കർണാടകയിൽ കണ്ണുനട്ട് ദേശീയരാഷ്ട്രീയം; കോൺഗ്രസിനും ബിജെപിക്കും നിർണായകം
ബെംഗളൂരു ∙ കൊണ്ടും കൊടുത്തും രാഷ്ട്രീയ കക്ഷികൾ നിറഞ്ഞുകളിച്ച കന്നഡ രാഷ്ട്രീയ ചിത്രത്തിന്റെ ക്ലൈമാക്സിൽ കർണാടക ജനത വിധിയെഴുത്തു തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും എഐസിസി നേതാക്കളും രംഗത്തിറങ്ങി കൊഴുപ്പിച്ച രാഷ്ട്രീയ മാമാങ്കങ്ങൾക്കാണ് ഇന്ന്
ബെംഗളൂരു :രാഷ്ട്രീയ കക്ഷികൾ നിറഞ്ഞുകളിച്ച കന്നഡ രാഷ്ട്രീയ ചിത്രത്തിന്റെ ക്ലൈമാക്സിൽ കർണാടക ജനത വിധിയെഴുത്തു തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും എഐസിസി നേതാക്കളും രംഗത്തിറങ്ങി കൊഴുപ്പിച്ച രാഷ്ട്രീയ മാമാങ്കങ്ങൾക്കാണ് ഇന്ന് പോളിങ് ബൂത്തുകളിൽ വിധിയെഴുതുന്നത്.
ആകെ 2641 സ്ഥാനാർഥികൾ. കോൺഗ്രസ് 220, ബിജെപി 222, ദൾ 200 എന്നിങ്ങനെ പ്രമുഖ രാഷ്ട്രീയ കക്ഷികൾ ജനങ്ങൾക്കു മുന്നിൽ കന്നഡനാടിനെ അടുത്ത അഞ്ചു വർഷം സേവിക്കാൻ അവസരം തേടുന്നു. 2013 നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 70.23 ശതമാനമായിരുന്നു.
ജനതാദളിന്റെ രാമകൃഷ്ണ ഹെഗ്ഡെയ്ക്കു ശേഷം (1985) സംസ്ഥാനത്ത് ഒരു കക്ഷിയും അധികാരം നിലനിർത്തിയിട്ടില്ല. ഈ കീഴ്‍വഴക്കം, ഇക്കുറി മുഖ്യമന്ത്രി സിദ്ധരാമയ്യ തിരുത്തുമോ എന്നതാണ് പ്രധാന ചർച്ച. ചരിത്രത്തെ അനുസരിക്കാനല്ല, ഇക്കുറി തിരുത്തി കുറിക്കാനാണ് തനിക്കു നിയോഗമെന്ന് സിദ്ധരാമയ്യ ഇന്നലെ ട്വിറ്ററിൽ കുറിച്ചു. 1978ൽ ദേവരാജ് അർസിനു ശേഷം അഞ്ചു വർഷത്തെ കാലാവധി തികയ്ക്കുന്ന മുഖ്യമന്ത്രി എന്ന ഖ്യാതി സിദ്ധരാമയ്യ ഇതിനകം സ്വന്തമാക്കി.
അതേസമയം, ദക്ഷിണേന്ത്യയിലേക്കുള്ള കവാടം കർണാടകയാണെന്ന വിശ്വാസം ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ പ്രചാരണ വേദികളിൽ പങ്കിട്ടിരുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ അധികാരത്തിലേറുമെന്ന ആത്മവിശ്വാസം മോദിയും അമിത്ഷായും പങ്കിട്ടു മടങ്ങി. 2008-13 കാലഘട്ടത്തിലെ ബിജെപി ഭരണകാലത്ത് യെഡിയൂരപ്പ ഉൾപ്പെടെ മൂന്നു മുഖ്യമന്ത്രിമാരാണ് മാറി മാറി അധികാര കസേരയിലിരുന്നത്.
150 സീറ്റാണ് തുടക്കത്തിൽ ബിജെപി ലക്ഷ്യമിട്ടതെങ്കിലും, പ്രചാരണം കൊടിയിറങ്ങിയപ്പോൾ 130 സീറ്റു ലഭിക്കുമെന്നായിരുന്നു അമിത്ഷായുടെ അവകാശവാദം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടക ജനത പക്ഷ, ബിഎസ്ആർ കോൺഗ്രസ് എന്നിങ്ങനെ ബിജെപിയിൽ നിന്നു വിഘടിച്ചു നിന്ന യെഡിയൂരപ്പയും ബി.ശ്രീരാമുലുവുമാണ് ഇക്കുറി പാർട്ടിയുടെ പടനായകർ.
അതിജീവനത്തിന്റെ പേരാട്ടമായാണ് ജനതാദൾ –എസ് സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി.കുമാരസ്വാമി തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്. പതിറ്റാണ്ടിനുശേഷം അധികാരത്തിൽ തിരിച്ചേറുമെന്ന് പാർട്ടി പ്രത്യാശിക്കുന്നു. കോൺഗ്രസിനും ബിജെപിക്കും ദളിനും പുറമെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി-18), ആംആദ്മി പാർട്ടി (28), സിപിഎം (19), സിപിഐ (2) തുടങ്ങി ഒട്ടേറെ ചെറുകക്ഷികളും 1106 സ്വതന്ത്രരും ഇക്കുറി അങ്കത്തട്ടിലുണ്ട്.
ഇക്കുറി ജനവിധി തേടുന്നത് കർണാടകയുടെ നാലു മുൻ മുഖ്യമന്ത്രിമാർ.
സിദ്ധരാമയ്യ (ചാമുണ്ഡേശ്വരി, ബാദാമി), ബി.എസ്.യെഡിയൂരപ്പ (ശിക്കാരിപുര), എച്ച്.ഡി.കുമാരസ്വാമി (ചന്നപട്ടണ, രാമനഗര), ജഗദീഷ് ഷെട്ടർ (ഹുബ്ബള്ളി).
ജയനഗറിലും രാജരാജേശ്വരി നഗറിലും തിരഞ്ഞെടുപ്പു മാറ്റിവച്ചു. ജയനഗറിൽ ബിജെപി സ്ഥാനാർഥി ബി.എൻ.വിജയകുമാറിന്റെ മരണവും രാജരാജേശ്വരി നഗറിൽ പതിനായിരത്തോളം വോട്ടർ തിരിച്ചറിയൽ കാർഡുകൾ പിടിച്ചതും ജനവിധി മാറ്റിവയ്ക്കാനിടയാക്കി.
What's Your Reaction?