പകുതിയിൽക്കൂടുതൽ ടവറുകളും അനധികൃതം: കോർപറേഷനു കോടികളുടെ നഷ്ടം; ഉദ്യോഗസ്ഥർക്കു ചാകര

കോർപറേഷന്റെ നികുതി പരിധിക്കു പുറത്ത് നഗരത്തിൽ 214 മൊബൈൽ ടവറുകൾ. നികുതി ചോർച്ചയുടെ വഴികൾ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ ആകെയുള്ള 431 മൊബൈൽ ടവറുകളിൽ 217 എണ്ണത്തിനു മാത്രമേ നികുതി ചുമത്തുന്നൊള്ളൂവെന്നു കണ്ടെത്തൽ.

Jan 22, 2022 - 15:36
 0
പകുതിയിൽക്കൂടുതൽ ടവറുകളും അനധികൃതം: കോർപറേഷനു കോടികളുടെ നഷ്ടം; ഉദ്യോഗസ്ഥർക്കു ചാകര

കോർപറേഷന്റെ നികുതി പരിധിക്കു പുറത്ത് നഗരത്തിൽ 214 മൊബൈൽ ടവറുകൾ. നികുതി ചോർച്ചയുടെ വഴികൾ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ ആകെയുള്ള 431 മൊബൈൽ ടവറുകളിൽ 217 എണ്ണത്തിനു മാത്രമേ നികുതി ചുമത്തുന്നൊള്ളൂവെന്നു കണ്ടെത്തൽ. അനധികൃതമായി പ്രവർത്തിക്കുന്ന മൊബൈൽ ടവറുകൾ വഴി കെട്ടിട നികുതിയിൽ പ്രതിവർഷം 3% ചോർച്ചയുണ്ടാകുന്നുവെന്നാണ് കണക്കുകൂട്ടൽ.

വസ്തു നികുതി നൂറു കോടിയിൽ എത്തിക്കാനായി എല്ലാ മൊബൈൽ ടവറുകൾ‍ക്കും നികുതി നിശ്ചയിച്ചു നൽകാൻ റവന്യു ഇൻസ്പെക്ടർക്കു കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് നിർദേശം നൽകി. അതേസമയം, കോർപറേഷൻ ഉദ്യോഗസ്ഥർ അറിയാതെ ഇത്രയും ടവറുകൾ സ്ഥാപിച്ചതും ഇത്രകാലം പ്രവർത്തിച്ചതും ദുരൂഹമാണെന്ന് ആരോപണമുയർന്നു. ഏറ്റവും കൂടുതൽ അനധികൃത ടവറുകൾ പ്രവർത്തിക്കുന്നത് പട്ടം, ചാല വാർഡുകളിലാണ്– 9 എണ്ണം വീതം.

കേശവദാസപുരം, പേരൂർക്കട, കണ്ണമ്മൂല എന്നീ വാർഡുകളിൽ 8 വീതവും മെഡിക്കൽ കോളജ്, കുറവൻകോണം, തമ്പാനൂർ, ചാക്ക, ഫോർട്ട്, കഴക്കൂട്ടം, വെങ്ങാനൂർ എന്നിവിടങ്ങളിൽ 7 വീതവും അനധികൃത ടവറുകൾ പ്രവർത്തിക്കുന്നു. ശ്രീകണ്ഠേശ്വരം, വഞ്ചിയൂർ, ഞാണ്ടൂർക്കോണം വാർഡുകളിൽ 6 വീതവും കുന്നുകുഴി, വലിയവിള, വഴുതയ്ക്കാട്, മണക്കാട്, ചെമ്പഴന്തി എന്നിവിടങ്ങളിൽ 5 വീതവും ടവറുകൾ പ്രവർത്തിക്കുന്നത് കോർപറേഷന്റെ അനുമതി നേടാതെയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇവയ്ക്കു പ്ലിന്ത് ഏര്യാ അടിസ്ഥാനമാക്കി 3 ഇരട്ടി അധിക നികുതി ചുമത്താനാണ് ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്ന നിർദേശം. 4 വർഷത്തിനകത്തു സ്ഥാപിച്ചതാണെന്നു ബോധ്യപ്പെടുത്തുന്ന പക്ഷം നിയമപരമായ ഇളവു നൽകും. നികുതി നിർണയിച്ച് 31 നു മുൻപ് ഡിമാൻഡ് നോട്ടിസ് നൽകാനും വീഴ്ച വരുത്തുന്ന റവന്യു ഇൻസ്പെക്ടർമാരിൽ നിന്നു ബാധ്യത ഇടാക്കാനുമാണ് നിർദേശം. ആകെയുള്ളതിന്റെ പകുതിയിൽ‍ക്കൂടുതൽ ടവറുകൾ ഇത്രകാലം അനധികൃതമായി പ്രവർത്തിച്ചത് ഉദ്യോഗസ്ഥ വീഴ്ചയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

ടവർ സ്ഥാപിക്കുന്നതിനു പെർമിറ്റ് നൽകേണ്ടത് എൻജിനീയറിങ് വിഭാഗവും നികുതി നിർണയിക്കേണ്ടത് റവന്യു വിഭാഗവുമാണ്. പ്ലാൻ, സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ്, വിമാനത്താവള അതോറിറ്റിയുടെ നിരാക്ഷേപ പത്രം ഉൾപ്പെടെയാണ് പെർമിറ്റിനായി അപേക്ഷിക്കേണ്ടത്. സാധാരണ കെട്ടിട നിർമാണ പെർമിറ്റിന് ഈടാക്കുന്നതിനെക്കാൾ കൂടിയ തുകയാണ് ടവറുകളിൽ നിന്ന് ഈടാക്കുന്നത്.

30 ദിവസം വരെ പെർമിറ്റ് അനുവദിച്ചില്ലെങ്കിൽ ഡീംഡ് പെർമിറ്റായി കണക്കാക്കി നിർമാണം ആരംഭിക്കാം. ഈ പഴുത് ഉപയോഗിച്ച് നിർമ‍ാണം പൂർത്തിയാക്കുന്നവ റവന്യു ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നികുതി നിർണയവും വൈകിപ്പിക്കുന്നതാണ് അനധികൃത ടവറുകളുടെ എണ്ണം പെരുകാൻ കാരണമെന്നാണ് വിലയിരുത്തൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow