വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും ഏഴു ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍; മന്ത്രി വീണാ ജോര്‍ജ്

കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍(Home Quarantine) ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്(Minister Veena George).

Jan 7, 2022 - 20:27
 0
വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും ഏഴു ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍; മന്ത്രി വീണാ ജോര്‍ജ്

കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍(Home Quarantine) ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്(Minister Veena George). തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍(Omicron) സ്ഥിരീകരിച്ചത്. അതില്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിച്ചത്.

ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 186 പേര്‍ക്കും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 64 പേര്‍ക്കുമാണ് ഒമിക്രോണ്‍ ബാധിച്ചത്. 30 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനാല്‍ അവര്‍ക്കും ഹോം ക്വാറന്റൈന്‍ വേണമെന്ന് സംസ്ഥാനവും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്നിങ്ങനെ തിരിച്ചാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്തും. നെഗറ്റീവായാല്‍ 7 ദിവസം ഹോം ക്വാറന്റൈനും എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തണം. നെഗറ്റീവായാല്‍ വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരണം.

കോവിഡ് പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നതാണ്. ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നതാണ്. സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കുകയും ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഡിസ്ചാര്‍ജ് ചെയ്യുന്നതുമാണ്.

ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ 2 ശതമാനം പേരുടെ സാമ്പിളുകള്‍ റാണ്ടം പരിശോധന നടത്താനാണ് കേന്ദ്ര മാര്‍ഗനിര്‍ദേശം. എന്നാല്‍ സംസ്ഥാനത്ത് 20 ശതമാനം പേരുടെ സാമ്പിളുകള്‍ റാണ്ടം പരിശോധന നടത്തുന്നതാണ്. നെഗറ്റീവാകുന്നവര്‍ 7 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം.

എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. നെഗറ്റീവായാല്‍ ഇവരും വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നു. ഇവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കുന്നു.

ക്വാറന്റൈന്‍ സമയത്തോ സ്വയം നിരീക്ഷണ സമയത്തോ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാലോ കോവിഡ് പോസിറ്റീവായാലോ ആവര്‍ത്തിച്ചുള്ള പരിശോധന നടത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow