ഡൽഹിയിലെ ട്രാവൻകൂർ ഹൗസ് വിൽപന: ഇടപാടുമായി ബന്ധമില്ലെന്ന് കവടിയാർ കൊട്ടാരം; കേന്ദ്രത്തിന് കത്ത്
ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയുമായി കരാർ ഒപ്പുവെച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നൂറു കോടിയിലേറെ രൂപ വിലമതിക്കുന്ന വസ്തു നിലവിൽ കേരളസർക്കാരിന്റെ നിയന്ത്രണത്തിലാണ്.
ന്യൂഡൽഹിയിലെ ട്രാവൻകൂർ ഹൗസ് വിൽക്കാൻ തിരുവിതാംകൂർ രാജകുടുംബത്തിൽപെട്ട ചിലർ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയുമായി കരാർ ഒപ്പുവെച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നൂറു കോടിയിലേറെ രൂപ വിലമതിക്കുന്ന വസ്തു നിലവിൽ കേരളസർക്കാരിന്റെ നിയന്ത്രണത്തിലാണ്.
ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ പൈതൃക സ്മാരകമായി വിശേഷിപ്പിച്ച കെട്ടിടമാണ് ട്രാവൻകൂർ ഹൗസ്. തിരുവിതാംകൂർ മഹാരാജാവിന്റെ ഡൽഹിയിലെ മുൻ വസതി കൂടിയാണിത്. തിരുവിതാംകൂർ മഹാറാണിയുടെ അവകാശികളെന്ന് അവകാശപ്പെടുന്ന രാജകുടുംബാംഗങ്ങൾ ചെന്നൈ ആസ്ഥാനമായുള്ള ഒരു റിയൽ എസ്റ്റേറ്റ് ആൻഡ് ബിൽഡേഴ്‌സ് സ്ഥാപനവുമായി ട്രാവൻകൂർ ഹൗസും കൊട്ടാരത്തിലെ സ്വത്തുക്കളും 8.195 ഏക്കർ സ്ഥലവും വിൽക്കാനുള്ള കരാറിൽ ഒപ്പിട്ടതായാണ് റിപ്പോർട്ടുകൾ. 250 കോടി വിലവരുന്ന ബെംഗളൂരുവിലെ വസ്തു വിൽക്കാൻ ഇവർ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
Also Read- കളക്ടർ അഭ്യർത്ഥിച്ചു; അല്ലു അർജുൻ ആലപ്പുഴയിലെ വിദ്യാർഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്തു
എന്നാൽ ഈ ഇടപാടുമായി തങ്ങൾക്ക് ബന്ധമില്ലെന്നും ഈ സ്വത്ത് വിൽക്കാൻ ആർക്കും അവകാശമില്ലെന്നും തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരം പ്രതികരിച്ചു. തിരുവിതാംകൂർ രാജകുടുംബത്തിന്റെ തലവൻ താമസിക്കുന്നത് ഇവിടെയാണ്. തിരുവിതാംകൂർ രാജകുടുംബത്തിന്റെ ശാഖയായ പഴയ റീജന്റ് രാജ്ഞിയുടെ കുടുംബാംഗങ്ങളാണ് കരാർ ഒപ്പിട്ടതെന്നും ആ വസ്തുവിന്മേൽ അവർക്ക് അവകാശം ഉണ്ടെന്ന് ആരെയെങ്കിലും തെറ്റിദ്ധരിപ്പിച്ചിരിക്കാമെന്നും കവടിയാർ കൊട്ടാരത്തിലെ രാജകുടുംബാംഗം പറഞ്ഞു. ഡൽഹിയിലെ കസ്തൂർബാഗാന്ധി മാർഗിലെ 8.195 ഏക്കർ ഭൂമിയുടെയും തിരുവിതാംകൂർ ഹൗസിന്റെയും നിലവിലെ ഉടമസ്ഥാവകാശ രേഖ ആവശ്യപ്പെട്ട് കവടിയാർ കൊട്ടാരം കേന്ദ്ര സർക്കാരിന് കത്തെഴുതിയിട്ടുണ്ട്. വസ്തു വിൽക്കാൻ ആർക്കും അവകാശമില്ലെന്നും ഈ രണ്ട് സ്വത്തുക്കളും നിലവിൽ കേരള സർക്കാരിന്റെ നിയന്ത്രണത്തിലാണെന്നും രാജകുടുംബാംഗം പറഞ്ഞു.
അതേസമയം, ട്രാവൻകൂർ ഹൗസ് സ്ഥിതി ചെയ്യുന്ന 8.195 ഏക്കർ ഭൂമിയുടെ കാര്യത്തിൽ കേരള സർക്കാരിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ബംഗളൂരു ആസ്ഥാനമായുള്ള രാജകുടുംബാംഗങ്ങളും റിയൽ എസ്റ്റേറ്റ് സ്ഥാപനവും ഒപ്പിട്ട കരാറിൽ പറയുന്നുണ്ട്. രാജകുടുംബവുമായി ബന്ധമുണ്ടെന്നു പറയുന്ന പതിനേഴു പേർ ചേർന്നാണ് കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്.
ന്യൂഡൽഹിയിലെ ട്രാവൻകൂർ ഹൗസ് സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ വരുന്നതാണെന്ന് കേരള സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചില നിയമപരമായ പ്രശ്നങ്ങളും രേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടെന്നും ഇവർ സമ്മതിച്ചു. 2019-ൽ, അത്യാധുനിക സൗകര്യങ്ങളുള്ള ഒരു സാംസ്കാരിക കേന്ദ്രമായി ഈ സ്ഥലം നവീകരിക്കാൻ സംസ്ഥാന സർക്കാർ ശ്രമങ്ങൾ നടത്തുമ്പോഴാണ് രാജകുടുംബം അവകാശവാദമുന്നയിച്ച് എത്തിയതെന്നും അവർ പറഞ്ഞു.
ട്രാവൻകൂർ ഹൗസ് വിൽക്കാൻ തിരുവിതാംകൂർ രാജകുടുംബത്തിലെ ചിലർ ഒരുങ്ങുന്നുവെന്ന വാർത്ത ദേശീയമാധ്യമങ്ങളിലുൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. 1930 ലാണ് ട്രാവൻകൂർ ഹൗസ് പണികഴിപ്പിച്ചത്. ട്രാവൻകൂർ ഹൗസിനുമേൽ കേരള സർക്കാരിന് കൈവശാവകാശം മാത്രമേയുള്ളൂ എന്നാണ് കവടിയാർ കൊട്ടാരം പറയുന്നത്.
What's Your Reaction?