പറമ്പിക്കുളം ഡാമിലെ ഷട്ടർ താനേ തുറന്ന സംഭവം: ജനങ്ങൾക്ക് ജാഗ്രതാനിർദേശം; ജനങ്ങളെ മാറ്റിപ്പാർപ്പിക്കും

സാങ്കേതിക തകരാറിനെ തുടർന്ന് പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്ന സാഹചര്യത്തില്‍ ജലനിരപ്പ് തുറന്ന ഷട്ടറിന് താഴെയെത്താന്‍ മൂന്ന് ദിവസമെങ്കിലും എടുത്തേക്കും. ബുധനാഴ്ച പുലര്‍ച്ചെ 1.45 ഓടെയാണ് മൂന്നുഷട്ടറുകളിലൊന്ന് തനിയെ തുറന്നത്.

Sep 22, 2022 - 01:49
 0
പറമ്പിക്കുളം ഡാമിലെ ഷട്ടർ താനേ തുറന്ന സംഭവം: ജനങ്ങൾക്ക് ജാഗ്രതാനിർദേശം; ജനങ്ങളെ മാറ്റിപ്പാർപ്പിക്കും

സാങ്കേതിക തകരാറിനെ തുടർന്ന് പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്ന സാഹചര്യത്തില്‍ ജലനിരപ്പ് തുറന്ന ഷട്ടറിന് താഴെയെത്താന്‍ മൂന്ന് ദിവസമെങ്കിലും എടുത്തേക്കും. ബുധനാഴ്ച പുലര്‍ച്ചെ 1.45 ഓടെയാണ് മൂന്നുഷട്ടറുകളിലൊന്ന് തനിയെ തുറന്നത്. സെക്കന്‍ഡില്‍ 15,000 മുതല്‍ 20,000 വരെ ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഷട്ടര്‍ ഘടിപ്പിച്ചിരുന്ന കോണ്‍ക്രീറ്റ് പില്ലര്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് ഷട്ടര്‍ തുറന്നതെന്നാണ് വിവരം.

ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റര്‍വീതം തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നുണ്ടായിരുന്നു. അതിനിടയ്ക്കാണ് നടുവിലത്തെ ഷട്ടര്‍ തുറന്നുപോയത്. 25 അടി നീളമുള്ള ഷട്ടറാണ് പൂര്‍ണമായും പൊങ്ങിയത്. സാധാരണ 10 സെന്റീമീറ്റര്‍മാത്രം തുറക്കാറുള്ള ഷട്ടറാണ് ഇത്രയും ഉയരത്തില്‍ തുറന്നത്. അപ്രതീക്ഷിതമായി വെള്ളം ഒഴുകുന്നത് ഭീഷണിയാണ്. അഞ്ചുമണിക്കൂര്‍കൊണ്ട് വെള്ളം ജനവാസമേഖലകളിലേക്ക് എത്തുമെന്നാണ് സൂചന.

അപ്രതീക്ഷിതയെത്തുന്ന വെള്ളം ആദ്യം പെരിങ്ങല്‍ക്കുത്ത് ഡാമിലും തുടര്‍ന്ന് ചാലക്കുടിപ്പുഴയിലേക്കുമെത്തും. നിശ്ചിത അളവില്‍ക്കൂടുതല്‍ വെള്ളമെത്തുന്നത് ഡാമിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്. ചാലക്കുടിപ്പുഴയില്‍ വന്‍തോതില്‍ വെള്ളമുയര്‍ന്നാല്‍ അപകടങ്ങള്‍ക്ക് കാരണമാകും. സാങ്കേതികപ്പിഴവ് പരിഹരിക്കാനായില്ലെങ്കില്‍ പറമ്പിക്കുളം ഡാമിലെ വെള്ളം മുഴുവന്‍ ഒഴുകിത്തീരും. തമിഴ്നാട് അടക്കമുള്ള പ്രദേശങ്ങളിലേക്ക് വെള്ളം പറമ്പിക്കുളത്തുനിന്നാണ് നല്‍കുന്നത്. കാലപ്പഴക്കം മൂലം ഷട്ടറിന്റെ നിയന്ത്രണസംവിധാനങ്ങള്‍ക്ക് കേടുപാടുകളുണ്ടെന്നും പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതായും അധികൃതര്‍ അറിയിച്ചു.

പറമ്പിക്കുളം റിസര്‍വോയറിന്റെ ഒരു ഷട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ രണ്ടു മണി മുതല്‍ 20,000 ക്യുസെക്‌സ് വെള്ളം പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി പെരിങ്ങല്‍ക്കുത്തിന്റെ നാല് ഷട്ടറുകള്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഘട്ടം ഘട്ടമായി തുറന്ന് ചാലക്കുടി പുഴയിലേക്ക് 600 ക്യുമെക്‌സ് വെള്ളം തുറന്നുവിടുന്നതിനാല്‍ ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്ന് 4.5 മീറ്റര്‍ വരെ.

പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെങ്കിലും പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു. അതേസമയം, മീന്‍പിടിക്കാനോ കുളിക്കാനോ മറ്റോ പുഴയില്‍ ഇറങ്ങരുത്. ജലത്തിന്റെ ഒഴുക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ (ഡിഇഒസി) നിരീക്ഷിച്ചുവരികയാണ്. ചാലക്കുടി പുഴയിലെ ജലനിരപ്പ് വളരെ താഴ്ന്ന് നില്‍ക്കുന്ന സാഹചര്യമായതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മഴ ഇല്ലാത്ത സാഹചര്യത്തില്‍ എല്ലാ പുഴകളിലെയും ജലനിരപ്പ് താഴ്ന്ന നിലയിലാണ്.



വെള്ളത്തിന്റെ അമിതപ്രവാഹത്തിനെ തുടർന്ന് പറമ്പിക്കുളം ആദിവാസി മേഖലയിൽ നിന്നുള്ളവരെ മാറ്റിപാർപ്പിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പറമ്പിക്കുളം മേഖലയിലെ രണ്ട് കോളനിയിലുളളവരെ മാറ്റിപാർപ്പിച്ചു. അഞ്ചാം കോളനിയിലെ 18 കുടുംബങ്ങളെയാണ് ഇതിനോടകം മാറ്റി പാർപ്പിച്ചത്. കുരിയാർകുറ്റി താഴെ കോളനിയിലുള്ളവരെയും മാറ്റി. പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാലാണ് മാറ്റി പാർപ്പിച്ചത്

What's Your Reaction?

like

dislike

love

funny

angry

sad

wow