Zomato | ഡെലിവറി ബോയ്ക്കു നേരെ ജാതി അധിക്ഷേപവും മർദനവും; സൊമാറ്റോ ഉപഭോക്താവിനെതിരെ കേസ്

സൊമാറ്റോ (Zomato) ഫുഡ് ഡെലിവറി ചെയ്യുന്നയാളെ ജാതി അധിക്ഷേപം നടത്തി ഉപഭോക്താവ്. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് (Lucknow) സംഭവം. ഡെലിവറി ഏജന്റിനെ ഉപഭോക്താവും മറ്റു ചിലരും ചേർന്ന് മർദിക്കുകയും അധിക്ഷേപിക്കുകയും തുടർന്ന് മുഖത്ത് തുപ്പുകയും ചെയ്തതായും ആരോപണമുണ്ടെന്നും പോലീസ് പറഞ്ഞു.

Jun 21, 2022 - 22:16
 0

സൊമാറ്റോ (Zomato) ഫുഡ് ഡെലിവറി ചെയ്യുന്നയാളെ ജാതി അധിക്ഷേപം നടത്തി ഉപഭോക്താവ്. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് (Lucknow) സംഭവം. ഡെലിവറി ഏജന്റിനെ ഉപഭോക്താവും മറ്റു ചിലരും ചേർന്ന് മർദിക്കുകയും അധിക്ഷേപിക്കുകയും തുടർന്ന് മുഖത്ത് തുപ്പുകയും ചെയ്തതായും ആരോപണമുണ്ടെന്നും പോലീസ് പറഞ്ഞു. തൊട്ടുകൂടാത്തയാളാണെന്നു പറഞ്ഞായിരുന്നു മർദനം. ഇരയായ വിനീത് കുമാറിന്റെ പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ശനിയാഴ്ച വൈകുന്നേരമാണ് തനിക്ക് ഈ ഔർഡർ ലഭിച്ചതെന്ന് വിനീത് കുമാർ പറയുന്നു. ഓർഡർ ഡെലിവറി ചെയ്യാനെത്തിയപ്പോഴാണ് ഉപഭോക്താവ് വീടിനു പുറത്തെത്തി തന്നോട് പേരു ചോദിച്ചതെന്നും വിനീത് പറഞ്ഞു. പേര് കേട്ടതോടെ തനിക്കെതിരെ ഉപഭോക്താവ് ജാതി അധിക്ഷേപം നടത്തുകയും ഓർഡർ സ്വീകരിക്കാൻ വിസമ്മതിക്കുകയുമായിരുന്നു എന്നും യുവാവ് കൂട്ടിച്ചേർത്തു.

''ഞാൻ ഒരു പട്ടികജാതിയിൽ പെട്ട ആളാണെന്ന് അറിഞ്ഞപ്പോൾ, തൊട്ടുകൂടാത്ത ഒരാളുടെ കയ്യിൽ നിന്ന് ഓർഡർ വാങ്ങില്ലെന്ന് പറഞ്ഞ് അയാൾ ജാതീയമായ ചില പരാമർശങ്ങൾ നടത്തി. ഓർഡർ സ്വീകരിക്കാൻ താൽപര്യമില്ലെങ്കിൽ അത് റദ്ദാക്കാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു'', വിനീത് കുമാർ പോലീസിന് നൽകിയ പരാതിയിൽ ആരോപിച്ചു.

പ്രതികൾ തന്റെ മുഖത്ത് തുപ്പുകയും ഉപഭോക്താവിന്റെ വീട്ടിൽ നിന്ന് പുറത്തെത്തിയ പത്തു പന്ത്രണ്ടു പേർ ചേർന്ന് തന്നെ മർദിക്കുകയും ചെയ്തതായും അദ്ദേഹം ആരോപിച്ചു.

''അവർ എന്റെ മോട്ടോർ സൈക്കിളും എടുത്തുകൊണ്ടു പോയി. ഞാൻ ഉടൻ പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചു. പെട്ടെന്നു തന്നെ പൊലീസ് സ്ഥലത്തെത്തി. എന്റെ മോട്ടോർ സൈക്കിൾ തിരികെ ലഭിക്കാൻ പോലീസ് എന്നെ സഹായിച്ചു,'', വിനീത് എഫ്‌ഐആറിൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ നാല് വർഷമായി താൻ ഈ ഫുഡ് ഡെലിവറി കമ്പനിയിയിൽ പ്രവർത്തിച്ചു വരികയാണെന്നും ഇതിനു മുൻ‌പ് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും വിനീത് പറഞ്ഞു.

എസ്‌സി, എസ്ടി പ്രിവൻഷൻ ഓഫ് അട്രോസിറ്റി ആക്‌ട്, മറ്റ് വകുപ്പുകൾ എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തെന്ന് ഈസ്റ്റ് സോൺ അഡീഷണൽ പോലീസ് കമ്മീഷണർ കാസിം ആബിദി പറഞ്ഞു. പ്രതികളെ കണ്ടെത്താൻ പ്രദേശത്തെ സിസിടിവികൾ പരിശോധിച്ച് വരികയാണെന്നും അബിദി കൂട്ടിച്ചേർത്തു. എസിപി കന്റോൺമെന്റിനെ അന്വേഷച്ചുമതല ഏൽപിച്ചിട്ടുണ്ട്. അവർ തിങ്കളാഴ്ച ഇരയുടെയും പ്രതികളുടെയും മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഫുഡ് ഡെലിവറി ചെയ്യാനെത്തിയ സൊമാറ്റോ ജീവനക്കാരൻ മർദിച്ചു എന്നാരോപിച്ച് ഹിതേഷ എന്ന യുവതി നടത്തിയ ഇൻസ്റ്റ​ഗ്രാം ലൈവ് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ സംഭവത്തിൽ തന്‍റെ നിരപരാധിത്വം വിശദീകരിച്ച് ഡെലിവറി ഏജന്റ് ആയ കാമരാജും വീഡിയോയുമായി എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. താൻ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും തനിക്കാണ് അധിക്ഷേപവും ഉപദ്രവവും നേരിടേണ്ടി വന്നതെന്നും കരഞ്ഞു കൊണ്ട് കാമരാജ് വിശദീകരിച്ചിരുന്നു. ഇതോടെ ആദ്യം ജീവനക്കാരനെതിരെ നടപടി സ്വീകരിച്ച സൊമാറ്റോ അധികൃതരും ഇയാളെ പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow