റോയല്‍ എന്‍ഫീല്‍ഡും ഇലക്ട്രിക് ബൈക്കുകളിലേക്ക്; 2025 ഓടെ ആദ്യ മോഡല്‍ പുറത്തിറക്കും
റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക് ബൈക്കുകളുടെ വിപണിയിലും ശക്തമായ സാന്നിധ്യമാകാനുള്ള ശ്രമത്തിലാണ്. ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവി മോഡലുകൾക്കായുള്ള പരീക്ഷണം ആരംഭിച്ചതായാണ് വിവരം.
റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക് ബൈക്കുകളുടെ വിപണിയിലും ശക്തമായ സാന്നിധ്യമാകാനുള്ള ശ്രമത്തിലാണ്. ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവി മോഡലുകൾക്കായുള്ള പരീക്ഷണം ആരംഭിച്ചതായാണ് വിവരം. 2025 ഓടെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ലോകത്തെമ്പാടുമുള്ള ഓട്ടോമൊബൈല്‍ കമ്പനികള്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനുള്ള മത്സരത്തിലാണ്. ദിനംപ്രതി ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ വിപണിക്ക് അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്.
ഈ സാഹചര്യത്തിലാണ് റോയല്‍ എന്‍ഫീല്‍ഡും ഇലക്ട്രിക് ബൈക്കുകളുടെ വിപണിയിലേക്ക് ഇറങ്ങുന്നത്. അതേസമയം, ഹീറോ മോട്ടോകോര്‍പ്പ്, ഒല ഇലക്ട്രിക് എന്നിവരാണ് വിപണിയിലെ കമ്പനിയുടെ മുഖ്യ എതിരാളികള്‍.
റോയല്‍ എന്‍ഫീല്‍ഡ് റൈഡിംഗിന്റെ കാര്യത്തിൽ ഉപയോക്താക്കൾക്കിടയിൽ പേരുകേട്ട ബ്രാൻഡാണ്. ഇവി വിഭാഗത്തില്‍ പല മോഡലുകള്‍ അവതരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് -കമ്പനിയുടെ സിഇഒ ബി ഗോവിന്ദരാജന്‍ പറഞ്ഞു. നേരത്തെ, ഇലക്ട്രിക് ബൈക്കുകള്‍ പുറത്തിറക്കാന്‍ കമ്പനി ഒരുങ്ങുന്നതായി റോയല്‍ എന്‍ഫീല്‍ഡ് എംഡി സിദ്ധാര്‍ത്ഥ് ലാലും പറഞ്ഞിരുന്നു.
അതേസമയം, തങ്ങളുടെ പ്രീമിയം വിഭാഗത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കാന്‍ കമ്പനി നിലവില്‍ പദ്ധതിയിട്ടിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഇലട്രിക്ക് ഹൈ എന്റ് ബൈക്കുകളുടെ റേഞ്ച് ,ഡ്യൂറബിലിറ്റി, പെര്‍ഫോമന്‍സ്, വില എന്നിവ മെച്ചപ്പെടുത്തുന്ന സാങ്കേതിക വിദ്യ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി. അതിനാല്‍ 2025 ഓടു കൂടി കമ്പനി ഇലക്ട്രിക് ബൈക്കുകളുടെ വിപണിയിലേക്ക് പ്രവേശിക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡും അതിന്റെ മാതൃ കമ്പനിയായ ഐഷര്‍ മോട്ടോഴ്സും ചാമ്പ്യന്‍ ഒഇഎം (Champion OEM category) വിഭാഗത്തിന് കീഴില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ കമ്പനി ഇലക്ട്രിക് ബൈക്കുകള്‍ക്കായി 2,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് വിവരം.
അതേസമയം,ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വിപുലീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ പുത്തന്‍ മോഡലായ ഹണ്ടര്‍ 350 ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.
J1C1 എന്ന കോഡ് നാമത്തിലുള്ള വണ്ടി റോയല്‍ എന്‍ഫീല്‍ഡിന്റെ J പ്ലാറ്റ്ഫോമിനെ (j platform) അടിസ്ഥാനമാക്കിയുള്ളതാണ്. കമ്പനിയുടെ മറ്റ് വാഹനങ്ങളായ ക്ലാസിക് 350, മെറ്റിയോര്‍ എന്നിവയും ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ബൈക്ക്വാലെ റിപ്പോര്‍ട്ടിൽ പറയുന്നു.
കമ്പനിയുടെ റെട്രോ-സ്റ്റൈല്‍ ഡിസൈന്‍ ഉപയോഗിച്ചുള്ള ഒരു സാധാരണ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ് ഹണ്ടര്‍ 350. റോയല്‍ എന്‍ഫീല്‍ഡിന്റെ സാധാരണ റൗണ്ട് ഹെഡ്‌ലാമ്പ്, ടെയില്‍ ലാമ്പ്, ടേണ്‍ സിഗ്നലുകള്‍, മിററുകള്‍ എന്നിവയും ഹണ്ടര്‍ 350ന്റെ മറ്റ് ശ്രദ്ധേയമായ ഘടകങ്ങളാണ്. മോട്ടോര്‍സൈക്കിള്‍ വാങ്ങുന്നവര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ട്രിപ്പര്‍ നാവിഗേഷന്‍ സിസ്റ്റം ഉള്‍പ്പെടെ നിരവധി ആക്സസറികളും ലഭിക്കും.
What's Your Reaction?