പാസ്പോര്‍ട്ട് വെരിഫിക്കേഷന് 1000 രൂപ കൈക്കൂലി; എഎസ്ഐ വിജിലന്‍സ് പിടിയില്‍

May 2, 2022 - 00:15
 0

കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് എ എസ് ഐ(ASI) പിടിയിലായി(Arrest). പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ അസി. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കുളപ്പറം സ്വദേശി പി.രമേശനാണ് വലയിലായത്. കണ്ണൂര്‍ വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് എ.എസ്.ഐ.യെ അറസ്റ്റ് ചെയ്തത്.

മാടായി സ്വദേശി മഞ്ഞേരവളപ്പില്‍ ശരത്കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. ശരത്കുമാര്‍ പാസ്‌പ്പോര്‍ട്ടിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിന് എ എസ് ഐ കൈക്കൂലി ആവശ്യപ്പെട്ടു. സംഭവം ശരത്കുമാര്‍ വിജിലന്‍സിനെ അറിയിച്ചു.

ശനിയാഴ്ച വൈകീട്ട് അഞ്ചോടെ പഴയങ്ങാടി ബസ് സ്റ്റാന്‍ഡിനടുത്തു വെച്ച് പണം കൈമാറുമ്പോള്‍ വിജിലന്‍സ് സംഘം രമേശനെ പിടികൂടി. പാസ്‌പ്പോര്‍ട്ട് വെരിഫിക്കേഷന് 1000 രൂപയാണ് എ എസ് ഐ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. പണം കൈമാറുന്ന അതിനിടെ വേഷം മാറിയെത്തിയ വിജിലന്‍സ് സംഘം പൊലീസ് ഉദ്യോഗസ്ഥനെ പിടികൂടി.

വിജിലന്‍സ് തന്നെ ശരത്തിന് നല്‍കിയ രണ്ട് 500 രൂപയുടെ ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ ആണ് രമേശന് നല്‍കിയത്. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മദ്യക്കുപ്പിയും എഎസ്‌ഐ ആവശ്യപ്പെട്ടതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow