‘സൗജന്യ വാഗ്ദാനം വളരെ ഗൗരവമുള്ള വിഷയം’; തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രത്തിനും നോട്ടിസ്
തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർമാരെ വശത്താക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം ചെയ്യുന്ന ‘സൗജന്യങ്ങൾ’ സംബന്ധിച്ച് കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പു കമ്മിഷനും സുപ്രീം കോടതി നോട്ടിസ്.
തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർമാരെ വശത്താക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം ചെയ്യുന്ന ‘സൗജന്യങ്ങൾ’ സംബന്ധിച്ച് കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പു കമ്മിഷനും സുപ്രീം കോടതി നോട്ടിസ്. ഇത് ഗൗരവമുള്ള വിഷയമാണെന്നു നിരീക്ഷിച്ച കോടതി സൗജന്യ വാഗ്ദാനങ്ങളുടെ ബജറ്റ് സാധാരണ ബജറ്റിനും മേലെയാണെന്നും വിമർശിച്ചു. നാലാഴ്ചയ്ക്കു ശേഷം കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോൾ ഇതിൽ മറുപടി നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷനോടും കേന്ദ്ര സർക്കാരിനോടും നിർദേശിച്ചു
പൊതു ഫണ്ടിലെ പണം രാഷ്ട്രീയ പാർട്ടികൾ ദുരുപയോഗം ചെയ്യുകയാണെന്ന ബിജെപി നേതാവ് അശ്വിനി ഉപാധ്യായയുടെ ഹർജിയിലാണ് കോടതി നോട്ടിസ്. ചീഫ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, ഹിമ കോലി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് നിയന്ത്രിക്കാൻ മാർഖരേഖ തയാറാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷന് കോടതി നേരത്തേ നിർദേശം നൽകിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു വട്ടം മാത്രമാണ് കമ്മിഷൻ ചർച്ച സംഘടിപ്പിച്ചത്. കമ്മിഷൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടിയെങ്കിലും പിന്നീട് എന്തു സംഭവിച്ചു എന്നതിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
‘ഇതിനെ നിയമപരമായി എങ്ങനെയാണ് നിയന്ത്രിക്കാനാവുക? വരാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ഇത് പ്രാവർത്തികമാക്കാനാകുമോ? വളരെ ഗൗരവമുള്ള വിഷയമാണ്’– ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
പൊതുഫണ്ടിൽനിന്ന് സൗജന്യങ്ങൾ വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ റദ്ദാക്കാനും റജിസ്ട്രേഷൻ നീക്കാനും തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. തിരഞ്ഞെടുപ്പിനു മുൻപ് ഇത്തരത്തിലുള്ള യുക്തിഹീനമായ വാഗ്ദാനങ്ങളും സൗജന്യ വിതരണങ്ങളും വോട്ടർമാരെ അനാവശ്യമായി സ്വാധീനിക്കുമെന്നും ഹർജിയിൽ പറയുന്നു
What's Your Reaction?