എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് നടപടികൾ നിർത്തി; ഇനി എല്ലാം ആദ്യംമുതൽ
അടുത്ത മാസം അഞ്ചിന് നടക്കാനിരുന്ന എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പാണ് റിട്ടേണിംഗ് ഓഫീസറായ ബി ജി ഹരീന്ദ്രനാഥ് മാറ്റിവെച്ചത്. പ്രാതിനിധ്യ വോട്ട് അവകാശം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.
എസ്എൻഡിപി യോഗം (SNDP) തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെച്ചു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് റിട്ടേണിങ് ഓഫീസറുടെ തീരുമാനം. പുതിയ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയ ആദ്യം മുതൽ നടത്തേണ്ടതുണ്ടെന്ന് റിട്ടേണിംഗ് ഓഫീസറായ മുൻ നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് വ്യക്തമാക്കി. പ്രാതിനിധ്യ വോട്ടിംഗ് രീതി പാടില്ലെന്ന് നിർദ്ദേശിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്.
അടുത്ത മാസം അഞ്ചിന് നടക്കാനിരുന്ന എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പാണ് റിട്ടേണിംഗ് ഓഫീസറായ ബി ജി ഹരീന്ദ്രനാഥ് മാറ്റിവെച്ചത്. പ്രാതിനിധ്യ വോട്ട് അവകാശം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. തെരഞ്ഞെടുപ്പ് പ്രക്രിയ തുടക്കംമുതൽ ആരംഭിക്കേണ്ടതുണ്ട് എന്ന് മുൻ ലോ സെക്രട്ടറി കൂടിയായ ഹരീന്ദ്രനാഥ് വ്യക്തമാക്കി.
നോൺ ട്രേഡിങ് കമ്പനീസ് ആക്ട് പ്രകാരം ആണ് എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനം. 1964ൽ കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരമാണ് നൂറു പേർക്ക് ഒരാൾ എന്ന കണക്കിൽ പ്രാതിനിധ്യ വോട്ട് സംവിധാനം നടപ്പാക്കിയത്. 1999ൽ യോഗം തന്നെ ബൈലാ ഭേദഗതി ചെയ്ത് ഇത് 200 പേർക്ക് ഒന്ന് എന്ന കണക്കിലാക്കി. അതേസമയം എല്ലാ അംഗങ്ങൾക്കും വോട്ടവകാശം നൽകി കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
ബൈലോ ഭേദഗതിക്ക് നിയമസാധുത തേടി നേരത്തെ എസ്എൻഡിപി യോഗം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനാണ് തീരുമാനമെടുക്കാൻ അധികാരം എന്ന് കോടതി വ്യക്തമാക്കി. തുടർന്ന് കഴിഞ്ഞവർഷം ഇതു സംബന്ധിച്ച എസ്എൻഡിപി യോഗം സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിരുന്നു. 31 ലക്ഷം പേരെ പങ്കെടുപ്പിച്ച് വോട്ടെടുപ്പ് നടത്തുന്നത് അപ്രായോഗികം എന്നാണ് എസ്എൻഡിപി യോഗത്തിന്റെ വാദം. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിട്ടുണ്ട്.
What's Your Reaction?