കോടതി മൂൻകൂർ ജാമ്യം നിഷേധിച്ച പിപി ദിവ്യ കീഴടങ്ങി; അറസ്റ്റ് ചെയ്‌തെന്ന് പൊലീസ്
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യ പൊലീസിനുമുന്നിൽ കീഴടങ്ങി. ദിവ്യ കസ്റ്റഡിയിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇപ്പോൾ ദിവ്യയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കീഴടങ്ങാനെത്തിയപ്പോൾ കണ്ണപുരത്ത് വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
തലശ്ശേരി ജില്ലാ സെഷൻ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ദിവ്യ കീഴടങ്ങിയത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പി പി ദിവ്യ ഇന്നലെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് ദിവ്യ ചികിത്സ തേടിയത്.
അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയതോടെയാണ് ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയെങ്കിലും ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ അന്വേഷണസംഘം ഫലപ്രദമായ നടപടി എടുക്കാത്തത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
സെഷന്‍സ് കോടതി വിധിക്കെതിരേ ദിവ്യ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പാര്‍ട്ടിയും ശക്തമായ പ്രതിരോധത്തിലായിരുന്നു. പാർട്ടി ജില്ലാ കമ്മിറ്റി അംഗമായ ദിവ്യക്കെതിരെ പാർട്ടി നടപടിയുമുണ്ടാകും.
What's Your Reaction?