പത്തടി നീളത്തിൽ തുരങ്കമുണ്ടാക്കി ബാങ്ക് കവർച്ച; മോഷ്ടിച്ചത് 1 കോടിയിലധികം രൂപയുടെ സ്വർണം
ഉത്തർപ്രദേശിൽ പത്തടി നീളത്തിൽ തുരങ്കമുണ്ടാക്കി ബാങ്ക് കവർച്ച. കാൺപൂരിലെ എസ്ബിഐ ബാനുതി ബ്രാഞ്ചിലാണ് കവർച്ച നടന്നത്. പത്തടി നീളത്തിലും നാലടി വ്യാപ്തിയിലുമാണ് തുരങ്കമുണ്ടാക്കിയത്. ബാങ്ക് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നാണ് തുരങ്കം നിർമിച്ചത്.
ബാങ്കിന്റെ സ്ട്രോങ് റൂമിലേക്കാണ് തുരങ്കമുണ്ടാക്കിയത്. സ്വർണം സൂക്ഷിച്ച ലോക്കറിൽ നിന്ന് ഒരു കോടിയിലേറെ രൂപയുടെ സ്വർണമാണ് കവർന്നത്. പണം സൂക്ഷിച്ചിരുന്ന ലോക്കറുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 32 ലക്ഷം രൂപയായിരുന്നു പണമായി ലോക്കറിൽ ഉണ്ടായിരുന്നത്. മോഷണ വിവരം അറിഞ്ഞതോടെ മണിക്കൂറുകളെടുത്താണ് സ്വർണത്തിന്റെ മൂല്യം കണക്കാക്കിയത്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന 1.8 കിലോഗ്രാം സ്വർണം നഷ്ടമായെന്നാണ് വിവരം.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സ്ട്രോങ് റൂമിൽ നിന്നും വിരലടയാളമടക്കമുള്ള തെളിവുകൾ സ്വീകരിച്ചിട്ടുണ്ട്. ബാങ്കിനെ കുറിച്ച് നന്നായി അറിയുന്ന ആരെങ്കിലുമാകാം കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസ് പ്രാഥമികമായി സംശയിക്കുന്നത്.
ബാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലം കൃത്യമായി നിരീക്ഷിക്കുകയും സ്ട്രോങ് അടക്കമുള്ള ബാങ്കിന്റെ പ്രധാന ഭാഗങ്ങൾ എവിടെയൊക്കെയാണെന്ന് മനസ്സിലാക്കിയതിനും ശേഷമാണ് തുരങ്കമുണ്ടാക്കിയത്. കഴിഞ്ഞ ദിവസം രാവിലെ ബാങ്ക് തുറന്നപ്പോഴാണ് മോഷണം നടന്ന കാര്യം ജീവനക്കാർ അറിയുന്നത്. ബാങ്കിലേക്ക് കടക്കാൻ മോഷ്ടാക്കൾ എത്തിയ തുരങ്കമാണ് ജീവനക്കാർ കണ്ടത്.
സ്വർണപണയ വായ്പയെടുത്ത 29 ഓളം പേരുടെ സ്വർണമാണ് ലോക്കറിൽ ഉണ്ടായിരുന്നതെന്ന് ബാങ്ക് മാനേജർ നീരജ് റായ് പിൊലീസിനെ അറിയിച്ചു.
What's Your Reaction?