ജെറ്റ് എയർവേയ്സ് സർവീസ് ഉടൻ തുടങ്ങില്ല ?; തിരിച്ചടി
സർവീസ് പുനഃരാരംഭിക്കാനുള്ള ജെറ്റ് എയർവേയ്സിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. കോടതി അംഗീകരിച്ച പദ്ധതി നടപ്പാക്കുന്നതിൽ തടസം നേരിട്ടതോടെയാണ് ജെറ്റ് എയർവേയ്സിന്റെ മടങ്ങിവരവും അനിശ്ചിതത്വത്തിലായത്. പഴയ ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്ക് വിമാന കമ്പനിയുടെ പുതിയ ഉടമകൾ കൂടുതൽ പണം നീക്കിവെക്കണമെന്ന നിർദേശമാണ് തർക്കത്തിന് കാരണമെന്ന് ബ്ലുംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകൾ ജെറ്റ് എയർവേയ്സിന്റെ പുതിയ ഉടമകളോട് 2.5 ബില്യൺ രൂപ കൂടി പെൻഷൻ ഫണ്ടിലേക്ക് നീക്കിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാൻ പുതിയ ഉടമകൾ തയാറാകാതിരുന്നതോടെയാണ് തർക്കം ഉടലെടുത്തത്. തർക്കം ഇനി കോടതിയിൽ തീർക്കമെന്നാണ് ഉടമകളുടെ നിലപാടെന്നാണ് സൂചന.
അതേസമയം, വാർത്തകളോട് പ്രതികരിക്കാൻ ജെറ്റ് എയർവേയ്സ് ഉടമകളോ എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള കൺസോട്യമോ തയാറായിട്ടില്ല. നേരത്തെ വിമാനങ്ങൾ വാങ്ങുന്നതിനായി പദ്ധതികൾ ജെറ്റ് എയർവേയ്സ് പ്രഖ്യാപിച്ചിരുന്നു.
What's Your Reaction?