Swapna Suresh| 'മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജാ ഭരണാധികാരിയുടെ സഹായം തേടി': സ്വപ്ന

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്നാണ് സത്യവാങ്മൂലത്തിൽ സ്വപ്‍നയുടെ ആരോപണം

Jun 16, 2022 - 17:23
 0
Swapna Suresh| 'മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജാ ഭരണാധികാരിയുടെ സഹായം തേടി': സ്വപ്ന

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് (Swapna Suresh) കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍. മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടിയെന്ന് സ്വപ്‌ന ഇതില്‍ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടന്നുവെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ചർച്ചയിൽ ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തുവെന്നും സ്വപ്ന പറയുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് പലതരത്തിലുള്ള ഭീഷണികളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചപ്പോഴാണ് സ്വപ്‌ന സുരേഷ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. എറണാകുളം സെഷന്‍സ് കോടതിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്.

2017 സെപ്റ്റംബറില്‍ ഷാര്‍ജ ഭരണാധികാരി കേരള സന്ദര്‍ശനത്തിനിടെ ക്ലിഫ്ഹൗസിലും എത്തുകയുണ്ടായി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹത്തിന്റെ കുടുംബം ഒരു ബിസിനസ് താത്പര്യം ഷാര്‍ജ ഭരണാധികാരിയെ അറിയിച്ചുവെന്ന് സ്വപ്‌ന സത്യവാങ്മൂലത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഷാര്‍ജയില്‍ ഐടി സംരംഭം തുടങ്ങുന്നതിനുള്ള താത്പര്യമാണ് അറിയിച്ചത്. ഷാർജ ഭരണാധികാരിയുടെ എതിർപ്പാണ് ബിസിനസ് തുടങ്ങുന്നതിന് തടസ്സമായത്. ഷാർജ ഐടി മന്ത്രിയുമായും മുഖ്യമന്ത്രി സംസാരിച്ചു.

കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ നിന്നാണ് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് കൊണ്ടുപോയത്. ചെമ്പിന്റെ വലുപ്പം സംബന്ധിച്ചും സ്വപ്‌ന സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. സാധാരണത്തേതിലും വലിപ്പുള്ള ഈ ചെമ്പ് ഫോയില്‍ഡ് പേപ്പറില്‍ അടച്ചുകെട്ടിയതിനാല്‍ കൊണ്ടുപോകുന്നവര്‍ക്കും ഇതില്‍ എന്താണ് ഉള്ളതെന്ന് വ്യക്തതയില്ല. നാലുപേര്‍ ചേര്‍ന്നാണ് ചെമ്പ് പിടിച്ചത്. ബിരിയാണി ചെമ്പ് പരാമർശമുള്ള ശിവശങ്കറിന്റെ ചാറ്റ് തന്റെ മൊബൈലിൽ ഉണ്ട്. എൻഐഎ പിടിച്ചെടുത്ത മൊബൈലുകൾ കോടതിയുടെ കൈവശമുണ്ടെന്നും സ്വപ്ന വ്യക്തമാക്കി.
 
ക്ലിയറന്‍സുകളൊന്നുമില്ലാതെ ബിരിയാണി ചെമ്പ് ക്ലിഫ് ഹൗസിലേക്കെത്തിക്കുന്നതിന് ശിവശങ്കര്‍ നേതൃത്വം കൊടുത്തുവെന്നും ആരോപിക്കുന്നു. അത് എത്തുന്നത് വരെ കോണ്‍സുര്‍ ജനറല്‍ അസ്വസ്ഥനായിരുന്നുവെന്നും പറയുന്നു. സ്വപ്‌നയുടെ സത്യവാങ്മൂലത്തിലെ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി 164 പ്രകാരമുള്ള രഹസ്യമൊഴി നല്‍കാന്‍ ആവശ്യപ്പെട്ടത്.

സ്വപ്നയുടെ സത്യവാങ്മൂലം സംബന്ധിച്ച വാർത്ത ശരിയെങ്കിൽ ഗുരുതര ആരോപണമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കള്ളമൊഴിയാണെങ്കിൽ മുഖ്യമന്ത്രി എന്ത് കൊണ്ട് നിയമത്തിന്റെ വഴി തേടുന്നില്ലെന്നും സതീശൻ ചോദിച്ചു.

ക്ലിഫ് ഹൗസിൽ ഔദ്യോഗിക ആവശ്യത്തിന്  മാത്രമാണ് സ്വപ്ന എത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഇത് സ്ഥിരീകരിക്കുന്നതിന് 2020 ഒക്ടോബർ 13നു നടന്ന വാർത്താസമ്മേളനത്തിന്റെ വിഡിയോ ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിരുന്നു. കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണ് അവർ അന്നു വന്നതെന്നും ആ നിലയ്ക്കാണ് അവരെ പരിചയമെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറയുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow