Kapil Sibal | സുപ്രീം കോടതിയിൽ പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് കപിൽ സിബൽ; പ്രസ്താവനക്കെതിരെ വ്യാപക വിമർശനം

"ഈ വർഷം ഞാൻ സുപ്രീം കോടതിയിൽ അൻപതു വർഷം പൂർത്തിയാക്കും. ഈ അൻപതു വർഷത്തിന് ശേഷവും എനിക്ക് ഈ വ്യവസ്ഥിതിയെക്കുറിച്ച് പ്രതീക്ഷയില്ല." കപിൽ സിബൽ

Aug 10, 2022 - 00:51
 0
Kapil Sibal | സുപ്രീം കോടതിയിൽ പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് കപിൽ സിബൽ; പ്രസ്താവനക്കെതിരെ വ്യാപക വിമർശനം

സുപ്രീം കോടതിയുടെ (Supreme Court) സമീപകാല തീരുമാനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് രാജ്യസഭാംഗവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ (Kapil Sibal). ഈ വ്യവസ്ഥിതിയിൽ തനിക്ക് യാതൊരു പ്രതീക്ഷയും അവശേഷിക്കുന്നില്ല എന്നും കബിൽ സിബൽ പറഞ്ഞു. ''സുപ്രീംകോടതിയിൽ നിന്ന് നിങ്ങൾക്ക് നീതി ലഭിക്കുമെന്ന് കരുതുന്നുണ്ടെങ്കിൽ, അത് വലിയ തെറ്റിദ്ധാരണയാണ്. സുപ്രീം കോടതിയിൽ 50 വർഷത്തെ പ്രാക്ടീസ് പൂർത്തിയാക്കിയ ശേഷമാണ് ഞാൻ ഇത് പറയുന്നത്'', സിബൽ പറഞ്ഞു.

''ഈ വർഷം ഞാൻ സുപ്രീം കോടതിയിൽ അൻപതു വർഷം പൂർത്തിയാക്കും. ഈ അൻപതു വർഷത്തിന് ശേഷവും എനിക്ക് ഈ വ്യവസ്ഥിതിയെക്കുറിച്ച് പ്രതീക്ഷയില്ല. സുപ്രീം കോടതി പുറപ്പെടുവിച്ച പുരോഗമനപരമായ വിധികളെക്കുറിച്ച് നിങ്ങൾ സംസാരിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത് മറിച്ചാണ്. സ്വകാര്യത സംബന്ധിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. എന്നാൽ എപ്പോൾ വേണമെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നിങ്ങളുടെ വീട്ടിലേക്ക് വരാം. എവിടെയാണ് നിങ്ങളുടെ സ്വകാര്യത?'', കപിൽ സിബൽ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. കാമ്പയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് ‍, പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ,നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്‌മെന്റ് എന്നീ സംഘടനകൾ‍ ഡൽഹിയിൽ സംഘടിപ്പിച്ച പീപ്പിൾസ് ട്രിബ്യൂണലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റു പലർക്കും പ്രത്യേക അന്വേഷണ സംഘം നൽകിയ ക്ലീൻ ചിറ്റ് ചോദ്യം ചെയ്ത് മുൻ കോൺഗ്രസ് എംപി എഹ്‌സാൻ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി സമർപ്പിച്ച ഹർജി തള്ളിയതിനെ കപിൽ സിബൽ വിമർശിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിപുലമായ അധികാരങ്ങൾ നൽകുന്ന കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വ്യവസ്ഥകളെയും ഛത്തീസ്ഗഡിൽ സുരക്ഷാ സേന നടത്തിയ നക്‌സൽ വിരുദ്ധ ഓപ്പറേഷനിൽ 17 ആദിവാസികളെ കൊലപ്പെടുത്തിയ സംഭവവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് 2009-ൽ സമർപ്പിച്ച ഹർജി തള്ളിയതിനെയും അദ്ദേഹം വിമർശിച്ചു. സാകിയ ജാഫ്രിക്കും പിഎംഎൽഎ നിയമത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്ത ഹർജിക്കാർക്കും വേണ്ടി ഹാജരായത് കപിൽ സിബലാണ്. കുറച്ചു ജഡ്ജിമാർക്കു വേണ്ടി മാത്രമായി ഇത്തരം സെൻസിറ്റീവ് കേസുകൾ നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നും വിധിയുടെ ഫലം എന്തായിരിക്കുമെന്ന് നിയമ സമൂഹത്തിന് അറിയാമെന്നും അദ്ദേഹം പറ‍ഞ്ഞു.

''ഞാൻ അൻപതു വർഷമായി പ്രാക്ടീസ് ചെയ്ത ഒരു സ്ഥാപനത്തെക്കുറിച്ച് ഇങ്ങനെ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നമ്മൾ സംസാരിച്ചില്ലെങ്കിൽ പിന്നെ ആരു സംസാരിക്കും?'', കപിൽ സിബൽ കൂട്ടിച്ചേർത്തു.
 

അതേസമയം, കപിൽ സിബലിന്റെ പരാമർശങ്ങൾക്കെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. കപിൽ സിബൽ ആ​ഗ്രഹിക്കുന്ന രീതിയിൽ കേസുകൾ തീർപ്പാക്കിയില്ലെങ്കിൽ, നീതിന്യായ വ്യവസ്ഥ പരാജയപ്പെട്ടു എന്നല്ല അതിനർത്ഥമെന്ന് ഓൾ ഇന്ത്യ ബാർ അസോസിയേഷൻ ചെയർമാൻ ഡോ ആദിഷ് സി അഗർവാല പറഞ്ഞു. ''തങ്ങൾ‌ വിചാരിക്കുന്നതിനനുസരിച്ച് കോടതി തീരുമാനങ്ങൾ എടുക്കുമെന്നു പ്രതീക്ഷിക്കുന്ന ഒരു ചെറിയ കൂട്ടം ആളുകൾക്ക് വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹം ഒരു മുതിർന്ന അഭിഭാഷകനാണ്. അത്തരം പരാമർശങ്ങൾ നടത്തിയതിൽ ഞാൻ അത്ഭുതപ്പെടുന്നു. വിധികളെ വിമർശിക്കാം, എന്നാൽ ഇത്തരം സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താൻ പാടില്ല'', മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ മഹേഷ് ജഠ്മലാനി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow