കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തിലും എല്‍ഡിഎഫുമായോജിച്ച് സമരം ചെയ്യാമെന്ന് ആന്റണി പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ മോദി സര്‍ക്കാരിന്റെ കേരളവിരുദ്ധ നിലപാടിനെതിരെ പാര്‍ലമെന്റിനുള്ളില്‍ യോജിച്ച് നില്‍ക്കാനും പോരാടാനും എല്‍ഡിഎഫ് തയ്യാറാണ്. അതിനൊപ്പം കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാകാത്തതിന് ആന്റണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് ചെറുതല്ലെന്ന് ഓര്‍മിക്കണം. യുപിഎ ഭരണത്തിലെ പത്ത് വര്‍ഷത്തില്‍ കോച്ച് ഫാക്ടറി നിര്‍മാണം തുടങ്ങാമായിരുന്നു. റായ്ബറേലിക്ക് വേണ്ടി കേരളത്തിന്റെ കോച്ച് ഫാക്ടറി അട്ടിമറിച്ചു. അന്ന് എട്ട് പേര്‍ കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രിയായിരുന്നു. ലേഖനത്തില്‍ കോടിയേരി ചൂണ്ടിക്കാട്ടുന്നു.
What's Your Reaction?