മുഖ്യമന്ത്രി 14 സർവകലാശാലകളുടെയും ചാൻസലറാകണമെന്ന് മന്ത്രിമാർ; യോജിക്കാതെ പിണറായി

സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ പദവി ഗവർണർക്ക് പകരം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ ആവശ്യപ്പെട്ടു

Nov 10, 2022 - 23:43
 0
മുഖ്യമന്ത്രി 14 സർവകലാശാലകളുടെയും ചാൻസലറാകണമെന്ന് മന്ത്രിമാർ; യോജിക്കാതെ പിണറായി

സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ പദവി ഗവർണർക്ക് പകരം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ ആവശ്യപ്പെട്ടു. എന്നാൽ ഈ നിർദേശം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചില്ല. ഓരോ വകുപ്പിനും കീഴിൽ വരുന്ന സർവകലാശാലകളിൽ അതതു വകുപ്പുകളുടെ മന്ത്രിമാരാണ് ഇപ്പോൾ പ്രോ ചാൻസലർ. ഗവർണർക്ക് കീഴിൽ ആകുമ്പോൾ ഇതു പ്രശ്നമല്ല. മറ്റൊരാൾ ചാൻസലർ ആയി വരുമ്പോൾ മന്ത്രിമാർ ആ വ്യക്തിക്കു കീഴിലാകും. ഇതു പ്രോട്ടോക്കോൾ പ്രശ്നം സൃഷ്ടിക്കുമെന്നു മന്ത്രിമാർ ചൂണ്ടിക്കാട്ടി,

എന്നാൽ, ഇക്കാര്യത്തിൽ ഓർഡിനൻസിന് പകരമുള്ള ബിൽ വരുമ്പോൾ വ്യക്തത വരുത്താമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഓരോ വകുപ്പിനും കീഴിലുള്ള സർവകലാശാലകളിൽ ആ വകുപ്പിന്റെ മന്ത്രിമാരെ ചാൻസലർ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന നിർദേശത്തോടും മുഖ്യമന്ത്രി യോജിച്ചില്ലെന്നും മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ പദവിയിൽ നിന്നു ഗവർണറെ നീക്കാനുള്ള ഓർഡിനൻസിന് ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നൽകിയത്. ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചാലും ഇല്ലെങ്കിലും പകരമുള്ള ബിൽ ഡിസംബർ 5ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരാനും ധാരണയായി. തന്നെ ബാധിക്കുന്ന ഓർഡിനൻസിൽ താൻ തീരുമാനമെടുക്കില്ലെന്നും രാഷ്ട്രപതിക്ക് വിടുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഓർഡിനൻസ് രാഷ്ട്രപതിക്കു വിട്ടാൽ അത് അംഗീകരിക്കുകയോ തള്ളുകയോ ചെയ്യുന്നതു വരെ പകരംബിൽ നിയമസഭയിൽ കൊണ്ടുവരാൻ സാധിക്കില്ലെന്നും രാഷ്ട്രപതി ഉടൻ തീരുമാനമെടുക്കണമെന്നു നിർബന്ധവുമില്ലെന്നും ഗവർണർ പറഞ്ഞു.

ഗവർണർ പദവി വഹിക്കുന്ന ആൾ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ കൂടി ആയിരിക്കും എന്ന വകുപ്പാണ് ഓർഡിനൻസിലൂടെ നീക്കം ചെയ്യുന്നത്. ഇതിനായി എല്ലാ സർവകലാശാലാ ചട്ടങ്ങളിൽ ഭേദഗതി വരുത്തും. ഭരണഘടനാ ചുമതല നിറവേറ്റേണ്ട ഗവർണറെ സർവകലാശാലകളുടെ ചാൻസലറായി നിയമിക്കുന്നത് ഉചിതമാകില്ലെന്ന പുഞ്ചി കമ്മീഷൻ റിപ്പോർട്ടിന്റെ ശുപാർശകൾ കൂടി പരിഗണിച്ചാണ് സർക്കാർ നടപടി. പകരം അക്കാദമിക് രംഗത്തെ അതിപ്രഗത്ഭരെ, മന്ത്രിസഭയുടെ അനുമതിയോടെ ചാൻസലർ പദവിയിൽ നിയമിക്കും. ശമ്പളവും മറ്റ് പ്രത്യേക വേതന വ്യവസ്ഥകളും ഇല്ല. സർവകലാശാലയിൽ എല്ലാ അധികാരവും പ്രത്യേക ഓഫീസും അനുവദിക്കും.

 

കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം, സംസ്‌കൃതം, ശ്രീനാരായണ തുടങ്ങി സമാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തേക്ക് ഒരാളെത്തന്നെ നിയമിക്കാനാണ് ധാരണ. അതേസമയം സാങ്കേതികം, ഡിജിറ്റൽ, ആരോഗ്യം, വെറ്ററിനറി, ഫിഷറീസ്, കാർഷികം, കുസാറ്റ് തുടങ്ങിയ സർവകലാശാലകളിൽ അതതു വിഷയത്തിലെ പ്രഗത്ഭരെ കണ്ടെത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow