'ഇതിലും ഭേദം ലോകായുക്തയെ പിരിച്ചു വിടുന്നത്, ഗവർണർ ഒപ്പിടരുത്': രമേശ് ചെന്നിത്തല

''പൊതുപ്രവർത്തകർക്ക് എതിരായിട്ടുള്ള അഴിമതി ആരോപണങ്ങളിലും സ്വജനപക്ഷപാത കേസുകളിലും ഉത്തരവ് പുറപ്പെടുവിക്കാനുള്ള ലോകായുക്തയുടെ അധികാരം സർക്കാർ കവർന്നെടുക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യം''

Jan 25, 2022 - 17:43
 0
'ഇതിലും ഭേദം ലോകായുക്തയെ പിരിച്ചു വിടുന്നത്, ഗവർണർ ഒപ്പിടരുത്': രമേശ് ചെന്നിത്തല

ഓർഡിനൻസിലൂടെ ലോകായുക്തയുടെ (Lokayukta) അധികാരങ്ങൾ കവരാനുള്ള സർക്കാരിന്റെ നീക്കം അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). അടുത്തമാസം നിയമസഭ ചേരാനിരിക്കെ, 1999 ൽ ഇ കെ നായനാരുടെ കാലത്ത് നിലവിൽ വന്ന ലോകായുക്ത നിയമത്തിൽ, ഓർഡിനൻസിലൂടെ നിയമഭേദഗതി കൊണ്ടുവരാൻ ഉണ്ടായ അടിയന്തര സാഹചര്യം എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ലോക്പാൽ സംവിധാനത്തിലുൾപ്പെടെ അഴിമതിക്കെതിരായ നിയമങ്ങൾക്ക് മൂർച്ചകൂട്ടണമെന്ന് വാദിച്ചിരുന്ന സിപിഎമ്മിന്റെ മുഖ്യമന്ത്രിയാണ് ജുഡീഷ്യൽ അധികാരമുള്ള ലോകായുക്തയുടെ ചിറകരിയുന്നത്. മുഖ്യമന്ത്രി ചികിത്സാർത്ഥം വിദേശത്താണ് എന്ന കാര്യവും ഈ അവസരത്തിൽ പ്രത്യേകമായി ഓർക്കേണ്ടതുണ്ട്. പൊതുപ്രവർത്തകർക്ക് എതിരായിട്ടുള്ള അഴിമതി ആരോപണങ്ങളിലും സ്വജനപക്ഷപാത കേസുകളിലും ഉത്തരവ് പുറപ്പെടുവിക്കാനുള്ള ലോകായുക്തയുടെ അധികാരം സർക്കാർ കവർന്നെടുക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിനുശേഷം പുറത്തുവന്ന പത്രക്കുറിപ്പിൽ ഇത്രയും ഗൗരവമുള്ള വിഷയത്തെ സംബന്ധിച്ച് ഒരു വരി പോലും ഇല്ല എന്നുള്ളത് ഈ തീരുമാനത്തിന് പിന്നിലെ ദുരൂഹതയാണ് വ്യക്തമാക്കുന്നത്.
അനവസരത്തിൽ ധൃതിപിടിച്ച് ഓർഡിനൻസ് സർക്കാർ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ എനിക്ക് ബോധ്യപ്പെട്ടത് താഴെ പറയുന്ന കാര്യങ്ങളാണ്.

''നിലവിലെ സർക്കാരിനെതിരായി രണ്ട് പരാതികൾ ലോകായുക്തയുടെ പരിഗണനയിലാണ്. ഒന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനർഹരായവർക്ക് സഹായം നൽകിയതുമായി ബന്ധപ്പെട്ടത്. മറ്റൊന്ന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നിയമവിരുദ്ധമായി ഇടപെട്ടതുമായി ബന്ധപ്പെട്ട് ഞാൻ നൽകിയ പരാതി. ആദ്യത്തേതിൽ മുഖ്യമന്ത്രിക്കെതിരെയും രണ്ടാമത്തെ പരാതിയിൽ മന്ത്രിക്കെതിരെയും ലോകായുക്തയുടെ ഉത്തരവ് ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടത് അടിസ്ഥാനത്തിലാണ് ഇപ്പോൾ ധൃതിപിടിച്ച് ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ നിർബന്ധിതമാകുന്നത് എന്നതാണ് വാസ്തവം. മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടാകുമെന്ന് കണ്ടപ്പോൾ, ആ ഉത്തരവ് നടപ്പാക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കാനുള്ള അവകാശം സർക്കാർ തന്നെ ഏറ്റെടുക്കുന്ന വിചിത്രമായ സാഹചര്യമാണ് ഈ ഓർഡിനൻസിലൂടെ ഉണ്ടാകുന്നത്. ''- രമേശ് ചെന്നിത്തല പറഞ്ഞു.

മുൻപ് മന്ത്രി കെ ടി ജലീലിന് എതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടായപ്പോൾ ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ലെന്നു മാത്രമല്ല മന്ത്രിക്ക് രാജിവയ്ക്കേണ്ടി വന്നു.
മന്ത്രി ബിന്ദുവിന്റെ കാര്യത്തിലും ഇതേ സാഹചര്യം ഉരുത്തിരിഞ്ഞ് വരുന്നത് മനസ്സിലാക്കി അതിന് തടയിടാനാണ് ഇത്തരത്തിൽ അടിയന്തരമായി നിയമനിർമ്മാണം നടത്താൻ സർക്കാർ തീരുമാനിച്ചത്.

മാത്രമല്ല, ലോകായുക്തയുടെ ഉത്തരവ് നടപ്പാക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് സർക്കാർ ഹിയറിങ് നടത്തി മൂന്നു മാസത്തിനകം തീരുമാനിക്കും എന്നാണ് ഓർഡിനൻസിൽ പറയുന്നത്. ലോകായുക്തയിൽ കൃത്യമായ ഹിയറിങ് നടത്തി ജുഡീഷ്യൽ പ്രോസസ് കഴിഞ്ഞ് പുറപ്പെടുവിക്കുന്ന ഉത്തരവ് പിന്നീട് സർക്കാർ ഹിയറിങ് നടത്തി, നടപ്പാക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും എന്നു പറയുന്നത് നിയമത്തിനു മുന്നിൽ നിലനിൽക്കുന്നതല്ല.

ഇതിലും ഭേദം ലോകായുക്തയെ തന്നെ പിരിച്ചു വിടുന്നതാണ്. സുപ്രീം കോടതി ജഡ്ജിമാർ ആയിരുന്നു വരെയും ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വരെയും അപമാനിക്കുന്നതിന് തുല്യമാണ് ഈ നിയമനിർമ്മാണം.

ലോകായുക്തയെ തീരുമാനിക്കുന്ന സമിതിയിൽ മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കറും പ്രതിപക്ഷനേതാവും അംഗങ്ങളാണ്. അതുകൊണ്ടുതന്നെ ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കുന്ന ഓർഡിനൻസ് തയ്യാറാക്കുന്നതിനുമുൻപ് സ്പീക്കറുടെയും പ്രതിപക്ഷനേതാവിന്റെയും അഭിപ്രായങ്ങൾ കേൾക്കുവാൻ സർക്കാരിന് ബാധ്യതയുണ്ട്. ‌ഈ വിഷയത്തിൽ അതുണ്ടായില്ല എന്നുള്ളത് സർക്കാറിൻറെ ജനാധിപത്യ വിരുദ്ധതയാണ് കാണിക്കുന്നത്.

ജനപ്രതിനിധികൾക്ക് എതിരായി അഴിമതി കേസിൽ തെളിവുണ്ടെങ്കിലും വിജിലൻസിന് കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ നിയമനാധികാരിയുടെ മുൻകൂർ അനുമതി വാങ്ങണമെന്ന കേന്ദ്ര സർക്കാരിന്റെ പുതിയ നിയമനിർമ്മാണത്തെ കടത്തിവെട്ടുന്ന നടപടിയാണ് ഈ ഓർഡിനൻസിലൂടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്.

ഏതായാലും ലോകായുക്തയെ ഇല്ലായ്മ ചെയ്യുന്ന ഈ ഓർഡിനൻസിൽ ഒപ്പിടരുത് എന്ന് സംസ്ഥാന ഗവർണറോട് ആവശ്യപ്പെടുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow