മഴ പെരുക്കുമ്പോൾ നെഞ്ചിടിപ്പായി മുല്ലപ്പെരിയാർ

ലാവോസിൽ നിർമാണത്തിലിരുന്ന അണക്കെട്ടു തകർന്ന് നൂറു കണക്കിന് ആളുകൾ ഒലിച്ചുപോയെന്ന വാർത്ത കേരളത്തിലും ആശങ്കയുടെ കരിനിഴൽ വീഴ്ത്തുന്നു. 132 വർഷത്തോളം പഴക്കമുള്ള മുല്ലപ്പെരിയാർ

Jul 26, 2018 - 03:08
 0
മഴ പെരുക്കുമ്പോൾ നെഞ്ചിടിപ്പായി മുല്ലപ്പെരിയാർ

ലാവോസിൽ നിർമാണത്തിലിരുന്ന അണക്കെട്ടു തകർന്ന് നൂറു കണക്കിന് ആളുകൾ ഒലിച്ചുപോയെന്ന വാർത്ത കേരളത്തിലും ആശങ്കയുടെ കരിനിഴൽ വീഴ്ത്തുന്നു. 132 വർഷത്തോളം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച സംശയങ്ങളാണ് ഈ മഴക്കാലത്ത് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 136 അടിയോട് അടുക്കുകയാണ്. 142 അടി വരെ വെള്ളം സംഭരിക്കുന്നതിന് തമിഴ്നാടിനെ അനുവദിച്ച് സുപ്രീംകോടതി 2014 ൽ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉയരം കൂട്ടാൻ അനുവദിച്ചുള്ള 2006 ലെ ഉത്തരവിനെ മറികടക്കാൻ കേരള ഇറിഗേഷൻ വാട്ടർ കൺസർവേഷൻ ആക്ട് പാസാക്കിയ കേരളത്തിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നു വിലയിരുത്തിയ കോടതി 142 അടിയാക്കി ഉയർത്തിയ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.

ഇതിന്റെ ബലത്തിലാണ് തമിഴ്നാട് ഈ മഴ അനുകൂല വർഷത്തിൽ 142 അടിവരെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം ഈ സമയത്ത് ജലനിരപ്പ് 111 അടി മാത്രമായിരുന്നു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കേരളത്തിന്റെ ഉത്തരവാദിത്തമാണെന്ന നിലപാടാണ് ഇപ്പോൾ അയൽ സംസ്ഥാനത്തിന്റേത്. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് 136 അടിയോട് അടുക്കുന്നതിനു മുന്നോടിയായി സെൻട്രൽ വാട്ടർ കമ്മിഷനിലെ എക്സിക്യൂട്ടീവ് എൻജിനീയർ വി.രാജേഷിന്റെ നേതൃത്വത്തിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം കഴി‍ഞ്ഞ ദിവസം തേക്കടിയിൽ ചേർന്നിരുന്നു. തമിഴ്നാട് കൂസലില്ലാതെ തങ്ങളുടെ നിലപാട് വെളിപ്പെടുത്തിയത് ആ യോഗത്തിലാണ്. 

ഇതിനെ തുടർന്ന് തമിഴ്നാട് വെള്ളം എടുക്കുന്ന തോതും കുറച്ചു. സെക്കൻഡിൽ 2300 ക്യുബിക് അടി എടുത്തിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ടായിരം മാത്രം. ഡാമിൽ പെട്ടെന്നു ജലനിരപ്പ് ഉയർന്നാൽ ഏതൊക്കെ ഷട്ടറുകളാണു തുറക്കേണ്ടതെന്നതു സംബന്ധിച്ച ഓപ്പറേറ്റിങ് മാനുവൽ (പ്രവർത്തന രേഖ) കാണണമെന്ന കേരള സംഘത്തിന്റെ ആവശ്യവും തമിഴ്നാട് നിരാകരിച്ചു.2011 ജൂലൈയ്ക്കും നവംബറിനും ഇടയിൽ മുല്ലപ്പെരിയാറിനു ചുറ്റുമായി ഇടുക്കി മലനിരകളിൽ റിക്ടർ സ്കെയിലിൽ 3.8 രേഖപ്പെടുത്തിയ 26 ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി ഗവേഷകനായ ജോൺ മത്തായി വ്യക്തമാക്കിയിരുന്നു. ഭ്രംശരേഖകൾ സജീവമായതിനാൽ ഇവിടെ വലിയ ഭൂചനലത്തിനുള്ള സാധ്യതയുണ്ട്. റിക്ടർ സ്കെയിലിൽ ആറു രേഖപപ്പെടുത്തുന്ന തീവ്രമായ ഒരു ചലനം ഉണ്ടായാൽ മുല്ലപ്പെരിയാറിനു കേടുപാടു സംഭവിക്കാനുള്ള സാധ്യത ഏറെയാണ്; ഡാമിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്ന സമയത്ത് പ്രത്യേകിച്ചും.

എന്തെങ്കിലും സംഭവിച്ചാൽ താഴെ താമസിക്കുന്ന ജനങ്ങൾക്ക് ഉയരമുള്ള സ്ഥലത്തേക്ക് ഓടിക്കയറി രക്ഷപ്പെടാൻ 10–15 മിനിറ്റു വരെ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. 50 കിലോമീറ്റർ താഴോട്ട് പെരിയാറ്റിലൂടെ വെള്ളം ഒഴുകും. കെകെ റോഡിലെ വണ്ടിപ്പെരിയാർ പാലത്തെ മുട്ടി 36 അടിവരെ ജലനിരപ്പ് ഉയരാമെന്നാണ് ഏകദേശ കണക്ക്. ഇടുക്കി ഡാം ശേഷിയുടെ 81.15 ശതമാനം നിറഞ്ഞു കിടക്കുന്നു എന്നതാണ് ഈ വർഷത്തെ മഴക്കാലത്തിന്റെ പ്രത്യേകത. സാധാരണ തുലാമഴയിൽ നിറയാറുള്ള ഇടുക്കി ഈ സ്ഥിതിയിൽ മുന്നോട്ടുപോയാൽ ഏതാനും ആഴ്ചകൾക്കകം ഒരു പക്ഷേ തുറക്കേണ്ട സ്ഥിതി സംജാതമായേക്കാം. മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാൽ ആ വെള്ളം പെരിയാറ്റിലൂടെ ഒഴുകി ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്തേക്കാണ് വരുന്നത്. ഇങ്ങനെ വന്നാൽ ഇടുക്കി കവിഞ്ഞൊഴുകും. മുകളിലൂടെ വെള്ളം ഒഴുകിയാൽ ഡാം വെള്ളത്തിലിട്ട കല്ലുപോലെയാകും. ഇത് ഡാമിന്റെ ബലം ക്ഷയിപ്പിക്കും. (ഒരു വലിയ കല്ലിനെ മുഴുവനായും വെള്ളത്തിൽ മുക്കിയാൽ അതിന്റെ ഭാരം കുറയുമെന്ന തത്വം ഓർക്കുക).

ഇങ്ങനെയൊരു സാഹചര്യത്തെപ്പറ്റി മുൻപു വിദഗ്ധർ പറയാറുണ്ടായിരുന്നെങ്കിലും ജനങ്ങളുടെ സ്വസ്ഥത കെടുത്തുന്ന പ്രചരണങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന നിർദേശത്തെ തുടർന്ന് ആരും ചർച്ച ചെയ്യുന്നില്ല. മുല്ലപ്പെരിയാർ ജലം തമിഴ്നാട് ആവശ്യത്തിന് എടുത്തുകൊള്ളട്ടെ എന്ന ശാന്തമായ നിലപാടിലാണ് കേരള സർക്കാർ. ഡാം ബ്രേക്ക് അനലൈസിസാണ് ഇത്തരം സാഹചര്യങ്ങളിൽ വേണ്ടത്. അണക്കെട്ട് പൊട്ടിയാൽ വെള്ളം എവിടെയെല്ലാം എത്തുമെന്ന് പറയണമെങ്കിൽ അതിന് പുതിയ മാതൃകകൾ (മാതമാറ്റിക്കൽ മോഡൽ, സൂപ്പർ കംപ്യൂട്ടർ) ഒക്കെ വേണ്ടിവരും.

മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാൽ വെള്ളത്തിന്റെ കുറച്ചുഭാഗം പമ്പാനദിയിലേക്കും ഒഴുകിയെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എങ്കിലും പലതവണ അറ്റകുറ്റപ്പണി നടത്തി ഉറപ്പിച്ച ഡാമാണെന്നും ഒന്നും സംഭവിക്കില്ലെന്നും ഉറപ്പു നൽകിയിരിക്കുന്നത് ഉന്നത നീതിപീഠമാണ്. തൽക്കാലം ആ ഉറപ്പു വിശ്വസിച്ച് മുന്നോട്ടു നീങ്ങാം

What's Your Reaction?

like

dislike

love

funny

angry

sad

wow