അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

Dec 23, 2024 - 11:04
 0
അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ വസതിയ്ക്ക് നേരെ ആക്രമണം. ഹൈദരാബാദിലെ താരത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഒരു കൂട്ടം ആളുകള്‍ വീടിന് നാശനഷ്ടങ്ങളുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ വീട്ടിലേക്ക് കടന്നുകയറി ആക്രമണം അഴിച്ചുവിട്ട എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പുഷ്പ 2ന്റെ റിലീസിനോട് അനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഒരു കൂട്ടം ആളുകള്‍ താരത്തിന്റെ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയത്. ഒസ്മാനിയ യൂണിവേഴ്സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണമുണ്ട്.

വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. കല്ലുകളും തക്കാളിയുമൊക്കെ വലിച്ചെറിഞ്ഞുവെന്നും ജനല്‍ തകര്‍ത്തുവെന്നും പരാതിയുണ്ട്. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് യുവതി മരിച്ചത്.

സംഭവ ദിവസം അല്ലു അര്‍ജുനും തീയറ്റേറിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. യുവതിയുടെ മകന് ഗുരുതരമായി പരിക്കേറ്റു. കുട്ടി നിലവില്‍ കോമയില്‍ ചികിത്സയിലാണ്. സന്ധ്യ തിയേറ്ററിലെ ജീവനക്കാരും കേസിലെ പ്രതികളാണ്. ഇതിന് പിന്നാലെ അറസ്റ്റിലായ അല്ലു അര്‍ജുന് കോടതി പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow