ജമ്മുവില്‍ ജനങ്ങള്‍ക്ക് പേടിയില്ലാതെ ജീവിക്കണം; നിരപരാധികളെ ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ല; ഭീകര ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള
ജനങ്ങള്‍ക്ക് പേടിയില്ലാതെ ജീവിക്കാന്‍ ജമ്മു കശ്മീരില്‍ സാധ്യമായ സുരക്ഷാ സംവിധാനങ്ങളെല്ലാം ഒരുക്കണമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ജമ്മു കശ്മീരില്‍ ഉയര്‍ന്നുവരുന്ന ആക്രമണങ്ങള്‍ തടയാന്‍ കൂടുതല്‍ സുരക്ഷ അത്യാശ്യമാണ്.എന്നാല്‍ മാത്രമെ ജനങ്ങള്‍ക്ക് പേടിയില്ലാതെ ജീവിക്കാനാകുവെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കശ്മീര്‍ താഴ്വരയില്‍ ആക്രമണങ്ങളും വെടിവെയ്പ്പും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ശ്രീനഗറിലെ സണ്‍ഡേ മാര്‍ക്കറ്റിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണം ആഴത്തില്‍ അസ്വസ്ഥതപ്പെടുത്തിയെന്നും നിരപരാധികളായ സാധാരണക്കാരെ ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചു.
ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷന്‍ സെന്ററിന് സമീപമുള്ള സണ്‍ഡേ മാര്‍ക്കറ്റിലാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ മഹാരാജ ഹരി സിങ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 8 പുരുഷന്‍മാര്‍ക്കും 2 സ്ത്രീകള്‍ക്കുമാണ് പരിക്കേറ്റത്. പൊലീസും അര്‍ധ സൈനിക വിഭാഗവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
ഭീകരാക്രമണ സാധ്യതയാണ് സംശയിക്കുന്നത്. സി.ആര്‍.പി.എഫുകാരെ ലക്ഷ്യമിട്ട് സമീപത്തെ ൈഫ്‌ലഓവറില്‍ നിന്നാണ് ഗ്രനേഡ് എറിഞ്ഞത്. ലക്ഷ്യം തെറ്റി മാര്‍ക്കറ്റില്‍ പതിക്കുകയായിരുന്നു. ലശ്കറെ ത്വയ്യിബയുടെ പാകിസ്താന്‍കാരനായ മുതിര്‍ന്ന കമാന്‍ഡറെ സുരക്ഷാസേന വധിച്ചതിന് പിന്നാലെയാണ് ആക്രമണം. ഞായറാഴ്ചയായതിനാല്‍ വന്‍ തിരക്കുണ്ടായിരുന്ന പ്രദേശത്ത് സുരക്ഷാ സേനയും ഉണ്ടായിരുന്നു. സുരക്ഷാസേനയെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്നതാണ് പ്രാഥമിക നിഗമനം.
What's Your Reaction?