സ്വര്‍ണത്തിന് പകരം മുക്കുപണ്ടം; ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ നിന്ന് 17 കോടി തട്ടിയെടുത്ത് മാനേജര്‍ മുങ്ങി
കോഴിക്കോട് വടകരയില്‍ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 17 കോടിയുടെ സ്വര്‍ണം തട്ടിയെടുത്ത് മാനേജര്‍ മുങ്ങിയതായി പരാതി. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടോടി ശാഖയില്‍ നിന്ന് 26 കിലോ സ്വര്‍ണവുമായി മാനേജര്‍ മുങ്ങിയെന്നാണ് പരാതി. തമിഴ്നാട് മേട്ടുപാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധുജയകുമാര്‍ സ്ഥാപനത്തില്‍ 26244.20 ഗ്രാം സ്വര്‍ണത്തിനു പകരം മുക്കുപണ്ടം വച്ച് 17 കോടിയിലേറെ തട്ടിയെന്നാണ് പരാതി.
സ്ഥാപനത്തിന്റെ പരാതിയില്‍ മധുജയകുമാറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കേസിലെ പ്രതിയായ മധുജയകുമാര്‍ സ്ഥാപനത്തില്‍ മാനേജരായി ജോലി നോക്കിയിരുന്നു. തുടര്‍ന്ന് മധുജയകുമാര്‍ ജൂലൈ 6ന് എറണാകുളം പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറി. ഇതേ തുടര്‍ന്ന് പുതുതായി സ്ഥാപനത്തില്‍ ചാര്‍ജ്ജെടുത്ത മാനേജര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
പാലാരിവട്ടത്തേക്ക് സ്ഥലംമാറ്റം ലഭിച്ചെങ്കിലും മധുജയകുമാര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. 2021 ജൂണ്‍ 13 മുതല്‍ 2024 ജൂലൈ 6വരെ 42 അക്കൗണ്ടുകളിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.
What's Your Reaction?