ഏറ്റവും കൂടുതൽ ഉപരോധങ്ങളുള്ള രാജ്യം ഇപ്പോൾ റഷ്യ; ഉത്തര കൊറിയയെയും ഇറാനെയും മറികടന്നു

യുഎസും പാശ്ചാത്യ സഖ്യകക്ഷികളും റഷ്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ പുതിയ 2,778 ഉപരോധങ്ങൾ റഷ്യയെ എക്കാലത്തെയും ഏറ്റവും കൂടുതൽ ഉപരോധം ഏറ്റുവാങ്ങിയ രാജ്യമാക്കി മാറ്റിയതായി വാർത്താ ഏജൻസി

Mar 9, 2022 - 22:41
Mar 10, 2022 - 00:42
 0
ഏറ്റവും കൂടുതൽ ഉപരോധങ്ങളുള്ള രാജ്യം ഇപ്പോൾ റഷ്യ; ഉത്തര കൊറിയയെയും ഇറാനെയും മറികടന്നു

ഇറാൻ (Iran), ഉത്തരകൊറിയ (North Korea), ക്യൂബ (Cuba), വെനസ്വേല, മ്യാൻമർ എന്നീ രാജ്യങ്ങളെ മറികടന്ന് റഷ്യ (Russia) ഏറ്റവും കൂടുതൽ ഉപരോധം നേരിടുന്ന രാജ്യമായി മാറിയെന്ന് ബ്ലൂംബെർഗിന്റെ റിപ്പോർട്ട്. യുഎസും (US) പാശ്ചാത്യ സഖ്യകക്ഷികളും റഷ്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ പുതിയ 2,778 ഉപരോധങ്ങൾ റഷ്യയെ എക്കാലത്തെയും ഏറ്റവും കൂടുതൽ ഉപരോധം ഏറ്റുവാങ്ങിയ രാജ്യമാക്കി മാറ്റിയതായി വാർത്താ ഏജൻസി ഒരു റിപ്പോർട്ടിൽ വ്യക്തമാക്കി.

ആഗോള ഉപരോധ-ട്രാക്കിംഗ് ഡാറ്റാബേസായ Castellum.ai അടിസ്ഥാനമാക്കിയുള്ള ബ്ലൂംബെർഗിന്റെ റിപ്പോർട്ട് അനുസരിച്ച് റഷ്യ 5,530 ഉപരോധങ്ങൾ നേരിടുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 3,616 ഉപരോധങ്ങളുമായി ഇറാൻ റഷ്യയുടെ തൊട്ടു പിന്നിലുണ്ട്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുക്രെയ്‌നെതിരെ യുദ്ധം ആരംഭിച്ച് ഒരാഴ്ചയ്ക്കിടെയാണ് റഷ്യ ഈ ഉപരോധങ്ങളിൽ പകുതിയിലേറെയും നേരിട്ട് തുടങ്ങിയത്. ഉപരോധം റഷ്യയെ ആഗോള സമ്പദ്‌വ്യവസ്ഥയിലെ പങ്കാളി എന്നതിൽ നിന്ന് രണ്ടാഴ്ച്ച കൊണ്ട് സാമ്പത്തിക ഭ്രഷ്ട് കൽപ്പിക്കപ്പെട്ട രാജ്യമായി മാറ്റിയെന്ന് യുഎസ് പ്രസിഡന്റുമാരായ ഒബാമയുടെയും ട്രംപിന്റെയും കീഴിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ഉദ്യോഗസ്ഥനും കാസ്റ്റല്ലം ഡോട്ട് എഐയുടെ സ്ഥാപകനുമായ പീറ്റർ പിയാറ്റെറ്റ്‌സ്‌കി ബ്ലൂംബെർഗിനോട് പറഞ്ഞു.

ഒരു നാറ്റോ ഇതര സഖ്യകക്ഷിക്കായി റഷ്യൻ സേനയുമായി നേരിട്ട് പോരാടുന്നതിന് പകരമായാണ് നാറ്റോയും യുഎസ് സൈനികരും റഷ്യയ്ക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത്. Sberbank പോലുള്ള റഷ്യൻ സ്ഥാപനങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനെതിരെ റഷ്യ മുന്നറിയിപ്പ് നൽകി. "ഇത് ഒരു യുദ്ധ പ്രഖ്യാപനത്തിന് സമാനമാണ്," പാശ്ചാത്യ രാജ്യങ്ങളുടെയും യുഎസിന്റെയും ഉപരോധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവെ പുടിൻ പറഞ്ഞു. റഷ്യയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന ഉപരോധങ്ങൾ രാജ്യത്തെ സ്ഥാപനങ്ങളേക്കാൾ സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവരെ ലക്ഷ്യം വച്ചുള്ളതാണ്. 343 സ്ഥാപനങ്ങൾക്കും 2,427 വ്യക്തികൾക്കും മേലാണ് യുഎസും മറ്റ് രാജ്യങ്ങളും ഉൾപ്പെടെ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. റഷ്യക്കെതിരെ ഏറ്റവും കൂടുതൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത് സ്വിറ്റ്സർലൻഡാണ്. 568 ഉപരോധങ്ങളാണ് സ്വിറ്റ്സർലൻഡ് റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്നത്.

യൂറോപ്യൻ യൂണിയൻ (518), ഫ്രാൻസ് (512) എന്നിങ്ങനെയാണ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. 243 ഉപരോധങ്ങളാണ് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്നത്. യുഎസിന്റെ അയല്‍ രാജ്യമായ കാനഡയും സമാനമായ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ പരമാധികാര വായ്പ വാങ്ങുന്നതില്‍ നിന്ന് കനേഡിയന്‍മാരെ വിലക്കുകയും സര്‍ക്കാര്‍ പിന്തുണയുള്ള റഷ്യന്‍ ബാങ്കുകളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ നിര്‍ത്തുകയാണെന്ന് കാനഡ അറിയിക്കുകയും ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow